30 മീറ്റർ ഭൂമിക്കടിയിൽ, ആറു മീറ്റർ കോൺക്രീറ്റിലും മണലിലുമായി, ശ്വസിക്കാൻ വായുവില്ലാതെ ഹമാസിന്റെ തടവിലാക്കപ്പെട്ട 491 ദിവസങ്ങൾ തന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായമായി ഓർക്കുകയാണ് ഒഹാദ് ബെൻ ആമി. N12 ന്റെ ഫ്രൈഡേ സ്റ്റുഡിയോ ഷോയിൽ സംസാരിച്ച ഒഹാദ് ബെൻ ആമി ആ ഓർമ്മയിലേക്കു പോകുകയായിരുന്നു.
വായു കടക്കാത്ത ഭൂമിക്കടിയിൽ കിടക്കുമ്പോൾ ഓരോരുത്തരും ചിന്തിച്ചിരുന്നത്, ഇന്ന് എന്ത് ഭക്ഷണമായിരിക്കും ലഭിക്കുക എന്നായിരുന്നു. “ഞങ്ങൾക്ക് ഒരു ദിവസം രണ്ടുതവണ ഭക്ഷണം ലഭിച്ചു. എന്നാൽ അത് പരമാവധി 700 കലോറിയായിരുന്നു” – തടവിലായിരുന്ന സമയത്ത് തന്റെ വിശപ്പിനെയും രോഗത്തെയും കുറിച്ച് വിശദമായി വിവരിച്ചുകൊണ്ടു പറയുകയായിരുന്നു അദ്ദേഹം.
മറ്റ് അഞ്ച് ബന്ദികളോടൊപ്പമായിരുന്നു ആ ഇടുങ്ങിയ സ്ഥലത്ത് അദ്ദേഹം താമസിച്ചിരുന്നത്. “എപ്പോൾ എന്ത് കഴിക്കാൻ കിട്ടുമെന്ന് ഊഹിക്കാനാണ് ഞങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും ഞങ്ങൾ ചെലവഴിച്ചത്. ഓരോരുത്തർക്കും മുഴുവൻ വിശപ്പും മാറ്റാനുള്ള ഭക്ഷണം കിട്ടുമോ, അതോ പകുതിയെങ്കിലും കിട്ടുമോ, ഒരു കപ്പ് അരി കൂടി കിട്ടുമോ, ബന്ദികളാക്കുന്നവരിൽ നിന്ന് ബാക്കിയാണോ കിട്ടുന്നത് എന്നൊക്കെ നീളും ചിന്തകൾ” – ബെൻ ആമി പറഞ്ഞു. എപ്പോൾ ഭക്ഷണം ലഭിക്കും, അടുത്ത ദിവസത്തേക്ക് കരുതിവയ്ക്കാൻ കുറച്ച് ഉണ്ടാകുമോ എന്നൊന്നും തനിക്കും മറ്റ് ബന്ദികൾക്കും അറിയില്ലായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. അവർ ആറുപേർക്കും തുല്യമായി ഭക്ഷണം വീതിച്ചുനൽകുമായിരുന്നു.
ബന്ദികളാക്കപ്പെട്ടവരിൽ പടർന്നുപിടിച്ച രോഗത്തെക്കുറിച്ച് ബെൻ ആമി ഓർത്തു. “ആരെങ്കിലും രോഗിയാണെങ്കിൽ പിന്നെ എല്ലാവരും രോഗികളായി മാറും.” മരുന്നുകളുടെ അഭാവം ശ്രദ്ധിച്ച അദ്ദേഹം, ആറുപേരിലും വയറിളക്കവും വയറുവേദനയും സാധാരണമായിരുന്നെന്നും കൂട്ടിച്ചേർത്തു. “പകർച്ചവ്യാധികൾ എല്ലാവരെയും ഏറെ ക്ഷീണിപ്പിച്ചു. കാരണം ഇതിലൂടെ ശരീരത്തിലെ ദ്രാവകങ്ങൾ നഷ്ടപ്പെടുകയായിരുന്നു. കൂടാതെ, കടുത്ത പനി കാരണം ബോധം നഷ്ടപ്പെട്ട നിരവധി സംഭവങ്ങളും ഉണ്ടായിരുന്നു.”
എൻക്ലേവിൽ ആയിരുന്ന സമയത്ത് ആമിയോടൊപ്പം ബന്ദികളാക്കപ്പെട്ട മറ്റാളുകളായിരുന്നു എൽക്കാന ബോബോട്ടും യോസെഫ്-ഹൈം ഒഹാനയും. “അവർ എന്താണ് അനുഭവിച്ചതെന്ന് എനിക്ക് കൃത്യമായി അറിയാം. അവർ എനിക്ക് കുട്ടികളെപ്പോലെ ആയിരുന്നു” – അദ്ദേഹം പറഞ്ഞു. ഞാൻ പുറത്തിറങ്ങിയാലുടൻ അവരും മോചിപ്പിക്കപ്പെടുമെന്ന് ഞാൻ പറയുമായിരുന്നു; പക്ഷേ, അവർ ഇപ്പോഴും തടവിലാണ്.
തന്റെ ഭൂരിഭാഗം സമയവും തുരങ്കങ്ങളിലായിരുന്നു ഇദ്ദേഹം ചിലവഴിച്ചത്. ഓർ ലെവി, എലി ഷറാബി എന്നിവർക്കൊപ്പമാണ് അദ്ദേഹം മോചിതനായത്. “തുരങ്കത്തിലെ പ്രാണികൾ നമ്മുടെ മൂക്കിലും വായിലും ചെവിയിലും സാധ്യമായ മറ്റെല്ലായിടത്തും പ്രവേശിക്കും. തണുത്ത, ഉപ്പുവെള്ളത്തിൽ ഏതാനും ആഴ്ചകളിലൊരിക്കൽ മാത്രമേ കുളിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എല്ലാവരും മുഴുവൻ സമയവും ഒരേ സെറ്റ് വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.