കണ്ണ് നിറയുന്ന കുരിശിന്റെ വഴികള്‍ക്കിടയിലൂടെ കടന്നുപോകുന്ന വലിയ നോമ്പുകാലങ്ങളില്‍ കുളിര്‍മ്മയേകുന്ന ഒരു ഓര്‍മ്മയായിരുന്നു കൊഴുക്കട്ട. നാവില്‍ കൊതിയൂറുന്ന രുചിക്കൂട്ടുള്ള കൊഴുക്കട്ട നോമ്പുകാലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിന് എന്തെന്നില്ലാത്ത ഒരു രുചിയാണെന്നു പറഞ്ഞറിയിക്കാനാകില്ല. കൊഴുക്കട്ട വിരുന്നൊരുക്കല്‍ തൃശൂരുകാര്‍ക്ക് ഓശാനത്തലേന്നുള്ള ഒരു പെരുന്നാള്‍ തന്നെയാണ്. തൃശൂരുകാര്‍ക്കു മാത്രമല്ല, കേരളം മുഴുവനും അങ്ങനെയാണ്. ‘കൊഴുക്കട്ട പെരുന്നാള്‍’ എന്ന് പേരിട്ടു വിളിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങളില്‍ പലരും.
ഓശാനത്തലേന്നിന്റെ വിശേഷങ്ങള്‍ എന്നും സുഖമുള്ള ഒരു ഓര്‍മ്മയാണ്. വീട്ടിലെ എല്ലാവരും ഒന്നിച്ചുകൂടുന്ന, മധുരം പങ്കുവയ്ക്കപ്പെടുന്ന ഒരു സായാഹ്നമായിരുന്നു അത്. ഓശാനത്തലേന്ന്, ശനിയാഴ്ച ഉച്ചമയക്കം കഴിഞ്ഞു അപ്പൂപ്പനും അമ്മൂമ്മയും എണീറ്റ് വരുമ്പോഴേക്കും കൊഴുക്കട്ടക്കുള്ള കുഴച്ച മാവിന്റെ വലിയ പാത്രവും ശര്‍ക്കര പാനിയില്‍ വറ്റിച്ചെടുത്ത തേങ്ങാക്കൂട്ടും എല്ലാം മേശക്കു മുകളില്‍ സെറ്റാക്കി വച്ചിട്ടുണ്ടാകും. മമ്മിയാട്ടോ ഇതൊക്കെ ഉണ്ടാക്കുക. വീട്ടില്‍ സഹായിക്കാന്‍ വരുന്ന ചേച്ചിയുമുണ്ടാകും തേങ്ങാ ചുരണ്ടാന്‍ സഹായിക്കാന്‍.
കുറച്ചൊന്നുമല്ല; കുറെയധികം കൊഴുക്കട്ട ഉണ്ടാക്കും. വീട്ടിലുള്ളവര്‍ക്കും ജോലിക്കാര്‍ക്കും ചുറ്റുവട്ടമുള്ള ക്രിസ്ത്യാനിയല്ലാത്ത അയല്പക്കങ്ങള്‍ക്കും ബന്ധുക്കള്‍ക്കും… അങ്ങനെയങ്ങനെ ലിസ്റ്റ് നീണ്ടുപോകും. കൊഴുക്കട്ടക്കുള്ള കണക്കെടുപ്പ് രാവിലെ തന്നെ അമ്മൂമ്മ എടുത്തു സെറ്റ് ആക്കിയിട്ടുണ്ടാകും.
വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്നായിരുന്നു കൊഴുക്കട്ട ഉണ്ടാക്കുക. ചെറിയ ബോള്‍ രൂപത്തില്‍ കുഴച്ചെടുത്ത് അപ്പൂപ്പന് കൊടുക്കും. അപ്പൂപ്പനും പപ്പയുമായിരുന്നു കൊഴുക്കട്ടയുടെ മാസ്റ്റര്‍ ഷെഫുകള്‍. ഇന്നത്തെ കാലമാണെങ്കില്‍ എന്തിനുമേതിനും നമുക്ക് റെഡിമേഡ് അച്ചുകള്‍ ഉണ്ടല്ലോ. അക്കാലത്തൊന്നും അതില്ലായിരുന്നു. ഒത്തിരി ക്ഷമാപൂര്‍വ്വം കരുതലോടെ എവിടെയും വിള്ളല്‍ പോലും വരാത്ത തരത്തില്‍ കൊഴുക്കട്ട ചെറിയ കുഴി പോലെ മിനുക്കിയെടുത്ത് ഉള്ളില്‍ വലിയൊരു രുചിക്കൂട്ട് സ്‌നേഹപൂര്‍വ്വം ഒളിപ്പിച്ചുവയ്ക്കുമായിരുന്നു. എന്ത് ടേസ്റ്റ് ആണെന്നോ ആ തേങ്ങാ ശര്‍ക്കരക്കൂട്ടിന്.
അന്ന് ഞങ്ങളുടേത് പഴയ തറവാട് വീടായിരുന്നു. ഇന്നത്തെപ്പോലെ കുഷ്യന്‍ ഇട്ട കസേരകളോ, കറങ്ങുന്ന മേശകളോ ഒന്നുമില്ല. നാലുകാലില്‍ നില്‍ക്കുന്ന വലിയൊരു മേശ. അതിന് ഇരുവശത്തുമായി രണ്ട് വലിയ ബെഞ്ചുകള്‍. അന്ന് ഞാന്‍ നാലാം ക്ളാസില്‍ പഠിക്കുന്ന കാലം. കൊഴുക്കട്ട ഉണ്ടാക്കാന്‍ എനിക്ക് വലിയ മോഹമായിരുന്നു. ഈ വലിയ ഷെഫുമാരുണ്ടോ എനിക്കൊരു അവസരം തരുന്നു. എന്തായാലും അത്തവണ ഒരെണ്ണമെങ്കിലും ഉണ്ടാക്കണം എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.
ഞാന്‍ മേശക്കു മുകളില്‍ കയറി ഇരുപ്പായി. അവസാനം പപ്പാ പറഞ്ഞു, എന്നാല്‍ മോളൊരു കാര്യം ചെയ്യ്. തേങ്ങാ, സ്പൂണിലെടുത്ത് മാവിനുള്ളിലേക്ക് ഇട്ടുതന്നേക്ക്. അതെങ്കില്‍ അത് എന്നായി എനിക്ക്. അങ്ങനെ ഞാനും പങ്കെടുത്തു ആ നോമ്പുകാലത്തിലെ മധുരം വിളമ്പുന്ന വിരുന്നൊരുക്കാന്‍. പപ്പാ ക്ഷമാപൂര്‍വം എന്നെ മാവുരുട്ടി മിനുക്കിയെടുക്കാനും മറ്റും പഠിപ്പിച്ചുതന്നു. ഓരോ സെറ്റ് കൊഴച്ചു റെഡി ആക്കുമ്പോഴേക്കും വേവിച്ചെടുക്കാന്‍ മമ്മി തിടുക്കം കൂട്ടുന്നതു കാണാം. ഇല്ലെങ്കില്‍ വിള്ളല്‍ വന്ന് കൊഴുക്കട്ടയുടെ ലുക്ക് പോകും. മാത്രമല്ല, ശര്‍ക്കരപ്പാനി പുറത്തേക്ക് എത്തിനോക്കാനും തുടങ്ങുമത്രേ.
പെട്ടെന്നാണ് ഞാന്‍ ശ്രദ്ധിച്ചത്, ഒരു കൊഴുക്കട്ട അമ്മൂമ്മ കുറെ നേരമായി ഉണ്ടാക്കി തുടങ്ങുന്നു. ഉരുട്ടുന്നു, കുഴയ്ക്കുന്നു… മിനുക്കുപണികള്‍ തീരുന്നില്ല. ഏറ്റവും വലുതും മനോഹരവുമായ കൊഴുക്കട്ടയാണത്രെ അത്. കുടുംബത്തിലെ കാരണവര്‍ക്കുള്ളതാണ്!
കൊഴുക്കട്ടയുടെ പിന്നിലെ ചരിത്രം, ഞാന്‍ വലുതായപ്പോഴാണ് അറിയുന്നത്. ജെറുസലേമിലേക്കുള്ള യാത്രാമധ്യേ പെസഹാക്കു മുന്‍പ് ഈശോ മര്‍ത്തയുടെയും മറിയത്തിന്റെയും ഭവനത്തില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ തയ്യാറാക്കിയ ഭക്ഷണത്തിന്റെ ഓര്‍മ്മയാണ് ഇതെന്ന്! അങ്ങനെ കൊഴുക്കട്ട നിര്‍മ്മാണം ഓശാനത്തലേന്ന് ഒരു ആചാരമായി മാറി. അന്ന് ഈശോയ്ക്ക് കൊടുക്കാന്‍ കരുതലോടും വലിയ സ്‌നേഹത്തോടും കൂടി അവര്‍ തയ്യാറാക്കിയത് എക്കാലത്തെയും അനുഷ്ഠാനമെന്നോണം നിലനിന്നു വരുന്നു.
നാല്പത്തിയൊന്നാം ദിനം അനുസ്മരിക്കപ്പെടുന്ന കൊഴുക്കട്ട പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒത്തിരി ഒരുക്കത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഈശോ പങ്കുവച്ചു നല്‍കിയ സ്‌നേഹവും ത്യാഗവും ഉള്‍ക്കൊണ്ട് വലിയ നോമ്പിലൂടെ കടന്നുപോയും ഇടവകയിലെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത് ശുദ്ധീകരിക്കപ്പെട്ടും വരവേല്‍ക്കുന്ന കരുതലിന്റെ പെരുനാളായി കൊഴുക്കട്ട പെരുന്നാളിനെ വിശേഷിപ്പിച്ചാലും തെറ്റു പറയാനാകില്ല.
എല്ലാം ഉണ്ടാക്കിക്കഴിഞ്ഞതിനു ശേഷം ശുദ്ധിയായി കുളിയെല്ലാം കഴിഞ്ഞു എല്ലാവരും കൊഴുക്കട്ട കഴിക്കാന്‍ ഒന്നിച്ചുകൂടി. വലിയ, ഏറ്റവും മനോഹരമായ കൊഴുക്കട്ട അമ്മൂമ്മ അപ്പൂപ്പന് എടുത്തുകൊടുത്തു. ശേഷം എല്ലാവര്‍ക്കും അപ്പൂപ്പന്‍ കൊഴുക്കട്ട വിതരണം ചെയ്തു. വലിയൊരു സ്‌നേഹമായിരുന്നു അതിലൂടെ പങ്കുവയ്ക്കപ്പെട്ടിരുന്നത്.
ഒന്നിച്ചുളള ഒരുക്കങ്ങളും കുരിശിന്റെ വഴികളും കൊഴുക്കട്ടയുണ്ടാക്കുന്നതുമെല്ലാം ഒരു വലിയ അനുസ്മരണമാണ്. കാലഘട്ടങ്ങള്‍ കടന്നുപോകുമ്പോള്‍ ഉത്തരവാദിത്വങ്ങളും കൈമാറ്റപ്പെട്ടു വരുന്നു. എങ്കിലും അന്നത്തെ ആ കൂടിച്ചേരലുകള്‍ ഇന്നുണ്ടോ? അറിയില്ല. ഒന്നും മണ്മറഞ്ഞു പോകല്ലേ എന്ന് പ്രാര്‍ത്ഥിക്കാം. മുമ്പിലിരിക്കുന്ന എന്റെ പുതുതലമുറക്കും പകര്‍ന്നുനല്‍കാം. ഓശാനത്തലേന്നെങ്കില്‍ കൊഴുക്കട്ടയുണ്ടാക്കണം, അതൊരു ഓര്‍മ്മപ്പെടുത്തലാണ്. ഈശോയ്ക്ക് നല്‍കുവാനെന്നോണം മിനുക്കിയെടുക്കപ്പെടുന്ന എന്റെ ആത്മാവും അതിനുള്ളിലെ വെണ്മയാര്‍ന്ന നമ്മുടെ മനസും.
കൊഴുക്കട്ടകള്‍ ബാല്യത്തിലെ ഒരു കൗതുകമായിരുന്നു. ഇന്ന് അതൊരു ഉത്തരവാദിത്വമായി കാലം തിരിച്ചുനല്‍കി. പക്ഷേ, അന്നത്തെ കാരണവന്മാര്‍ ഇന്ന് കൂടെയില്ല. എങ്കിലും അവര്‍ ശീലിപ്പിച്ച ആ രീതികള്‍ എനിക്കൊപ്പമുണ്ടെന്ന ആശ്വാസം മാത്രം. പകര്‍ന്നു നല്‍കാന്‍ അവസരമൊരുക്കിത്തന്ന കാലത്തിന്റെ വരം പോലെ ഒരു പുതുതലമുറയും എനിക്ക് മുന്‍പില്‍ ഇതാ നിലകൊള്ളുന്നു.
മിനു മഞ്ഞളി