പാകിസ്ഥാനില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും അടക്കം 2,000 ത്തിലധികം സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ പൂര്‍ണമായും നശിപ്പിക്കപ്പെടുകയോ ചെയ്തു. കൂടാതെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം കുടുംബങ്ങളും പോഷകാഹാരക്കുറവും അണുബാധയും നേരിടുന്നതിനാല്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയും നിലവിലുണ്ട്.
കൂടുതല്‍ സഹായം അയയ്ക്കാന്‍ യുഎന്‍ ലോകത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. അതേസയമം അമ്മാര ഗോഹറിനെപ്പോലുള്ള ഡോക്ടര്‍മാര്‍ പ്രതിസന്ധിയുടെ മുള്‍മുനയിലാണ്. ‘ ഇപ്പോള്‍ വലിയ ബുദ്ധിമുട്ടാണ്. കോവിഡ് സമയത്ത് ഞങ്ങള്‍ രോഗികളെ പരിചരിച്ചു, പക്ഷേ ഇത് അതിനേക്കാളൊക്കെ ഭീകരമാണ്. പാരിസ്ഥിതിക അപകടങ്ങള്‍ ഉള്‍ക്കൊള്ളുന്ന രോഗികളായതിനാല്‍ ഇത് കൂടുതല്‍ കഠിനമാണ്’. ഗൈനക്കോളജിസ്റ്റായ ഡോ അമ്മാര പറയുന്നു.
വെള്ളപ്പൊക്കത്തില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായ പ്രദേശമായ ഗ്രാമീണ സിന്ധ് പ്രവിശ്യയിലെ ഒരു സ്‌കൂളാണ് ഇപ്പോള്‍ ജില്ലാ ആരോഗ്യ കേന്ദ്രമായി മാറിയിരിക്കുന്നത്. അവിടെ നിന്നാണ് ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കുന്നത്.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പൂര്‍ണമായി ഒറ്റപ്പെട്ട ആളുകളിലേക്ക് മെഡിക്കല്‍ സപ്ലൈകളുടെ പെട്ടികള്‍ അയച്ചും നല്‍കുന്നുണ്ട്. ബാന്‍ഡേജുകള്‍ മുതല്‍ മലേറിയ ഗുളികകള്‍ വരെ, ഹെപ്പറ്റൈറ്റിസ് ടെസ്റ്റ് കിറ്റുകള്‍ മുതല്‍ ഓറല്‍ റീഹൈഡ്രേഷന്‍ ലവണങ്ങള്‍ വരെ അതിലുണ്ട്.
സിന്ധ് പ്രവിശ്യയിലെ 75% ജില്ലകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. റോഡുകളും പലതും വെള്ളത്തിലാണ്. അതുകൊണ്ട് ഒറ്റപ്പെട്ട കമ്മ്യൂണിറ്റികളിലെ ആളുകള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാനുള്ള ഏക മാര്‍ഗം ബോട്ടുകളില്‍ അത് അവരുടെ അടുത്തേയ്ക്ക് എത്തിച്ചു നല്‍കുക എന്നത് മാത്രമാണ്.
വെള്ളപ്പൊക്കത്തിന് മുമ്പ് ഫലഭൂയിഷ്ഠമായ ഭൂമിയായിരുന്ന ഒരു വലിയ തടാകത്തിന്റെ തീരത്തെ വിളകളെല്ലാം വെള്ളം വിഴുങ്ങി. ഇപ്പോള്‍ കൊതുകുകള്‍ പെരുകുന്ന ഇടവും രോഗങ്ങളുടെ പ്രജനന കേന്ദ്രവുമാണവിടം. ആഴ്ചകളായി ഒറ്റപ്പെട്ടുപോയ ഗ്രാമീണരാണ് അവിടെ ഉള്ളത്. ഒലിച്ചുപോയതോ തകര്‍ന്നതോ ആയ വീടുകള്‍ക്ക് സമീപം ആളുകള്‍ ഇപ്പോള്‍ ദുര്‍ബലമായ ടെന്റുകളില്‍, തുറസ്സായ സ്ഥലത്താണ് ഉറങ്ങുന്നത്. കൂടാതെ ഓരോ ദിവസവും ഈ കമ്മ്യൂണിറ്റികളുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സെപ്റ്റംബറിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ മാത്രം 140,000-ത്തിലധികം മലേറിയ കേസുകള്‍ സിന്ധില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ദൂരെയുള്ള പ്രദേശങ്ങളിലെ നിരവധി ആളുകള്‍ക്ക് പരിശോധന നടത്താന്‍ കഴിയാത്തതിനാല്‍, യഥാര്‍ത്ഥ കണക്ക് വളരെ കൂടുതലായിരിക്കാം.
കര പ്രദേശമുള്ള ഇടങ്ങളില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ സഹായത്തോടെ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ സ്റ്റാഫിന്റെ വരവ് അറിയുമ്പോള്‍, ഗ്രാമവാസികളുടെ പ്രവാഹമാണ് ഉണ്ടാവുക. അവരില്‍ പലരും കൊച്ചുകുട്ടികളെ കൊണ്ടുവരുന്ന സ്ത്രീകളാണ്. കടുത്ത പോഷകാഹാരക്കുറവാണ് ഈ കുഞ്ഞുങ്ങള്‍ നേരിടുന്നത്. കാരണം ആവശ്യത്തിനുള്ള ഭക്ഷണവും ശുദ്ധജലവും ഇപ്പോഴും അവര്‍ക്ക് കിട്ടാക്കനിയാണ്. ടോയ്ലറ്റുകളുടെ അഭാവത്താല്‍ ഒരേ വെള്ളത്തില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നതും ആളുകള്‍ക്ക് അസുഖങ്ങള്‍ പടരാന്‍ ഇടയാക്കിയതായി യുഎന്‍ പറയുന്നു. ചര്‍മ്മ അണുബാധയും ആളുകളെ അലട്ടുന്നു.
‘ഇത് അവസാനമില്ലാത്ത ഒരു യുദ്ധം പോലെയാണ്. വെള്ളം ഇറങ്ങുന്നത് വരെ, രണ്ടോ മൂന്നോ മാസത്തോളം, ഞങ്ങള്‍ ഇനിയും ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടിയിരിക്കുന്നു’. സിന്ധ് ആരോഗ്യമന്ത്രി ഡോ അസ്ര അഫ്‌സല്‍ പെച്ചുഹോ പറഞ്ഞു.