എറണാകുളം നഗരപ്രാന്തത്തിലുള്ള ആ സ്വകാര്യ കോളജിലേക്ക് ഞാൻ കടന്നുചെല്ലുമ്പോൾ പ്രിൻസിപ്പലിന്റെ മുറിയിൽ വലിയ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. മാതാപിതാക്കളുടെയും അധ്യാപകരുടെയും ലോക്കൽ നേതാക്കളുടെവരെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഫ്രഷേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട് രണ്ടുവിഭാഗം വിദ്യാർഥികൾ തമ്മിൽ ഉടലെടുത്ത വാക്കുതർക്കം വൻസംഘർഷത്തിനു കാരണമാവുകയും ക്യാമ്പസിൽ പൊലീസിന്റെ ഇടപെടൽ അത്യാവശ്യമായിവരികയും ചെയ്തത് പോയവാരമാണ്. അതിന്റെ തുടർചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഇരുപതോളം കുട്ടികൾക്ക് പരിക്ക് പറ്റുകയും ഒൻപതു പേർക്കെതിരെ പൊലീസ് കേസ് ഉണ്ടാവുകയും ചെയ്തു എന്നത് സംഭവങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. സെക്യൂരിറ്റിയുടെയും സി. സി. ടിവി ക്യാമറകളുടെയും കണ്ണുവെട്ടിച്ച് ക്യാമ്പസനകത്ത് ലഹരിവസ്തുക്കൾ എത്തുന്നത് എങ്ങനെയെന്ന കുഴയ്ക്കുന്ന ചോദ്യമാണ് ചർച്ചകളിൽ നിഴലിച്ചത്. ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ നൽകുക എന്ന മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഉത്തരവാദിത്വത്തിനപ്പുറം ഏതാനും കുട്ടികളെ കൗൺസിലിംഗ് ചെയ്യാനുള്ള പ്രിൻസിപ്പലിന്റെ നിർദേശത്തെ അവഗണിക്കാൻ തോന്നിയില്ല.
കൗമാരത്തിന്റെ ചുറുചുറുക്കും ആവേശവും കൈമുതലാക്കിയ അവരോരോരുത്തരും വ്യത്യസ്തമായ പ്രശ്നങ്ങളുടെ നടുവിലൂടെ കടന്നുപോകുന്നവരായിരുന്നു. രണ്ടുമൂന്നു പേരോടു സംസാരിച്ചപ്പോൾത്തന്നെ ക്യാമ്പസിൽ ലഹരിയെത്തുന്ന വഴി തെളിഞ്ഞുവന്നു. ഏതാനും കിലോമീറ്റർ ദൂരെയുള്ള സർക്കാർ മദ്യവില്പനശാലയിൽനിന്നും ഒരു കുപ്പി മദ്യം വാങ്ങിക്കൊടുത്താൽ ക്യാമ്പസിനു പുറത്തുള്ള ചിലർ നൂറു രൂപ കമ്മീഷൻ തരുമത്രെ. ചിലപ്പോൾ സഹപാഠികളും തങ്ങളുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട് എന്നുപറയുമ്പോൾ അവർ ഉള്ളിൽ ചിരിക്കുകയായിരുന്നോ? ഈ വഴിക്ക് ആഴ്ചയിൽ 2000 മുതൽ 5000 രൂപവരെ സങ്കടിപ്പിക്കുന്നവരുണ്ടെന്ന അറിവ് തീർച്ചയായും ഞെട്ടിച്ചു. ‘കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കാനും മൊബൈൽ മാറ്റിവാങ്ങാനും അതാവശ്യം ചുറ്റിക്കളികൾക്കുമൊക്കെ വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ടല്ലോ മാഷെ’ എന്ന ഒരുത്തന്റെ ചോദ്യം പുതിയ തലമുറയുടെ മൂല്യബോധത്തിന്റെ നേർക്കാഴ്ചയായി എനിക്ക് തോന്നി.
ഇനി പറയാനുള്ളത് മാതാപിതാക്കളോടാണ്. ബിരുദപഠനകാലത്തൊക്കെ അല്ലറചില്ലറ പാർട്ട് ടൈം ജോലികൾ നമ്മുടെ കുട്ടികൾ ചെയ്യുന്നതിൽ തെറ്റില്ല എന്നുമാത്രമല്ല, അത് പ്രോൽസാഹിപ്പിക്കപ്പെടണമെന്ന അഭിപ്രായമാണ് എനിക്ക്. എന്നാൽ, അവർ എന്ത് പാർട്ടൈം ജോലിയാണ് ചെയ്യുന്നതെന്നും എവിടെയൊക്കെയാണ് പോകുന്നതെന്നുമൊക്കെ മനസ്സിലാകുകയും സൗഹാർദപരമായ ഇടപെടലിലൂടെ അവരെ ശരിപക്ഷത്ത് ഉറപ്പിച്ചുനിർത്താൻ ശ്രമിക്കുകയുമാണ് വേണ്ടത്. അല്ലാതെ എന്റെ മകൻ/ മകൾ തെറ്റെന്നും ചെയ്യില്ല എന്ന പതിവ് പല്ലവിയുമായിരുന്നാൽ ഭാവിയിൽ പ്രിൻസിപ്പൽ ഓഫീസിന്റെ വരാന്തയിലും പൊലീസ് സ്റ്റേഷനിലും ഒക്കെ കയറിയിറങ്ങി കഷ്ടപ്പെടേണ്ടിവരുമെന്ന് ഓർക്കുക.
ഡോ. സെമിച്ചൻ ജോസഫ്
(പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)