ലെയോ പതിനാലാമൻ മാർപാപ്പ ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയുടെ റോമിലെ ആസ്ഥാനം സന്ദർശിക്കും. ജൂൺ 22 തിങ്കളാഴ്ചയാണ് സന്ദർശനമെന്ന് വത്തിക്കാൻ കാര്യാലയം അറിയിച്ചു. ഡബ്ല്യു.എഫ്.പി. എക്സിക്യൂട്ടീവ് ഡയറക്ടറുടെ ക്ഷണം സ്വീകരിച്ചാണ് മാർപാപ്പ എത്തുന്നത്. സന്ദർശനവേളയിൽ എക്സിക്യൂട്ടീവ് ബോർഡിന്റെ വാർഷികസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ, സംഘടനയിലെ ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുമായും പാപ്പ കൂടിക്കാഴ്ച നടത്തും.
ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണി മൂലം ദുരിതമനുഭവിക്കുമ്പോൾ വൻതോതിൽ ഭക്ഷണം പാഴാക്കിക്കളയുന്നതിനെതിരെ മാർപാപ്പ കഴിഞ്ഞ മാസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ‘എല്ലാവർക്കും ഭക്ഷണം ലഭ്യമാകണം’ എന്നതായിരുന്നു മെയ് മാസത്തിൽ കത്തോലിക്കാ വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്ത പ്രത്യേക പ്രാർഥനാവിഷയം. ലോക ഭക്ഷ്യപദ്ധതിയുടെ 2026 ലെ ഗ്ലോബൽ ഔട്ട്ലുക്ക് റിപ്പോർട്ട് പ്രകാരം, ഈ വർഷം ലോകത്താകമാനം 31.8 കോടി ജനങ്ങൾ കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്നുണ്ട്.
അതേസമയം, പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾ ഈ വർഷം പകുതിയോടെ 4.5 കോടി ജനങ്ങളെക്കൂടി കടുത്ത പട്ടിണിയിലേക്ക് തള്ളിവിടുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യത്തിലാണ് മാർപാപ്പയുടെ സന്ദർശനമെന്നത് ഏറെ ശ്രദ്ധേയമാണ്. 2025 ഒക്ടോബർ 16 ന് യുഎന്നിന്റെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ ആസ്ഥാനവും ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശിച്ചിരുന്നു.

