Thursday, February 20, 2025

മൃഗാധിപത്യസ്ഥാപകരോ വനം വകുപ്പ്?

വനം, വന്യജീവികൾ, വനാനുബന്ധ പരിസ്ഥിതി എന്നിവയുടെ സംരക്ഷണം ലക്ഷ്യമാക്കി, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഇന്ത്യൻ ഫോറസ്റ്റ് ആക്ട് (1927) ഉൾപ്പെടെ ഏഴ് കേന്ദ്ര നിയമങ്ങളും എട്ട് സംസ്ഥാന നിയമങ്ങളും 16 കേന്ദ്ര ചട്ടങ്ങളും 13 സംസ്ഥാന ചട്ടങ്ങളും ഇന്ന് നിലവിലുണ്ട്. അത്തരത്തിൽ 44 നിയമ നിർമ്മാണങ്ങളും പരിഷ്കരണങ്ങളുമാണ് കേന്ദ്ര, സംസ്ഥാന തലങ്ങളിൽ 1927 മുതൽ നടന്നിട്ടുള്ളത്. ഏറ്റവും ഒടുവിൽ 1961 ലെ കേരള ഫോറസ്റ്റ് ആക്ട് കൂടുതൽ ജനദ്രോഹപരമായി പരിഷ്കരിക്കാൻ കേരള സർക്കാർ നടത്തിയ നീക്കം കടുത്ത എതിർപ്പുകളെ തുടർന്ന് പിൻവലിക്കുകയുണ്ടായി.

ഈ നിയമങ്ങളിലും ചട്ടങ്ങളിലും ഏറിയപങ്കും വനത്തിന്റെയും വന്യമൃഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ടുകൊണ്ട് നടപ്പിൽ വരുത്തിയിട്ടുള്ളവയാണ്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിയമങ്ങളും അവയിൽ പെടും. അടിസ്ഥാനപരമായി ഇവയെല്ലാം ഗുണകരവും അത്യന്താപേക്ഷിതവുമാണ്. കാരണം, പരിസ്ഥിതിയും വനവും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യരുടെയും ഈ ഭൂമിയുടെ തന്നെയും ആവശ്യമാണ്. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി മൃഗങ്ങളിൽനിന്ന് മനുഷ്യർ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ ക്രിയാത്മക ഇടപെടലുകൾ നടത്താൻ തക്കവിധമുള്ള നിയമനിർമ്മാണങ്ങളോ നിയമ പരിഷ്കരണങ്ങളോ ഇവിടെ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

കഴിഞ്ഞ ജനുവരി 23 ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട കണക്കുകൾ പ്രകാരം, 2019 – 20 കാലഘട്ടത്തിൽ വന്യമൃഗങ്ങളിൽനിന്ന് ഉണ്ടായ അക്രമ സംഭവങ്ങൾ 6341 ആയിരുന്നെങ്കിൽ, 2023 – 24 കാലഘട്ടത്തിൽ 9838 ആയി അത് ഉയർന്നു. കഴിഞ്ഞ എട്ടു വർഷങ്ങൾക്കിടെ 180 പേരുടെ ജീവനുകൾ കാട്ടാന അപഹരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം നാലുപേരുടെ ജീവനാണ് നഷ്ടമായത്. ഏറ്റവും ഒടുവിൽ സംഭവിച്ചതടക്കം കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ വയനാട്ടിൽ എട്ടു മനുഷ്യരെ കടുവ ആഹാരമാക്കി. വളർത്തു മൃഗങ്ങളെ കൊന്നു തിന്നതും കൃഷി നശിപ്പിച്ചതുമുൾപ്പെടെ വന്യമൃഗങ്ങൾ കാർഷിക മേഖലയ്ക്ക് വരുത്തിവച്ചിട്ടുള്ള ആഘാതം ആയിരക്കണക്കിന് കോടി രൂപയുടേതാണ്. അനേകായിരം കുടുംബങ്ങൾ കടുത്ത സാമ്പത്തിക ബാധ്യതയിലേയ്ക്കും അരക്ഷിതാവസ്ഥയിലേയ്ക്കും നിപതിച്ചുകഴിഞ്ഞിരിക്കുന്നു.

കുത്തനെ ഉയരുന്ന ഭീഷണികൾ

കേരളത്തിലെ കർഷക, കുടിയേറ്റ ജനതകളിൽ വലിയൊരു വിഭാഗം അതിരൂക്ഷമായ വന്യമൃഗ ഭീഷണിയിൽ തുടരുന്നു എന്നുമാത്രമല്ല, ഭീഷണി കുത്തനെ ഉയർന്നുകൊണ്ടുമിരിക്കുന്നു. ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലും സമീപ മലയോര ജില്ലകളിലും കാട്ടാനകളുടെ ആക്രമണം രൂക്ഷമായികൊണ്ടിരിക്കുന്നു. വനാതിർത്തികളിൽ മാത്രല്ല മനുഷ്യർ ഭീഷണി നേരിടുന്നത് എന്നതും ശ്രദ്ധേയമാണ്. വയനാട് ജില്ലയിൽ വനത്തിൽനിന്ന് 15 കിലോമീറ്ററോളം അകലെ പുതുശേരി എന്ന സ്ഥലത്താണ് 2023 ജനുവരിയിൽ കർഷകനെ കടുവ ആക്രമിച്ചു കൊന്നത്. ഫോറസ്റ്റിൽനിന്ന് പതിനഞ്ച് കിലോമീറ്ററിലധികലം അകലമുള്ള പ്രദേശങ്ങൾ വയനാട്ടിൽ ഏറെയില്ല എന്നുവരുമ്പോൾ വയനാട്ടിൽ എവിടെയും കടുവകളുടെ സാന്നിധ്യം പ്രതീക്ഷിക്കാം. എറണാകുളം ജില്ലയിൽ, കോതമംഗലം കുളങ്ങാട്ടുകുഴിയിൽ പശുവിനെ കൊന്നത് കടുവയെന്നു സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ ഈ ദിവസങ്ങളിൽ ഭീതിയിൽ കഴിയുകയാണ്.

വർഷങ്ങൾക്ക് മുമ്പേ വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്ന ദുരന്തമാണ് ഇപ്പോൾ കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് എന്നത് പറയാതെവയ്യ. കടുവയും ആനയും പോലുള്ള വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്ന പക്ഷം വനങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും മൃഗങ്ങൾ നാട്ടിലേയ്ക്ക് ഇറങ്ങാൻ നിർബ്ബന്ധിതരാവുകയും ചെയ്യും എന്നുള്ളത് ഒരു വസ്തുതയാണ്. വളർത്തുമൃഗങ്ങളെയോ മനുഷ്യരെയോ ഇരയാക്കാൻ സാധാരണ താത്പര്യപ്പെടാത്ത മൃഗമാണ് കടുവ. കടുവകളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വനത്തിനുള്ളിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടൽ (territorial fight) പതിവാകുന്ന സാഹചര്യം രൂപപ്പെടും. ഇത്തരം ഏറ്റുമുട്ടലുകളിൽ പരാജിതരായി കാട്ടിലെ ഇടം നഷ്ടപ്പെടുന്ന, പരിക്കുകളാൽ സ്വാഭാവികമായി ഇരതേടാൻ കഴിയാതെ വരുന്ന കടുവകൾ നാട്ടിലേക്കിറങ്ങുന്നു. ഇത്തരം സാധ്യതകൾ മുൻകൂട്ടി മനസിലാക്കി അത്തരം കടുവകളെ മാറ്റി പാർപ്പിക്കാൻ വനംവകുപ്പിന് സംവിധാനങ്ങളുണ്ടാകണം. എണ്ണപ്പെരുപ്പത്തിനൊപ്പം വനത്തിൽ ഉണ്ടാകുന്ന ഭക്ഷ്യ ജല ക്ഷാമമാണ് കാട്ടാനകൾ കാടുവിട്ടിറങ്ങാൻ കാരണമായി മാറുന്നത്. അവയ്ക്ക് വനത്തിൽ തന്നെ ആവശ്യത്തിനുള്ള സംവിധാനങ്ങൾ ഒരുക്കി നൽകാനും എണ്ണം ക്രമീകരിക്കാനും വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണം. മാത്രവുമല്ല, ഇത്തരത്തിൽ വനം വിട്ട് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്ന സംഭവങ്ങളിൽ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർ ഉത്തരവാദികളായി പരിഗണിക്കപ്പെടും വേണം.

കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം

വന്യജീവി ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിലും നിഷ്ക്രിയത തുടരുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സമീപനവും പ്രതിഷേധാത്മകമാണ്. വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിൽ വന്യജീവി സംരക്ഷണ നിയമത്തിൽ (Wildlife Protection Act of 1972) ആവശ്യമായ ഭേദഗതി വരുത്താൻ തയ്യാറാകണമെന്ന ആവശ്യം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നിരാകരിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യ മൃഗങ്ങളെപ്പോലെതന്നെ സ്വത്തിനും കൃഷിക്കും വലിയ നാശനഷ്ടങ്ങൾ വരുത്തുന്ന കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കേണ്ടതും കർഷകരുടെ കാലങ്ങളായുള്ള ആവശ്യമാണ്. വനത്തിൽനിന്ന് വളരെ അകലെയുള്ള കൃഷിയിടങ്ങളിൽപോലും വലിയ നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന, കേരളത്തിൽ സുലഭമായി കാണുന്ന നാടൻ കുരങ്ങിനെ ഷെഡ്യൂൾ ഒന്നിൽ പെടുത്തിയ നടപടി തിരുത്തണമെന്ന ആവശ്യവും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിട്ടില്ല.

വെസ്റ്റേൺ ഘട്ട് എക്കോളജി എക്സ്പെർട്ട് പാനൽ ചെയർമാൻ കൂടിയായിരുന്ന പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ പദ്മഭൂഷൺ പ്രൊഫ. മാധവ് ഗാഡ്ഗിൽ 2023 ജനുവരിയിൽ അഭിപ്രായപ്പെട്ടത്, വന്യജീവി സംരക്ഷണ നിയമം കാലഹരണപ്പെട്ടതും പൂർണ്ണമായി ഉപേക്ഷിക്കേണ്ടതുമാണെന്നാണ്. ആ നിയമം യുക്തിരഹിതവും വിഡ്ഢിത്തവും ഭരണഘടനാവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വയനാട്ടിൽ തുടരെയായുണ്ടാകുന്ന കടുവ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുവകളുടെ എണ്ണം കള്ളിങ്ങിലൂടെ നിയന്ത്രിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. കാടിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങൾ ഏതുതന്നെയെങ്കിലും അവയെ ആവശ്യമെങ്കിൽ കൊന്ന് പ്രശ്നം പരിഹരിക്കാനുള്ള പൂർണ്ണ അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്നും ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മനുഷ്യജീവന് ഭീഷണിയാകുന്ന മനുഷ്യർക്ക് വധശിക്ഷ വരെ കൊടുക്കാവുന്ന വിധത്തിൽ നിയമങ്ങളുണ്ടായിരിക്കെ മനുഷ്യജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലുന്നതിൽ എന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിച്ചു.

നിയമ ഭേദഗതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്രത്തോട് ഉന്നയിക്കുന്നതായി ചീഫ് വൈൽഡ് ലൈഫ് വാർഡനും വനം മന്ത്രിയും മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിക്കുമ്പോഴും വന്യജീവി സംരക്ഷണവും നിയന്ത്രണവും സംസ്ഥാനത്തിന്റെ വിഷയമാണെന്ന് പറഞ്ഞ് കയ്യൊഴിയുന്ന സമീപനമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി സ്വീകരിച്ചത്. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുകയും വെറുംവാക്കുകൾ പറഞ്ഞ് താൽക്കാലികമായി ജനരോഷമകറ്റുകയും ചെയ്യുമ്പോഴും വന്യമൃഗ ശല്യത്തിന്റെ തോത് ഉയർന്നുകൊണ്ടിരിക്കുക തന്നെയാണ്. ഓരോ ദിവസവും കേരളത്തിൽ പലയിടങ്ങളിലായി വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ നേരിടുന്നവരും കൊല്ലപ്പെടുന്നവരുടെയും എണ്ണം വർധിക്കുന്നു എന്ന് മാത്രമല്ല, കാടു വിട്ടിറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം ഇനിയും ഉയർന്നാൽ ആയിരക്കണക്കിന് കുടുംബങ്ങൾ എല്ലാം ഉപേക്ഷിച്ച് നാടുവിടേണ്ടതായി വന്നേക്കാം.

വന്യമാകുന്ന വനം വകുപ്പ്

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ തുടർച്ചയായി വന്യമൃഗ ആക്രമണങ്ങളും മരണങ്ങളും സംഭവിക്കുന്ന പശ്ചാത്തലത്തിൽ പ്രതിവിധികളെക്കുറിച്ചുള്ള ചർച്ചകളും വാഗ്ദാനങ്ങളും മാധ്യമങ്ങളിൽകൂടി നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്. വിവാദങ്ങൾ ഉടലെടുക്കുന്ന പശ്ചാത്തലത്തിൽ മുമ്പ് പലപ്പോഴായി ഉയരുകയും പാഴ്‌വാക്കുകളായി മാറുകയും ചെയ്ത വാഗ്ദാനങ്ങളുടെ ആവർത്തനങ്ങൾ തന്നെയാണ് അവ. എല്ലാം ഒന്ന് ആറിത്തണുക്കുമ്പോൾ വീണ്ടും പഴയ തണുപ്പൻ സമീപനത്തിലേയ്ക്ക് വനം വകുപ്പ് ഒതുങ്ങിപ്പോകാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. ഒരു സമാന്തര – സ്വതന്ത്ര ഭരണ സംവിധാനമെന്ന വിധത്തിലുള്ള വനം വകുപ്പിന്റെ നീക്കങ്ങൾക്ക് മേൽ ജനങ്ങൾക്കുവേണ്ടിയുള്ള ഡിപ്പാർട്ട്മെന്റുകൾക്കോ മന്ത്രിസഭയ്ക്ക് തന്നെയോ യാതൊരു സ്വാധീനത്തിനും സാധ്യതയില്ല എന്നുവരുന്നത് എന്തുകൊണ്ടാണ് എന്നതിനുള്ള ഉത്തരം ഇനിയും ലഭിക്കേണ്ടതുണ്ട്.

കേരള സർക്കാരിന്റെ ജനദ്രോഹപരമായ വനനിയമ പരിഷ്കരണ ബിൽ പിൻവലിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ, ആ തീരുമാനത്തിനെതിരെ കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ പ്രമേയം പാസാക്കുകയുണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പങ്കെടുത്ത പ്രസ്തുത യോഗത്തിൽ അധ്യക്ഷനായിരുന്നത് വനം മന്ത്രി ശ്രീ. എ. കെ. ശശീന്ദ്രനാണ്. ജനക്ഷേമ പരിപാടികൾ മുടക്കുക, റോഡ് വികസനം പോലുള്ള കാര്യങ്ങളിൽ അനിയന്ത്രിതമായ തടസങ്ങൾ സൃഷ്ടിക്കുക, ജുഡീഷ്യറിയെ പോലും കളങ്കപ്പെടുത്തുന്ന സ്ഥാപിത നീക്കങ്ങൾ നടത്തുക, നിരപരാധികളെ വേട്ടയാടുക എന്നിങ്ങനെ നിരവധി ആരോപണങ്ങളുടെ നടുവിലാണ് വനംവകുപ്പ് എന്നോർക്കണം. ജനങ്ങളോട് തീരെയും കൂറില്ലാത്ത, ജനങ്ങളുടെ സുരക്ഷയിൽ ആശങ്കയില്ലാത്ത സ്ഥാപിത തൽപരരായ ഒരാൾക്കൂട്ടമായി വനം വകുപ്പ് ഉദ്യോഗസ്ഥർ മാറുന്നതും വകുപ്പ് മന്ത്രിക്ക് പോലും വനംവകുപ്പിൽ സ്വാധീനമില്ലാതെ വരുന്നതും വലിയൊരു ചോദ്യചിഹ്നമാണ്. ജനങ്ങൾക്ക് ഹിതകരമല്ലാത്ത പല നീക്കങ്ങൾക്ക് പിന്നിലും നിലവിൽ സർവീസിൽ ഉള്ളവരും വിരമിച്ചവരുമായ ഉയർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായുള്ള സൂചനകളുമുണ്ട്.

നിലവിലുള്ള കരിനിയമങ്ങളുടെ പിൻബലത്തിൽ അഴിഞ്ഞാടുന്ന വനംവകുപ്പിന്റെ ഉദ്ദേശശുദ്ധി പലപ്പോഴും സംശയാസ്പദമാണ്. കഴിഞ്ഞ പത്തുവർഷങ്ങൾക്കിടെ വനംവകുപ്പ് വാങ്ങിക്കൂട്ടിയിട്ടുള്ള വാഹനങ്ങളുടെ വില 21 കോടിയിലധികം വരും. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനായി നിരത്തിലോടുന്നവയല്ല ഇതിൽ ബഹുഭൂരിപക്ഷവും. കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുപാതം താരതമ്യം ചെയ്യുമ്പോൾ മറ്റ് ഫോഴ്സുകളേക്കാൾ വളരെയേറെ ഉന്നത ഉദ്യോഗസ്ഥർ നിയമിക്കപ്പെട്ടിരിക്കുന്നതും ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ജനാധിപത്യ ഭരണസംവിധാനത്തിനുകീഴിൽ ജനങ്ങൾക്ക് സംരക്ഷണം നൽകാൻ കഴിയാത്ത ഇത്തരമൊരു വകുപ്പിന് എന്തിനാണ് ഇത്രമാത്രം സന്നാഹങ്ങൾ എന്ന ചോദ്യം നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല.

വേണ്ടത് ശാശ്വത പരിഹാരം

മൃഗ ശല്യത്തെക്കുറിച്ചു പറയുമ്പോൾ മാറ്റിനിർത്താൻകഴിയാത്ത മറ്റൊരു വിഷയംകൂടിയുണ്ട്, തെരുവു നായ്ക്കളുടെ ശല്യം. കേരളത്തിൽ തെരുവ് നായ് ശല്യം അതിരൂക്ഷമായിട്ട് വർഷങ്ങൾ ഏറെയായി. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ കേരളത്തിൽ തെരുവ് നായ്ക്കളാൽ ആക്രമിക്കപ്പെട്ട മനുഷ്യരുടെ എണ്ണം 13 ലക്ഷമാണെന്നാണ് കണക്കുകൾ. നൂറോളംപേർ ഇക്കാലയളവിൽ പേവിഷബാധയേറ്റ് മരിച്ചു. ദിവസം ശരാശരി 710 പേർ തെരുവ് നായ്ക്കളാൽ ആക്രമിക്കപ്പെടുന്ന കേരളം പേവിഷ ബാധയ്‌ക്കെതിരായ വാക്സിന്റെ സുസ്ഥിര മാർക്കറ്റ് കൂടിയാണ്. കാര്യങ്ങൾ ഇപ്രകാരമാണെങ്കിലും നിയമ സംവിധാനങ്ങളും ‘ബൗദ്ധിക’ സമൂഹവും ഇപ്പോഴും മനുഷ്യരുടെ പക്ഷത്തില്ല! ഈ നിശബ്ദതയ്ക്കു പിന്നിൽ മറ്റെന്തെങ്കിലും സ്ഥാപിത താൽപ്പര്യങ്ങളുണ്ടോ എന്നും സംശയിക്കാവുന്നതാണ്.

മനുഷ്യ ജീവനും സ്വത്തിനും അർഹിക്കുന്ന പരിഗണന നൽകാൻ കഴിയാത്ത ഭരണകൂടത്തെ ജനകീയമെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. അത്തരം നിലപാടുകളിൽ തുടരുന്ന, മനുഷ്യന്റെ അതിജീവന പ്രശ്നങ്ങൾക്ക് മുന്നിൽ കണ്ണടയ്ക്കുന്ന ഭരണസംവിധാനത്തെ ജനാധിപത്യമെന്നും വിളിക്കാനാവില്ല. വനവും പരിസ്ഥിതിയും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം, എന്നാൽ പ്രഥമ പരിഗണന മനുഷ്യജീവനായിരിക്കണം. അത്തരം പരിഗണനകൾ അതർഹിക്കുന്നവർക്ക് ലഭിക്കണമെങ്കിൽ അതിനുള്ള നിയമനിർമ്മാണങ്ങളാണ് ആവശ്യം. അതിരപ്പിള്ളി വനമേഖലയിൽ കഴിഞ്ഞയിടയ്ക്ക് പരിക്ക് പറ്റിയതായി കണ്ടെത്തിയ കാട്ടാനകളെ ചികിൽസിക്കാനും വയനാട്ടിൽ ചത്തനിലയിൽ കണ്ടെത്തിയ മൂന്ന് കടുവകളുടെ മരണകാരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഇറങ്ങിത്തിരിക്കാനും വനം മന്ത്രി ശ്രീ. എ. കെ. ശശീന്ദ്രരനും ഉദ്യോഗസ്ഥ വൃന്ദവും പ്രകടിപ്പിക്കുന്ന ആവേശത്തിന്റെ ഒരംശം പോലും വന്യമൃഗങ്ങൾ ദിനംപ്രതി കൊന്നുതള്ളുന്ന മനുഷ്യജീവനെക്കുറിച്ച് ചിന്തിക്കാനോ, അതിന് കാരണമാകുന്ന വീഴ്ചകളെക്കുറിച്ച് പഠിച്ച് നടപടികൾ സ്വീകരിക്കാനോ പ്രകടിപ്പിക്കുന്നതായി കാണാറില്ല. വന്യമൃഗങ്ങളെ ഏതുവിധേനയും സംരക്ഷിക്കുക എന്ന ഒരു ലക്ഷ്യത്തിനപ്പുറം മറ്റൊന്നുമില്ലാത്ത മൃഗാധിപത്യ സംവിധാനമായി വനംവകുപ്പ് മാറിക്കഴിഞ്ഞിരിക്കുന്നു എന്നുവേണം കരുതാൻ.

മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിൽ 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുക ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. വന്യമൃഗങ്ങൾ വനം വിട്ടിറങ്ങുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തവും ചുമതലകളും നിശ്ചയിച്ചുകൊണ്ടും വീഴ്ചകളുണ്ടായാൽ നടപടികൾ ഉണ്ടാകുന്ന വിധത്തിലും 1961 ലെ കേരള വനനിയമം പരിഷ്കരിക്കപ്പെടുകയും വേണം. ഒപ്പം, വനം വിട്ടിറങ്ങുന്ന മൃഗങ്ങളിൽനിന്നും തെരുവുനായ്ക്കൾ പോലുള്ള മറ്റു ജീവികളിൽനിന്നും മനുഷ്യന് സംരക്ഷണവും നിയമ പരിരക്ഷയും നൽകാൻ ആവശ്യമായ സത്വര നടപടികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം.

ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
രക്ഷാധികാരി, ഇൻഫാം; വൈസ് ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News