Wednesday, April 2, 2025

പക്ഷികളിലെ ‘മൈക്കൽ ഫെൽപ്സ്’ എന്നറിയപ്പെടുന്ന പഫിൻ പക്ഷികൾ

കൂടുതൽ അടുത്തറിയുന്തോറും നമ്മെ വളരെയധികം അദ്ഭുതപ്പെടുത്തുന്ന ഒരുപാട് പക്ഷികളുണ്ട്. വായു, കര, കടൽ എന്നിവയുടെ അതിരുകളെ അനായാസം മറികടക്കാൻ കഴിവുള്ള പക്ഷികളെക്കുറിച്ചു മനസ്സിലാക്കുമ്പോൾ ആശ്ചര്യം ആകാശത്തോളം ഉയരും. എന്നാൽ ഒരു ഫാന്റസി നോവലിലെ വിചിത്ര കഥാപാത്രമായി പലപ്പോഴും തെറ്റിധരിക്കപ്പെടുന്ന ഒരു ജീവിയുണ്ട്. ആളുകൾക്ക് പലപ്പോഴും അതിനെ ഫ്ലട്ടർ ഫിഷ് എന്നാണോ പക്ഷി എന്നാണോ വിളിക്കേണ്ടത് എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. അതിന്റെ പേരാണ് പഫിൻ പക്ഷി. കറുപ്പും വെളുപ്പും നിറത്തിലുള്ള തൂവലുകളും കാലുകളിലും കൊക്കിലും ഓറഞ്ച് നിറത്തിലുള്ള ഒരു തുള്ളിയും; ഇതാണ് ഈ പക്ഷിയുടെ പ്രത്യേക ആകർഷണം. ഏറെ ആകർഷിണീയമായ ഈ ബാഹ്യരൂപത്തിനൊപ്പം പക്ഷിലോകത്തിനുതന്നെ സമാനതകളില്ലാത്ത ഒരു കായികതാരത്തെപ്പോലെയാണ് പഫിനുകൾ.

ലോകോത്തര നീന്തൽതാരമായ മൈക്കൽ ഫെൽപ്സിന്റെ കൃത്യതയോടെ സമുദ്രത്തിലൂടെ തെന്നിനീങ്ങാൻ കഴിവുള്ളതിനാൽ പക്ഷികളിലെ മൈക്കൽ ഫെൽപ്സ് എന്നും ഇവയെ വിളിക്കാറുണ്ട്. കടലിന്റെ തത്ത എന്നും അറിയപ്പെടുന്ന ഇവ ഓക്ക് കുടുംബത്തിൽപെടുന്നു. ഐസ്‌ലാൻഡ്, നോർവേ, കാനഡ, സ്കോട്ട്‌ലൻഡ് എന്നിവയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെയുള്ള വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ തണുത്തതും പാറക്കെട്ടുകൾ നിറഞ്ഞതുമായ തീരപ്രദേശങ്ങളിൽനിന്നുള്ളതാണ് ഇവ. വാസ്തവത്തിൽ, ലോകത്തിലെ പഫിന്റെ പകുതിയിലധികവും ഐസ്‌ലാൻഡിലാണ്. ഇതോടെ ഇവിടം പഫിൻ പ്രേമികളുടെ പ്രധാന ഇടമായി മാറി. പഫിനുകൾ സാധാരണയായി ഈ പാറക്കെട്ടുകളുടെ അരികുകളിലാണ് കൂടുകൂട്ടുന്നത്. അവിടെ അവ മുട്ടയിടാൻ മാളങ്ങൾ കുഴിക്കുന്നു.

പറക്കാൻ മാത്രമല്ല നീന്താനും മിടുക്കർ

പഫിനുകളുടെ ചിറകുകൾക്ക് പറക്കാൻ മാത്രമല്ല, വെള്ളത്തിനടിയിലൂടെ ഫ്ലിപ്പർ ചെയ്യാനും സാധിക്കുന്നു. മത്സ്യങ്ങളെ ഭക്ഷണങ്ങളാക്കാൻ അവയെ തേടി കടലിലൂടെ സഞ്ചരിക്കാനാണ് പലപ്പോഴും വെള്ളത്തിൽ അവ ഇതുപോലെ പറന്നുനീന്തുന്നത്. മീനുകളാണ് അവയുടെ പ്രധാന ഭക്ഷണം. പറക്കുമ്പോൾ മണിക്കൂറിൽ 55 മൈൽ വരെ വേഗത കൈവരിക്കുന്ന ഇവയ്ക്ക്, വെള്ളത്തിനടിയിലും ഇതേ വഴക്കമുണ്ട്. കാരണം മിനിറ്റിൽ ഏകദേശം 400 സ്പന്ദനങ്ങൾ എന്ന ഭീമാകാരമായ വേഗതയിൽ അവ ചിറകുകൾ അടിക്കുന്നു. ഇടതൂർന്നതും വെള്ളം കയറാത്തതുമായ തൂവലുകളാണ് ഇവയ്ക്കുള്ളത്.

ചില മികച്ച സവിശേഷതകൾ

ഒരേ സമയം ഒന്നിലധികം മത്സ്യങ്ങളെ കൊക്കിൽ വഹിക്കുന്ന സവിശേഷമായ സ്വഭാവത്താലാണ് ഇവയ്ക്ക് കടലിന്റെ തത്ത എന്ന പേര് വീണത്. അവയുടെ മുള്ളുള്ള നാക്കുകളും കൊക്കുകളിലെ ചാലുകളും ഒരേസമയം ഒരു ഡസൻ മത്സ്യങ്ങളെവരെ പിടിക്കാൻ കഴിയുന്നതാണ്.

നീന്തുകയും പറക്കുകയും ചെയ്യുന്നതിനപ്പുറം രസകരമായ ഒരു ജീവിതവുമാണ് ഇവ നയിക്കുന്നത്. ഒരേ ഇണയുടെ അടുത്തേക്കു മടങ്ങുകയും എല്ലാ പ്രജനന സീസണിലും ഇവ മാളങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അവിടെ കൃത്യതയോടെ മുട്ടയിടുകയും മാതാപിതാക്കളുടെ കടമകൾ രണ്ട് ഇണകളും പങ്കിടുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News