Saturday, May 17, 2025

ഒരിക്കലും മായാത്ത പർപ്പിൾ നിറത്തിനായി ‘പർപുര’ ഒച്ചിലേക്കുള്ള യാത്ര

മെക്സിക്കോയിലെ മിക്സ്ടെക് വിഭാ​ഗത്തിലുള്ള ആളുകളാണ്, 1500 വർഷങ്ങളായി തുടർന്നുപോരുന്ന ‘പർപുര’ ഒച്ചിൽനിന്ന് മഷി വേർതിരിച്ചെടുക്കുന്ന പരമ്പരാഗത തൊഴിലിൽ തുടരുന്നത്. തദ്ദേശീയ മെക്സിക്കൻ മിക്സ്ടെക് വിഭാ​ഗത്തിൽപെട്ടവരാണ് ഈ രീതിയിൽ പാറയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ചുകളുടെ കുടുംബത്തിൽപെട്ട ‘പ്ലിക്കോപുർപുര കൊളമ്മെലാരിസ്’ എന്ന അപൂർവയിനം ഒച്ചിൽനിന്ന് ഡൈ മഷി വേർതിരിച്ചെടുത്ത അവസാനത്തെ ആളുകൾ. വസ്ത്രങ്ങൾക്കായി നൂൽചായം പൂശുന്നതിന് ഇന്നും പ്രയോഗിക്കുന്ന ഏറ്റവും പഴയ രീതികളിൽ ഒന്നാണ് ഇതെന്ന് അവർ പറയുന്നു.

സൂര്യൻ അസ്തമിക്കുമ്പോൾ മുതലാണ് ഒച്ചുകളെ തിരയുന്ന അവരുടെ ജോലി ആരംഭിക്കുന്നത്. മഷി വേർതിരിച്ചെടുക്കുന്ന പ്രക്രിയയെ ‘പാൽ കറക്കാൻ പുറപ്പെട്ടു’ എന്നാണ് അവർ വിശേഷിപ്പിക്കുന്നത്. വേലിയേറ്റങ്ങളെ ആശ്രയിച്ചിരിക്കും അവരുടെ ജോലി. “തിരമാലകൾ പാറകളിൽ തട്ടുന്ന മേഖലയിലാണ് അവ ജീവിക്കുന്നത്. അതിനാൽ താഴ്ന്ന വേലിയേറ്റ സമയത്തു മാത്രമേ അവർക്ക് ഒച്ചുകളെ ലഭിക്കൂ. ഒച്ചുകൾ പാറകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിള്ളലുകൾ തേടി പുരുഷന്മാർ പാറകളിൽനിന്നു പാറകളിലേക്കു കയറുന്നു. ഇതിനായി പ്രത്യേകതരം ഒച്ചുകളെയാണ് അവർ ശേഖരിക്കുന്നത്. പലപ്പോഴും പായലുകൾകൊണ്ടു മൂടപ്പെട്ടതും വളരെ വഴുക്കലുള്ളതുമായിരിക്കും ഇവിടം. തെറ്റായ ഒരു ചുവടുവയ്പ്പ് അവരുടെ ജീവൻതന്നെ നഷ്ടപ്പെടുത്തും. ഇത്തരത്തിൽ പലപ്പോഴും തിരമാലകളിൽപെട്ട് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അനേകം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

പാറക്കെട്ടുകളിൽനിന്നും കഷ്ടപ്പെട്ട് ഒച്ചിനെ പിടിച്ചതിനുശേഷം, അവയിൽനിന്നും മഷി എടുക്കുകയാണ് അടുത്തത്. ഒച്ചിൽനിന്നുള്ള വെളുത്ത ദ്രാവകം നൂലുകളിൽ തേയ്ക്കുന്നു. തുടർന്ന് വായുവും സൂര്യപ്രകാശവും ഏൽക്കുന്ന നിരവധി ഘട്ടങ്ങളിലൂടെ അവ നിറം മാറുന്നു. ഒടുവിൽ അവയ്ക്ക് സമ്പന്നമായ പർപ്പിൾ നിറം ലഭിക്കും. ഇത് ടൈറിയൻ പർപ്പിൾ എന്ന് അറിയപ്പെടുന്നു. പുരാതനകാലത്ത് വളരെയധികം വിലപ്പെട്ട ഒന്നായിരുന്നു ഇത്. എന്നാൽ ഈ ഇനം ഒച്ചുകളും അവയുടെ സമ്പന്നമായ പാരമ്പര്യവും താമസിയാതെ എന്നെന്നേക്കുമായി നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് മിക്സ്ടെക് വിഭാ​ഗക്കാർ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News