Wednesday, January 22, 2025

അഞ്ച് മാർപാപ്പമാരുമായി കൂടിക്കാഴ്ച നടത്തിയ എലിസബത്ത് രാജ്ഞി

70 വർഷങ്ങൾ ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി വിട വാങ്ങി. 1952 ഫെബ്രുവരി ആറിനാണ് ബ്രിട്ടന്റെ രാജ്ഞിയായി എലിസബത്ത് രാജ്ഞി അധികാരമേല്‍ക്കുന്നത്. പിതാവിന്റെ അകാലവിയോഗത്തെ തുടര്‍ന്ന് രാജ്ഞിപദത്തിലെത്തുമ്പോൾ എലിസബത്തിന് പ്രായം വെറും 26 വയസ്. 96-മത്തെ വയസിൽ അന്തരിച്ച ബ്രിട്ടണിന്റെ രാജ്ഞിയുടെ വിയോഗത്തിൽ പല ലോക-രാഷ്ട്രനേതാക്കളും അനുശോചനം രേഖപ്പെടുത്തി. ഏപ്രിലിൽ 96 വയസ് തികഞ്ഞ എലിസബത്ത് രാജ്ഞി, തന്റെ ജീവിതകാലത്ത് അഞ്ചോളം മാർപാപ്പമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
1. 2014-ൽ ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ച
2014 ഏപ്രിലിൽ വത്തിക്കാനിൽ വച്ച് എലിസബത്ത് രാജ്ഞി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഈ സന്ദർശനത്തിൽ വിവിധ പലഹാരങ്ങൾ നിറച്ച ഒരു ഭക്ഷണക്കൊട്ടയും  രാജ്ഞി മാർപാപ്പക്കു സമ്മാനമായി നൽകി. ബ്രിട്ടണും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിന്റെ നൂറാം വാർഷികത്തിലായിരുന്നു ഈ കൂടിക്കാഴ്ച.
2. 2010-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പായുമായി നടത്തിയ കൂടിക്കാഴ്ച
2010 സെപ്റ്റംബറിൽ ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ നാലു ദിവസത്തെ ബ്രിട്ടൺ സന്ദർശനത്തിനിടെ സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ വച്ച് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. ലോകജനതയുടെ ക്ഷേമത്തിനും സമൂഹത്തിലെ ക്രിസ്ത്യൻ മൂല്യങ്ങളുടെ പങ്കിനുമുള്ള നിരവധി ആശങ്കകൾ ഇവർ തമ്മിൽ പങ്കുവച്ചു. വളരെ സൗഹാർദ്ദപരമായ ഒരു കൂടിക്കാഴ്ചയായിരുന്നു ഇതെന്ന് ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.
3. 1980, 1982, 2000 വർഷങ്ങളിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ച
1980 ഒക്‌ടോബർ 13-ന്, എലിസബത്ത് രാജ്ഞി വത്തിക്കാനിലേക്കു നടത്തിയ ഔദ്യോഗിക സന്ദർശനത്തിൽ  ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി തന്റെ ആദ്യകൂടിക്കാഴ്ച നടത്തി. ഭർത്താവ് ഫിലിപ്പ് രാജകുമാരനോടൊപ്പമായിരുന്നു ഈ സന്ദർശനം. 1982 മെയ് മാസത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, രാജ്ഞിയെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ സന്ദർശിച്ചു. ഏകദേശം 20 വർഷങ്ങൾക്കു ശേഷം, 2000 ഒക്ടോബർ 17-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചക്കായി രാജ്ഞി വത്തിക്കാനിലെത്തിയിരുന്നു.
4. 1961-ൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ച
എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും 1961 മെയ് അഞ്ചിന് അപ്പസ്‌തോലിക് കൊട്ടാരത്തിൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇത്രമാത്രം ലാളിത്യത്തോടും മാന്യതയോടും കൂടി ഇത്രയും വലിയ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നതിന് രാജ്ഞിയോട് മാർപാപ്പ തന്റെ വ്യക്തിപരമായ ആദരവ് ഈ അവസരത്തിൽ പ്രകടിപ്പിക്കുകയുണ്ടായി.
5. 1951-ൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ച
1951-ൽ എലിസബത്ത് രാജ്ഞി അധികാരമേൽക്കുന്നതിന് ഒരു വർഷം മുമ്പ്, പയസ് പന്ത്രണ്ടാമൻ മാർപാപ്പയുമായി റോമിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

Latest News