Thursday, April 3, 2025

ലോക ചെസ്സ് ചാമ്പ്യന്‍ കാള്‍സണെ അട്ടിമറിച്ച് ഇന്ത്യന്‍ കൗമാരതാരം പ്രജ്ഞാനന്ദ

ലോക ചെസ് ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ മാഗ്‌നസ് കാള്‍സണെ ഇന്ത്യയുടെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ പരാജയപ്പെടുത്തി. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലായിരുന്നു പ്രജ്ഞാനന്ദയുടെ ജയം. കറുത്ത കരുക്കളുമായി കളിച്ച ഇന്ത്യന്‍ താരം 39 നീക്കങ്ങള്‍ക്കൊടുവിലാണ് നോര്‍വീജിയന്‍ താരമായ കാള്‍സണെ കീഴടക്കിയത്. തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ നേടിയെത്തിയ കാള്‍സണെ പ്രജ്ഞാനന്ദ അട്ടിമറിക്കുകയായിരുന്നു. മുന്‍പ് ഒരു തവണ കാള്‍സണെ സമനിലയില്‍ തളയ്ക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

എട്ട് റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് പോയിന്റുമായി 12-ാം സ്ഥാനത്താണ് പ്രജ്ഞാനന്ദ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കാള്‍സനോട് തോറ്റ റഷ്യയുടെ ഇയാന്‍ നെപോംനിയാച്ചിയാണ് 19 പോയിന്റുമായി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഡിംഗ് ലിറനും ഹാന്‍സണുമാണ് രണ്ടാം സ്ഥാനത്ത്. ഇരുവര്‍ക്കും 15 പോയിന്റ് വീതമാണുള്ളത്. 16 താരങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ആകെ 15 മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ ഒരു താരത്തിന് ലഭിക്കുക.

കാള്‍സണെ തോല്‍പ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് പ്രജ്ഞാനന്ദ. പതിനാറ് വയസാണ് താരത്തിന്റെ പ്രായം. ചെന്നൈ സ്വദേശികളായ രമേശ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രജ്ഞാനന്ദ 2005 ഓഗസ്റ്റ് 10 നാണ് ജനിച്ചത്. സഹോദരി വൈശാലി രമേശ്ബാബുവാണ് പ്രജ്ഞാനന്ദയുടെ വഴികാട്ടി. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയുള്ള വൈശാലിയുടെ ചതുരംഗക്കളത്തിലെ നീക്കങ്ങള്‍ കുട്ടിക്കാലം തൊട്ട് കണ്ടുവളര്‍ന്ന പ്രജ്ഞാനന്ദയും വൈകാതെ ചതുരംഗക്കളത്തില്‍ നിലയുറപ്പിച്ചു. വെറും ഏഴ് വയസുള്ളപ്പോള്‍ ലോകചെസ് കിരീടം നേടി ലോകത്തെ ഞെട്ടിച്ചു.

സ്വന്തം പരിശീലകനെ പലവട്ടം തോല്‍പ്പിച്ചാണ് പ്രജ്ഞാനന്ദ തന്റെ അസാമാന്യ കഴിവ് ആദ്യം തെളിയിച്ചത്. 2013 ല്‍ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി. ഇതോടെ ഫിഡെ മാസ്റ്റര്‍ പദവിയും സ്വന്തമാക്കി. പിന്നീട് പല നേട്ടങ്ങളും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ തുടരെത്തുടരെ പ്രജ്ഞാനന്ദ കൈവരിച്ചു.

Latest News