Thursday, November 21, 2024

ഒക്ടോബർ 31: റിഫോർമേഷൻ ദിനം (Reformation Day)

പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ (Reformation) ഓർമദിനമായി പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങൾ മതപരമായി ആചരിക്കുന്ന ദിനമാണ് റിഫോർമേഷൻ ദിനം. എല്ലാ വർഷവും ഒക്ടോബർ 31 നാണ് പ്രൊട്ടസ്റ്റന്റ് സഭകൾ ഈ ദിനം ആഘോഷിക്കുന്നത്. പല പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങൾക്കും പ്രത്യേകിച്ച് ലൂഥറൻ സഭാവിഭാഗങ്ങൾക്ക് ക്രിസ്തുമസും ഈസ്റ്ററും കഴിഞ്ഞാൽ വളരെ പ്രധാനപ്പെട്ട ദിനമാണ് റിഫോർമേഷൻ ദിനം. 2024 പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ 507-ാം വാർഷികദിനമാണ്.

പ്രൊട്ടസ്റ്റന്റ് നവീകരണത്തിലെ ആദ്യത്തെ സിസ്റ്റമാറ്റിക് ദൈവശാസ്ത്രജ്ഞനായി അറിയപ്പെടുന്ന ഫിലിപ്പ് മെലാഞ്ചത്തോണിന്റെ അഭിപ്രായത്തിൽ, ഹോളി റോമൻ സാമ്രാജ്യത്തിലെ വിറ്റൻബെർഗിലെ സകല വിശുദ്ധന്മാരുടെയും ദൈവാലയത്തിന്റെ  മുഖ്യകവാടത്തിൽ മാർട്ടിൻ ലൂഥർ ’95 വാദങ്ങൾ’ (95 Theses) പതിപ്പിച്ചത് 1517 ഒക്ടോബർ 31 നാണ്. ലൂഥറൻ കാൽവിനിസ്റ്റ് സഭകൾക്ക് വളരെ പ്രധാനപ്പെട്ട ദിനമാണ് ഒക്ടോബർ 31 ലെ നവീകരണദിനം. റോമൻ കത്തോലിക്കാ സഭാപ്രതിനിധികളും സഭൈക്യത്തിന്റെ കാഴ്ചപ്പാടിൽ ഈ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. ജർമനിയിലെ 9 സംസ്ഥാനങ്ങളിലും (ബ്രാൻഡൻബർഗ്, മെക്ലെൻബർഗ്-വോർപോമ്മർ, സാക്സോണി, സാക്സോണി-അൻഹാൾട്ട്, തുരിംഗിയ, ഷ്‌ലെസ്വിഗ്-ഹോൾസ്റ്റീൻ, ഹാംബർഗ്, ലോവർ സാക്സോണി, ബ്രെമെൻ) സ്ലോവേനിയ, ചിലി എന്നീ രാജ്യങ്ങളിലും ഇന്നേദിനം പൊതു അവധിദിനമാണ്. സ്വിറ്റ്സർലണ്ട്, ആസ്ട്രിയ എന്നീ രാജ്യങ്ങളിൽ പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ ഭൂരിപക്ഷമുള്ള മേഖലകളിൽ ഒക്ടോബർ 31 അവധി ദിനമാണ്.

ചരിത്രപശ്ചാത്തലം 

1516-17 ൽ റോമിലെ വി. പത്രോസിന്റെ ബസിലിക്ക പുതുക്കിപ്പണിയാനുള്ള ധനസമാഹാരണത്തിനായി പേപ്പൽ പ്രതിനിധിയും ഡൊമിനിക്കൻ സന്യാസിയും ദണ്ഡവിമോചന പ്രസംഗകനുമായ ജൊഹാൻ ടെറ്റ്സലിനെ (Johann Tetzel) മാർപാപ്പ ജർമനിയിലേക്ക് അയച്ചു. മാർട്ടിൻ ലൂഥർ ദണ്ഡവിമോചനത്തെ ധനസമ്പാദന മാർഗമായി കാണുന്നതിനെ ശക്തമായി വിമർശിച്ചു. 1517 ഒക്ടോബർ 31 ന് ലൂഥർ, ദണ്ഡവിമോചന വിപണനത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, മൈൻസ് മാഗ്ഡേബുർഗ് മെത്രാപ്പോലീത്താ (Archbishop of Mainz and Magdeburg) ആൽബർട്ടിനു കത്തെഴുതി. കത്തിനോടൊപ്പം അദ്ദേഹം, ‘ദണ്ഡവിമോചനങ്ങളുടെ ശക്തിയെയും ഫലസിദ്ധിയെയുംകുറിച്ച് മാർട്ടിൻ ലൂഥറുടെ തർക്കം’ (Disputation of Martin Luther on the Power and Efficacy of Indulgences) എന്നതും വച്ചിരുന്നു. ഇതുതന്നെയാണ് പിന്നീട് ’95 വാദങ്ങൾ’ (95 Theses) എന്നപേരിൽ പ്രസിദ്ധമായത്. കത്തോലിക്ക സഭാനേതൃത്വവുമായുള്ള ഒരു ഏറ്റുമുട്ടലായിരുന്നില്ല ലൂഥറിന്റെ ഉദ്ദേശ്യം, മറിച്ച് സഭയിൽ നിലനിന്നിരുന്ന ഒരു തെറ്റായ കീഴ്വഴക്കത്തെക്കുറിച്ചുള്ള ഒരു പ്രതിഷേധമായിരുന്നു. ഇത് പിന്നീട് പ്രൊട്ടസ്റ്റന്റ് നവോത്ഥാനത്തിന് അടിത്തറ പാകി.

നവീകരണത്തിന്റെ മുദ്രാവാക്യം VDMA

ദൈവവചനത്തിന്റെ ശാശ്വതമായ ശക്തിയും അധികാരകതയും വെളിപ്പെടുത്തുന്നതാണ് റിഫോർമേഷൻ ഡേയുടെ മുദ്രാവാക്യം. (Verbum Domini Manet in Aeternum (The Word of the Lord Endures Forever – കർത്താവിന്റെ വചനം എന്നേക്കും നിലനിൽക്കുന്നു) എന്നതാണ് നവീകരണത്തിന്റെ ആപ്തവാക്യം.

“എന്തെന്നാല്‍, മനുഷ്യരെല്ലാം പുല്‍ക്കൊടിക്കു തുല്യരാണ്‌; അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുല്‍ക്കൊടികള്‍ വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു. എന്നാല്‍, കര്‍ത്താവിന്റെ വചനം നിത്യം നിലനില്‍ക്കുന്നു”
1 പത്രോസ് 1: 24-25 എന്നീ വചനങ്ങളെ ആസ്പദമാക്കിയാണ് ഈ മുദ്രാവാക്യം രൂപപ്പെട്ടത്.

1521 ജനുവരി മൂന്നിന് ‘ദേച്ചെത്ത് റൊമാനും പൊന്തിഫിച്ചെം’ എന്ന തിരുവെഴുത്തുവഴി ലെയോ പത്താമൻ മാർപാപ്പ ലൂഥറിനെ സഭയിൽനിന്നു പുറത്താക്കി. 1521 ഏപ്രിൽ 16 ന് വേംസ് എന്ന സ്ഥലത്തു കൂടിയ സമ്മേളത്തിൽ ലൂഥർ വിശദീകരണം നൽകാൻ നിർബന്ധിതനായി. ചാൾസ് അഞ്ചാമൻ ചക്രവർത്തി ലൂഥറിനെ ചോദ്യം ചെയ്യുകയും കുറ്റവാളിയായി വിധിക്കുകയും ചെയ്തു. എന്നാൽ, ജർമനിയിലെ പല പ്രഭുക്കന്മാരും ലൂഥറിനെ അംഗീകരിക്കുന്നവരായിരുന്നു. അത്തരത്തിൽ ലൂഥറിനെ സഹായിച്ചിരുന്ന വ്യക്തിയായിരുന്നു സാക്സണിലെ പ്രഭുവായിരുന്ന ഫ്രെഡറിക് ദി വൈസ്.

1522 ൽ ഫ്രെഡറിക് കോടതിയിലാണ് ഇത് ആദ്യമായി ഈ ആപ്തവാക്യം പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം അത് കോടതിയുടെ ഔദ്യോഗികവസ്ത്രത്തിന്റെ വലതുകൈയിൽ തുന്നിച്ചേർക്കുകയും എല്ലാവരോടും അത് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

1530 ൽ പ്രൊട്ടസ്റ്റന്റ് അനുഭാവികളായ പ്രഭുക്കന്മാർ ഷ്മാൾക്കാൾഡൻ ലീഗ്  സ്ഥാപിച്ചപ്പോൾ VDMA ലീഗിന്റെ ഔദ്യോഗിക മുദ്രാവാക്യമായി മാറി.

കത്തോലിക്ക സഭയുമായുള്ള ബന്ധം

1999 ഒക്ടോബർ 31 ന്, ലൂഥറൻ വേൾഡ് ഫെഡറേഷനും ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലും നീതീകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനത്തിൽ (Joint Declaration on the Doctrine of Justification) ഒപ്പുവച്ചു. 2013 ൽ, ലൂഥറൻ വേൾഡ് ഫെഡറേഷന്റെയും കത്തോലിക്ക സഭയുടെയും സംയുക്ത അന്താരാഷ്ട്ര കമ്മീഷന്റെ പ്രതിനിധികൾ, ‘സംഘർഷത്തിൽനിന്ന് കൂട്ടായ്മയിലേക്ക്’ (Conflict to Communion) എന്ന ഒരു രേഖ പ്രസിദ്ധീകരിച്ചു. 2017 റിഫോർമേഷൻ അഞ്ഞൂറാം വാർഷികത്തിൽ ലൂഥറൻ-കത്തോലിക്കാ സംയുക്ത ആഘോഷത്തിന് ഒരുക്കമായിട്ടായിരുന്നു ഈ രേഖ.

ലൂഥറൻ വേൾഡ് ഫെഡറേഷനും ക്രൈസ്തവ ഐക്യത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലും റീഫോർമേഷന്റെ അഞ്ചൂറാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഐക്യുമെനിക്കൽ അനുസ്മരണത്തിൽ സംബന്ധിക്കാനായി സ്വീഡനിലെ ലുണ്ടിലേക്കു പോകുംമുമ്പ് സ്വീഡനിലെ ഈശോസഭക്കാരുടെ സാംസ്കാരിക ജേർണലായ സിഗ്നും (Signum) ഡയറക്ടറായ ഫാ. ഉൾഫ് ജോൻസ്സോൺ എസ്. ജെ.  (Father Ulf Jonsson S.J) ഫ്രാൻസിസ് പാപ്പയുമായി നടത്തിയ അഭിമുഖത്തിൽ കത്തോലിക്ക സഭയ്ക്ക് ലൂഥറൻ പാരമ്പര്യത്തിൽനിന്ന് എന്താണ് പഠിക്കാൻ കഴിഞ്ഞതെന്നു ചോദിക്കുന്നുണ്ട്. അന്ന് പാപ്പ നൽകിയ മറുപടി ഇപ്രകാരമായിരുന്നു: രണ്ടു വാക്കുകളാണ് എന്റെ മനസ്സിൽ വരുന്നത്; നവീകരണവും (reform) വിശുദ്ധഗ്രന്ഥവും (Scripture).

ആരംഭത്തിൽ സഭയുടെ വിഷമഘട്ടത്തിൽ നവീകരിക്കുക എന്നതായിരുന്നു ലൂഥറിന്റെ ലക്ഷ്യം. സങ്കീർണ്ണമായ ഒരു സാഹചര്യത്തിന് ഒരു പരിഹാരമാണ് ലൂഥറിനു വേണ്ടിയിരുന്നത്. പിന്നീട് ഈ ഭാവം – രാഷ്ട്രീയസാഹചര്യങ്ങൾമൂലം ആരൂടെ സമ്രാജ്യം, അവന്റെ മതം (cuius regio eius religio) എന്ന നിലയിലേക്കു വന്ന് ഒരു വിഭജനത്തിന്റെ അവസ്ഥ സൃഷ്ടിച്ചു. അല്ലാതെ, സഭയെ മുഴുവനായി നവീകരിക്കാനുള്ള അടിസ്ഥാനപരമായ ഒരു പ്രക്രിയ ആയില്ല. സഭ അടിസ്ഥാനപരമായ എപ്പോഴും നവീകരണത്തിന്റെ (semper reformanda) പാതയിലാണ്. രണ്ടാമത്തെ വാക്ക് വിശുദ്ധഗ്രന്ഥം, ദൈവവചനമാണ്. ദൈവവചനം ജനങ്ങളടെ കൈകളിലെത്തിക്കാൻ ലൂഥർ വലിയ ചുവടുതന്നെ വച്ചു. നവീകരണവും വിശുദ്ധഗ്രന്ഥവും ഈ രണ്ടു കാര്യങ്ങളാണ് ലൂഥറൻ പാരമ്പര്യത്തെ നോക്കി നാം ആഴപ്പെടുത്തേണ്ടത്.

സഭ അത് ഏതു ക്രിസ്തീയസഭാവിഭാഗങ്ങളുടേതും ആയിക്കൊള്ളട്ടെ, അത് എപ്പോഴും നവീകരണത്തിന്റെ പാതയിൽ സഞ്ചരിക്കേണ്ടതാണെന്ന സത്യം ഈ ദിനം നമ്മിൽ ഉണർത്തട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

LEAVE A REPLY

Please enter your comment!
Please enter your name here

Latest News