Thursday, December 26, 2024

ഇന്ന് കെ ആർ നാരായണന്റെ നൂറ്റിരണ്ടാമത് ജന്മവാർഷികം; ആദ്യ മലയാളി രാഷ്ട്രപതിയുടെ ഓർമ്മകൾ പുതുക്കി കേരളക്കര

കെ.ആർ നാരായണന്റെ നൂറ്റിരണ്ടാമത് ജന്മവാർഷികമാണ് ഒക്ടോബർ 27. അതായത് ഇന്ന്. രാഷ്ട്രപതിയാകുന്ന ആദ്യത്തെ മലയാളി. കെ.ആർ നാരായണൻ എന്ന പേര് കേൾക്കുമ്പോഴേ ആദ്യം നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന വിശേഷണം ആണ് ഇത്. എന്നാൽ ആദ്യ മലയാളി രാഷ്‌ട്രപതി മാത്രമായിരുന്നോ അദ്ദേഹം? അല്ല. ഇന്ത്യയുടെ ഭരണ ചരിത്രത്തിൽ വ്യക്തവും ശക്തവുമായ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

പത്രപ്രവർത്തകനായി പൊതുരംഗത്ത് പ്രവേശിച്ച നാരായണൻ നയതന്ത്രപ്രതിനിധി, എം.പി, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ പദവികളിൽ ശ്രദ്ധേയമായ സംഭാവനകൾ രാജ്യത്തിന് നൽകി. രാജ്യത്തെ തന്നെ ഏറ്റവും പിന്നോക്ക സമുദായങ്ങളിലൊന്നിൽ ജനിച്ച കെ.ആർ ജാതീയമായ വിവേചന ചിന്താഗതിയുടെ ഇരയായിരുന്നു. തനിക്കു ലഭിക്കേണ്ട അദ്ധ്യാപക വൃത്തി തന്റെ ജാതിയുടെ പേരിൽ നഷ്ടമായപ്പോൾ അതിനു പകരമായി വച്ച് നീട്ടിയ ഗുമസ്തന്റെ ജോലി വേണ്ടാന്നു വച്ചു. പിന്നീടുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളും നേട്ടങ്ങളും അസൂയാവഹമായിരുന്നു.

ഹിന്ദുവിലും ടൈംസ് ഓഫ് ഇന്ത്യയിലും പത്രപ്രവർത്തകനായി അദ്ദേഹം പ്രവർത്തിച്ചു. ടൈംസ് ഓഫ് ഇന്ത്യയിൽ കൗടില്യൻ എന്നപേരിൽ എഴുതിയിരുന്ന ലേഖനങ്ങൾ ശ്രദ്ധേയമായിരുന്നു. 1945 ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ചേർന്നു. 1949 ൽ ഇന്ത്യ ഗവൺമെന്റ് അദ്ദേഹത്തെ വിദേശകാര്യ സർവീസിൽ നിയമിച്ചു. 1980 ൽ ഇന്ദിരഗാന്ധി സർക്കാർ അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ സ്ഥാനത്ത് നിയമിച്ചു. ആ ഉത്തരവാദിത്തം പൂർത്തിയാക്കി 1984 ൽ അദ്ദേഹം ഡൽഹിയിൽ തിരിച്ചെത്തി. പിന്നീട് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങി തിരിക്കുകയായിരുന്നു. പിന്നീട് വിവിധ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആസൂത്രണം, വിദേശകാര്യം, ശാസ്ത്ര സാങ്കേതിക വകുപ്പുകളിൽ സഹമന്ത്രിയായി.

1992 ഓഗസ്റ്റ് 21 ന് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റു. 1997 ജൂലായ് 25 ന് ഇന്ത്യയുടെ പത്താം രാഷ്ട്രപതിയായി കെ.ആർ നാരായണൻ തിരഞ്ഞെടുക്കപ്പെട്ടു. മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി ധീരമായ നിലപാടുകളിലൂടെയും കീഴ്‌വഴക്കത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള നടപടികളിലൂടെയും ജനപക്ഷത്ത് നിലയുറപ്പിച്ച അഭിപ്രായങ്ങളിലൂടെയും രാഷ്‌ട്രപതി സ്ഥാനത്തിന്റെ അന്തസുയർത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

Latest News