ആഗോള കാലാവസ്ഥയിൽ കാര്യമായ ആഘാതമേൽപിക്കാനാകുന്ന എല്‍നീനോ പ്രതിഭാസം 2024 മാർച്ച്- മെയ് മാസങ്ങളിൽ എത്തുമെന്ന് പ്രവചനം. അമേരിക്കയുടെ സമുദ്രഗവേഷണ ഏജൻസിയായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) ആണ് ഇത് സ്ഥിരീകരിച്ചത്. പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപ വ്യതിയാനം ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ആഴത്തിൽ സ്വാധീനിക്കുന്നുമെന്നും ഇത് ഇന്ത്യയിലെ മണ്‍സൂണിന്‍റെ വരവിലും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും മണ്‍സൂണ്‍ കാറ്റിനെ ദുര്‍ബലമാക്കുകയും മഴ കുറയാൻ കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2024 -ല്‍ വര്‍ഷം സൂപ്പർ എൽ നിനോയ്ക്കുള്ള സാധ്യത മൂന്നിലൊന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്താണ് എല്‍നീനോ? ഈ അത്ഭുത പ്രതിഭാസത്തിന്റെ പ്രതിസന്ധികള്‍ എന്താണ്? ഇവയെക്കുറിച്ചൊക്കെ നമുക്കൊന്നു മനസ്സിലാക്കാം.
എല്‍നീനോ?
പസഫിക് സമുദ്രത്തിലെ താപനില കൂടുന്ന പ്രതിഭാസത്തെയാണ് എല്‍നീനോ എന്നു പറയുന്നത്. ട്രോപ്പിക്കൽ പസഫിക്കിന്റെ മധ്യ-കിഴക്കൻ മേഖലകളിൽ സമുദ്രോപരിതലം ചൂടാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. രണ്ടു മുതല്‍ ഏഴു വര്‍ഷം വരെ ഇടവേളകളില്‍ ഉണ്ടാകുന്ന എല്‍നീനോ, ഏഴു മുതല്‍ 12 മാസം വരെ തുടരുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള വർധിച്ച ചൂട്, വരൾച്ച, കനത്ത മഴ എന്നിവയുമായി ബന്ധപ്പെട്ട പ്രകൃതിദത്തമായ കാലാവസ്ഥാ മാതൃകയാണ് എൽനിനോ. അതായത്, താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനും എല്‍നിനോ കാരണമാകാം. ജൂൺ ആദ്യത്തിൽ എൽനിനോ രൂപപ്പെടുമെന്നായിരുന്നു കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം.
എൽനിനോ സ്വാധീനം കേരളത്തിൽ മൺസൂൺ മഴയെ ബാധിക്കില്ലെങ്കിലും അടുത്ത വേനലിൽ വരള്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണ് എന്നാണ് നിരീക്ഷകർ പറയുന്നത്. അടുത്ത വർഷവും എൽനീനോ തുടരുന്നതിനും സാധ്യതയുണ്ട്. ഇന്ത്യയുടെ ഭാഗങ്ങളിൽ എൽനിനോയുടെ സ്വാധീനഫലമായി വരുന്ന വേനൽമഴയിൽ കുറവ് അനുഭവപ്പെടുമെങ്കിലും ഏറ്റവും കൂടുതൽ വരൾച്ച നേരിടുന്നത് ആസ്ട്രേലിയ ആയിരിക്കും.
അതേ സമയം, 2018-19 ലാണ് ഈ പ്രതിഭാസം അവസാനമായി സംഭവിച്ചത്. എൽനിനോ പ്രതിഭാസം ശക്തമായിരുന്ന 2016-ലാണ് നിലവിൽ ഏറ്റവും ചൂടു കൂടിയ വർഷമായി അറിയപ്പെടുന്നത്. ഈ വർഷം ആദ്യം മുതൽ കരയിലും കടലിലും ഒരുപോലെ താപം ഉയരുന്നതായാണ് ഗവേഷകരുടെ മുന്നറിയിപ്പ്.