സുക്കൂൾ ബസ് വരാൻ വെറും മിനുറ്റുകൾ മാത്രം ബാക്കി, ടൈം ടേബിൾ അനുസരിച്ചുള്ള ബുക്കുകൾ ഇനിയും ബാഗിൽ വെച്ചിട്ടില്ല. വാട്ടർ ബോട്ടിൽ തപ്പി വീടു മുഴുവൻ തിരഞ്ഞുനടക്കുന്ന കുട്ടി… ഒടുവിൽ അമ്മ വഴക്കുപറഞ്ഞ് ഓടിയെത്തുന്നു, നോട്ടുബുക്ക് ബാഗിലേക്ക് കുത്തിനിറയ്ക്കുന്നു ബോട്ടിൽ തപ്പിയെടുത്ത് വെള്ളം നിറച്ച് ബാഗിലേക്ക് വയ്ക്കുന്നു. എല്ലാം കഴിഞ്ഞ് ഒടുവിൽ കൃത്യസമയത്ത് തന്നെ വീട്ടിൽ നിന്ന് ഇറങ്ങുന്നു. ഇതോടെ വീട്ടിലെ വലിയൊരു യുദ്ധം അവസാനിക്കുന്നു. മിക്ക വീടുകളിലേയും സ്കൂൾ ദിനങ്ങളിലെ പ്രഭാത കാഴ്ചയാണിത്. എന്നാൽ ഇത് ഒരു ദിവസത്തെ പ്രശ്നമല്ല, അതൊരു പതിവാണ്. സമയത്തിന് കുട്ടി സ്ക്കൂളിൽ പോകണമെന്ന ചിന്തയിൽ അമ്മമായർ ഇന്ന് അവരെ എല്ലാത്തിനും സഹായിക്കുമ്പോൾ നാളെയും അവർ അത് സ്വയം ചെയ്യുമെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. കുട്ടിക്കാലത്ത് പഠിക്കുന്ന കാര്യങ്ങൾ ഒരു വ്യക്തിയുടെ ഭാവി ജീവിതത്തിന്റെ അടിത്തറയാണ്. വെറും അറിവ് നേടുന്നതിലുപരി, സ്വന്തം കാര്യങ്ങൾ ചെയ്യാനും മറ്റുള്ളവരോടുള്ള കടമകൾ നിറവേറ്റാനുമുള്ള കഴിവും കുട്ടികൾ ചെറുപ്പത്തിലേ ആർജ്ജിക്കണം. ഇതിന് വീട്ടിലും വിദ്യാലയത്തിലും ഒരേപോലെ പരിശീലനം ആവശ്യമാണ്.
ഉത്തരവാദിത്തം എന്നത് ജനിക്കുമ്പോഴേ കിട്ടുന്ന ഒരു സ്വഭാവഗുണമല്ല:
ത്തരവാദിത്തം എന്നത് ജനിക്കുമ്പോഴേ കിട്ടുന്ന ഒരു സ്വഭാവഗുണമല്ല; മറിച്ച് അത് പരിശീലനത്തിലൂടെ വളർത്തിയെടുക്കേണ്ട ഒരു പേശിയെപ്പോലെയാണ്. സ്കൂളിലെ ഓറിയന്റേഷൻ ക്ലാസുകളിൽ ആരും പറഞ്ഞുതരാത്ത ഒരു കാര്യമുണ്ട്: ഉത്തരവാദിത്തം ഒരു കുട്ടിക്ക് വെറുതെ കൈമാറാൻ കഴിയില്ല. ആവർത്തനങ്ങളിലൂടെയും, ചെറിയ ചെറിയ പരാജയങ്ങളിലൂടെയും, സ്വന്തമായി കാര്യങ്ങൾ ചെയ്തുതീർക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസത്തിലൂടെയും അത് സാവധാനം കെട്ടിപ്പടുക്കേണ്ട ഒന്നാണ്. ചൈൽഡ് സൈക്കോളജിയിലെ പഠനങ്ങൾ വ്യക്തമാക്കുന്നത് വായനയോ ഗണിതമോ പോലെ പഠിച്ചെടുക്കാവുന്ന ഒരു നൈപുണ്യമാണ് ഉത്തരവാദിത്തം എന്നാണ്. ‘ജന്മനാ എല്ലാം ചിട്ടയോടെ ചെയ്യുന്നവർ’ എന്ന് നമ്മൾ കരുതുന്ന കുട്ടികൾക്ക് യഥാർത്ഥത്തിൽ ചെറുപ്പത്തിലേ അതിനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ടാകും. എന്നാൽ എപ്പോഴും ചിതറിയ മനസ്സോടെ ഇരിക്കുന്ന കുട്ടികളോ? അവർക്ക് എന്തെങ്കിലും അബദ്ധം പറ്റുന്നതിന് മുൻപേ രക്ഷകരായി മാതാപിതാക്കൾ എപ്പോഴും എത്തിയതുകൊണ്ടാകാം അവർ അങ്ങനെയായത്.
രാത്രിയിലെ തയ്യാറെടുപ്പ്:
ഏതൊരു ചൈൽഡ് സൈക്കോളജിസ്റ്റിനോട് ചോദിച്ചാലും അവർ പറയുന്ന ഒരു കാര്യമുണ്ട്. കാര്യങ്ങൾ നേരത്തെ ആസൂത്രണം ചെയ്യുന്ന രീതി കുട്ടികളിൽ ശീലിപ്പിക്കുക എന്ന്. രാത്രി ഉറങ്ങുന്നതിന് മുൻപുള്ള അഞ്ച് മിനിറ്റ് ഇതിനായി മാറ്റിവെക്കാം. ബാഗ് അടുക്കിവെക്കുക, ടൈംടേബിൾ പരിശോധിക്കുക, അടുത്ത ദിവസത്തെ ആവശ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യിപ്പിക്കുക. ഇത് കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ മറ്റേതൊരു പഠനത്തേക്കാളും വലിയ സ്വാധീനം ചെലുത്തും. എന്നാൽ ഇതിലൊരു ചെറിയ നിബന്ധനയുണ്ട് ഇതെല്ലാം കുട്ടി സ്വയം ചെയ്യണം, മാതാപിതാക്കൾ അത് നോക്കി നിൽക്കുക മാത്രം ചെയ്യുക എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഓർമ്മിപ്പിക്കാതിരിക്കുക
മക്കൾ എപ്പോഴും കാര്യങ്ങൾ മറന്നുപോകുന്നു എന്നത് മിക്ക മാതാപിതാക്കളുടെയും പരാതിയാണ്. എന്നാൽ അവരെ സഹായിക്കാൻ നമ്മൾ ചെയ്യുന്ന ഒരു കാര്യം യഥാർത്ഥത്തിൽ അവരെ കൂടുതൽ അലസരാക്കുകയാണ്. കുട്ടി സ്കൂളിൽ പോകുമ്പോൾ വാട്ടർ ബോട്ടിൽ എടുക്കാൻ മറന്നുപോയാൽ, ആ ദിവസം അവർക്ക് ചെറിയൊരു അസ്വസ്ഥതയുണ്ടാകാം. എന്നാൽ ആ മറവിയിലൂടെ അവർ പഠിക്കുന്ന പാഠം, ജീവിതത്തിൽ മറ്റൊരു ഉപദേശത്തിലൂടെയും അവർക്ക് ലഭിക്കില്ല. സുരക്ഷിതവും പ്രായത്തിന് അനുയോജ്യവുമായ സാഹചര്യങ്ങളിൽ, സ്വന്തം അബദ്ധത്തിന്റെ ഫലം സ്വയം അനുഭവിക്കുന്നത് കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. മാതാപിതാക്കൾ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നാൽ, കുട്ടികൾ ആ വാക്കുകൾ കേൾക്കാതിരിക്കാൻ ബോധപൂർവ്വമല്ലാതെ തന്നെ ശീലിക്കും. അത് അവരുടെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കില്ല.
ഉത്തരവാദിത്തം എന്നത് കുട്ടികൾക്ക് വേണ്ടി നമ്മൾ ചെയ്തു കൊടുക്കുന്ന ഒന്നല്ല, മറിച്ച് അവരെക്കൊണ്ട് ചെയ്യിപ്പിക്കേണ്ട ഒന്നാണ്. ഒരു കുട്ടി സ്വയം പ്രാപ്തനാകുന്നത് അവൻ സ്വന്തം തെറ്റുകളിൽ നിന്ന് പഠിക്കുമ്പോഴാണ്. അതിനുള്ള സാഹചര്യമൊരുക്കുക എന്നതാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും കടമ.

