ഒരു മഴക്കാലത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. ഇടവിട്ടുള്ള മഴയ്ക്കൊപ്പം അടുപ്പിച്ചുണ്ടാകുന്ന രോഗങ്ങളും നമുക്ക് ചില്ലറയല്ല ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന രോഗങ്ങളെ മഴക്കാലരോഗങ്ങള്‍ എന്നാണ് പറയുന്നത്. പെയ്തുവീഴുന്ന മഴവെള്ളം കെട്ടിനില്‍ക്കല്‍, കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത്, തണുത്തതും തുറന്നുവച്ചതും പഴകിയതും മലിനവുമായ ഭക്ഷണം കഴിക്കുന്നത് തുടങ്ങിയവയൊക്കെ രോഗങ്ങള്‍ക്കു കാരണമായിമാറാം.
മഴക്കാലത്തുണ്ടാകുന്ന രോഗങ്ങളെ പ്രധാനമായി മൂന്നായി തരം തിരിച്ചിരിക്കുന്നു
1. മലിനജലത്തിലൂടെ പകരുന്ന രോഗങ്ങള്‍: അതിസാരം, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറല്‍ പനി എന്നിവയാണ് മലിനജലത്തിലൂടെ പകരുന്നത്.
2. കൊതുകുകള്‍വഴി പകരുന്ന രോഗങ്ങള്‍: ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി, ജപ്പാന്‍ ജ്വരം, മഞ്ഞപ്പനി, വെസ്റ്റ് നെയില്‍ പനി, റോഡ് റിവര്‍ പനി, മന്തുരോഗം, മലമ്പനി മുതലായവ കൊതുകകള്‍വഴി പകരുന്ന രോഗങ്ങളാണ്.
3. മറ്റു കാരണങ്ങളാല്‍ ഉണ്ടാകുന്നത്: എലിപ്പനി, പക്ഷിപ്പനി
വൈറസ് പനി അഥവാ പകര്‍ച്ചപ്പനി
മഴക്കാലരോഗങ്ങളില്‍ പ്രധാനമായി കാണപ്പെടുന്ന ഒന്നാണ് വൈറസ് പനി അഥവാ പകര്‍ച്ചപ്പനി. രോഗം ബാധിച്ചവരില്‍നിന്നും ശ്വസനം, തുമ്മല്‍, കൈകള്‍ എന്നിവവഴി രോഗം മറ്റുള്ളവരിലേക്കു പകരുന്നു. ശരീരവേദന, വിയര്‍ക്കല്‍, ചെറിയ പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, നിര്‍ജലീകരണം എന്നിവയാണ് പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങള്‍.
ശുചിയായ കുടിവെള്ളം, വ്യക്തിശുചിത്വം, പരിസരശുചിത്വം, പ്രതിരോധ കുത്തിവയ്പ്പ്, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക തുടങ്ങിയവയാണ് പരിഹാരമാര്‍ഗങ്ങള്‍.
ഡെങ്കിപ്പനി
ഈ കാലയളവില്‍ മനുഷ്യരെ ഏറ്റവും ഭയപ്പെടുത്തുന്ന ഒരു പനിയാണിത്. കൊതുകുകടിയേറ്റ് മൂന്നു-നാലു ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പുറത്തുവരുന്നത്. കടുത്ത പനി, തലവേദന, പേശീവേദന, സന്ധിവേദന, തൊലിപ്പുറത്ത് തിണര്‍പ്പുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരീരത്തിലെ പ്ലേറ്റ്‌ലറ്റ്‌സിന്റെ അളവ് കുറയാനും വായ, മൂക്ക്, കുടല്‍ എന്നിവിടങ്ങളില്‍നിന്ന് രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്.
കൊതുകുനിവാരണം, ശരീരത്തിലെ ജലാംശം കൂട്ടല്‍, ഹീമോഗ്ലോബിന്‍ – പ്ലേറ്റ്‌ലറ്റ് ഇവ നിശ്ചയിക്കപ്പെട്ട പരിധിയില്‍ താഴ്ന്നാല്‍ കൊടുക്കല്‍ എന്നിവയാണ് ഇതിന്റെ പ്രതിവിധികള്‍.
മഞ്ഞപ്പിത്തം
വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും രക്തത്തിലൂടെയും മറ്റും പകരുന്ന ഒരു രോഗമാണിത്. ക്ഷീണം, ഓക്കാനം, വിശപ്പില്ലായ്മ, കണ്ണിലും തൊലിപ്പുറത്തും മഞ്ഞനിറം, മഞ്ഞനിറമുള്ള മൂത്രം എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍. പ്രതിരോധമാര്‍ഗമായി സ്വീകരിക്കേണ്ടത് വ്യക്തിപരമായ ശുചിത്വവും പരിസരശുചിത്വവുമാണ്.
പുറത്തുപോയി വരുമ്പോള്‍ കൈകാലുകള്‍ നന്നായി കഴുകുക, ഭക്ഷണത്തിനുമുന്‍പും പിന്‍പും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുക, നഖങ്ങള്‍വെട്ടി വൃത്തിയായി സൂക്ഷിക്കുക, രണ്ടുനേരം സോപ്പിട്ടു കുളിക്കുക, പ്രതിരോധ കുത്തിവയ്പ്പെടുക്കുക എന്നിവയും പ്രതിരോധമാര്‍ഗങ്ങളായി സ്വീകരിക്കാം.
ടൈഫോയിഡ്
‘സാല്‍മോണല്ല ടൈഫി’ എന്ന ബാക്ടീരിയ ബാധിച്ച ഭക്ഷണമോ, ജലമോ മൂലമാണ് ടൈഫോയിഡ് ഉണ്ടാകുന്നത്. വയറുവേദന, ക്ഷീണം, തലവേദന, വയറിളക്കം, നീണ്ട ദിവസങ്ങളിലെ പനി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. കുടലില്‍ പ്രവേശിക്കുന്ന രോഗാണു കരള്‍, പിത്താശയം, സ്പളീന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കും.
പ്രതിരോധമാര്‍ഗമായി സ്വീകരിക്കേണ്ടത് വാക്‌സിനും വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ്. ടൈഫോയിഡ് ബാധിച്ചവര്‍ ധാരാളമായി വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്.
എലിപ്പനി
മൃഗമൂത്രത്തിലൂടെയോ, മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയോ ആണ് ഈ രോഗം മനുഷ്യരിലേക്കു പകരുന്നത്. മനുഷ്യരുടെ തൊലി, കണ്ണ്, വായ, മൂക്ക്, യോനി എന്നിവയിലുള്ള മുറിവുകളിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗബാധിതരുടെ വൃക്കകളിലാണ് രോഗാണുക്കള്‍ കുടിയിരിക്കുന്നത്. എലിപ്പനിയുടെ ആദ്യഘട്ടത്തില്‍ ജലദോഷം, പനി, വിറയല്‍, ക്ഷീണം, കടുത്ത തലവേദന എന്നിവ അനുഭവപ്പെടും. പിന്നെ, ലക്ഷണങ്ങളില്ലാത്ത ഒരു ഘട്ടം ഉണ്ടാകും. വീണ്ടും, രണ്ടാംഘട്ടം ഹൃദയം, കരള്‍, വൃക്കകള്‍, തലച്ചോറ്, ശ്വാസകോശം എന്നിവയെ ബാധിച്ച് രോഗം വളരെ ഗുരുതരമാകും. ഇതിന് പ്രതിവിധികളായി നിര്‍ദേശിക്കുന്നത് വ്യക്തിപരമായ ശുചിത്വവും പരിസരശുചിത്വവും മൃഗമൂത്രസമ്പര്‍ക്കം ഇല്ലാതിരിക്കലുമാണ്.
മഴക്കാലരോഗങ്ങളുടെ പ്രധാന കാരണക്കാരായ കൊതുകുകളുടെ പ്രജനനകാലം കൂടിയാണ് മഴക്കാലം. അതിനാല്‍ കൊതുകുകടിയില്‍നിന്നും രക്ഷനേടാന്‍ മോസ്‌കിറ്റോ റിപ്പെല്ലന്റ്‌സ്, കൊതുകുവല ഇവ ഉപയോഗിക്കാം. കൈനീളമുള്ള വസ്ത്രങ്ങള്‍ ധരിക്കുക, കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാതെ ഇളംനിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക, വൈകുന്നേരം ആറുമണിക്കുശേഷം വീടിന്റെ വാതിലുകളും ജനലുകളും അടച്ചിടുക, കഴിയുമെങ്കില്‍ പുറത്ത് സഞ്ചരിക്കാതിരിക്കുക, നല്ല സുഗന്ധമുള്ള ചെടികള്‍ മുറ്റത്തു നട്ടുപിടിപ്പിക്കുകയും ചെയ്യുക.
ധാരാളം മഴക്കാലരോഗങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതലായി കാണപ്പെടുന്നതും നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമായ രോഗാവസ്ഥകളാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്. അതിനാല്‍ ശ്രദ്ധിക്കാം, ആരോഗ്യത്തോടെയിരിക്കാം.
സി. ഡോ. ലത SVM