Monday, November 25, 2024

വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പ്രതികൂല സാഹചര്യങ്ങളോട് യുദ്ധം ചെയ്യുന്ന യുക്രൈനിലെ വിദേശ വിദ്യാര്‍ത്ഥികള്‍

ഒരു വര്‍ഷം മുമ്പ് റഷ്യ യുദ്ധം പ്രഖ്യാപിച്ച് എത്തിയപ്പോള്‍ യുക്രെയ്‌നില്‍ നിന്ന് ഒഴിപ്പിച്ച ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ഋഷി ദ്വിവേദി. എന്നാല്‍ യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും, യുക്രൈനിലെ ജീവിതം തന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അറിയാമെങ്കിലും അദ്ദേഹം ഇപ്പോഴും ലിവിവില്‍ താമസിച്ച് പഠിക്കുകയാണ്.

ലിവിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ ആന്റ് സര്‍ജറിയില്‍ അഞ്ചാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഉത്തര്‍പ്രദേശിലെ കണ്ണൗജ് സ്വദേശിയായ ദ്വിവേദി. ‘ഇന്‍കമിംഗ് മിസൈല്‍ അല്ലെങ്കില്‍ ഡ്രോണ്‍ ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന എയര്‍ റെയ്ഡ് സൈറണുകള്‍ ഇപ്പോഴും ഒരു ദിവസം നാല് തവണയെങ്കിലും മുഴങ്ങുന്നുണ്ട്’. 25 കാരനായ ദ്വിവേദി പറഞ്ഞു.

യുദ്ധത്തിന്റെ തുടക്കത്തില്‍ 22 വയസ്സുള്ള ഒരു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷമാണ് യുക്രൈനില്‍ കുടുങ്ങിയ 18,000 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 23,000 പൗരന്മാരെ ഇന്ത്യ ഒഴിപ്പിച്ചത്. അക്കൂട്ടത്തില്‍ ദ്വിവേദിയുമുണ്ടായിരുന്നു. എന്നാല്‍ ബിരുദം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒക്ടോബറില്‍ ദ്വിവേദി യുക്രൈനില്‍ മടങ്ങിയെത്തി.

യുക്രൈനില്‍ നിന്ന് അന്ന് മടങ്ങിയ വലിയൊരു ശതമാനവും പ്രത്യേകിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ഉപദേശം ലംഘിച്ച് യുക്രൈനിലേയ്ക്ക് മടങ്ങിയിരിക്കുകയാണ്. ഡോക്ടര്‍മാരായി ജോലി ചെയ്യണമെങ്കില്‍ തങ്ങള്‍ക്ക് മറ്റ് വഴികളില്ലെന്ന് അവര്‍ പറയുന്നു. നിലവില്‍ യുക്രെയ്‌നില്‍ താമസിക്കുന്ന 1,100 ഇന്ത്യക്കാരില്‍ ഒരാളാണ് ദ്വിവേദി. ഇവരില്‍ ഭൂരിഭാഗം പേരും രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ലിവിവ്, ഉസ്ഗൊറോഡ്, ടെര്‍നോപില്‍ തുടങ്ങിയ നഗരങ്ങളിലെ വിദ്യാര്‍ത്ഥികളാണ്. റഷ്യന്‍ വ്യോമാക്രമണത്തിന്റെ പരിധിക്കുള്ളിലാണെങ്കിലും കിഴക്കന്‍ പ്രദേശത്തെ യുദ്ധത്തില്‍ നിന്ന് വളരെ അകലെയാണെന്നത് ആശ്വാസം പകരുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, നിരവധി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളും ലിവിവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേയ്ക്ക് മടങ്ങിയെത്തിയിട്ടുണ്ട്. കോഴ്സ് പൂര്‍ത്തിയാക്കുക എന്നതാണ് ഇവരുടെയും ലക്ഷ്യം. എങ്കിലും ഭയപ്പാടോടെയാണ് അവര്‍ അവിടെ കഴിയുന്നത്. ‘ഹെലികോപ്റ്ററുകളോ വിമാനങ്ങളോ ഞങ്ങള്‍ക്ക് മുകളിലൂടെ പറക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയില്ല. ഒരു ആക്രമണം ഉണ്ടാകുമോ എന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നു’. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ശ്രിഷ്തി മോസസ് പറയുന്നു.

എന്നാല്‍ യുക്രൈനിലേയ്ക്ക് തിരിച്ചു പോയി വിദ്യാഭ്യാസം തുടരാന്‍ സാധിക്കാത്തവരുമുണ്ട്. മാതാപിതാക്കളുടെ സമ്മര്‍ദ്ദമാണ് കാരണം. യുദ്ധഭൂമിയിലേയ്ക്ക് മക്കളെ തിരിച്ചയയ്ക്കാന്‍ അവര്‍ തയാറാകുന്നില്ല.

വിദേശത്തുള്ള മിക്ക ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ബിരുദം നേടിയ ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് അതിന് അവര്‍ക്ക് ഇന്ത്യയുടെ മെഡിക്കല്‍ വിദ്യാഭ്യാസ റെഗുലേറ്ററായ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) അനുമതി ആവശ്യമാണ്. യുദ്ധം മൂലം വിദ്യാഭ്യാസം തടസപ്പെട്ടപ്പോള്‍ അവരെ ഡോക്ടര്‍മാരാക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

അത്തരം വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ കോളേജുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരുകളും സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ആരോഗ്യ മന്ത്രാലയം വിധിച്ചത് മറിച്ചാണ്. ഏതെങ്കിലും വിദേശ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളിലേക്ക് എടുക്കാന്‍ വ്യവസ്ഥകളില്ലെന്ന് അവര്‍ വാദിച്ചു.

2021 നവംബറിന് ശേഷം വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ബിരുദങ്ങള്‍ ഇന്ത്യയില്‍ അംഗീകരിക്കണമെങ്കില്‍ അതേ സര്‍വകലാശാലയില്‍ തന്നെ കോഴ്സ് പൂര്‍ത്തിയാക്കണമെന്ന് പ്രഖ്യാപിച്ച് എന്‍എംസി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2022 ജൂണ്‍ 30-നോ അതിനുമുമ്പോ മെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷ എഴുതാന്‍ അര്‍ഹരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കാരണം വിദേശത്ത് ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് വേണം.

എന്നാല്‍ യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ കോളേജുകളില്‍ പ്രവേശനം തേടുന്നില്ല എന്നാണ് അന്വേഷണങ്ങള്‍ വ്യക്തമാക്കിയത്. പ്രവേശനം നേടാനുള്ള കടുത്ത മത്സരവും സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ ഉയര്‍ന്ന ചിലവും കാരണം പലരും ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം തുടരാന്‍ മടിക്കുന്നു. യുക്രെയ്‌നില്‍ മെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാന്‍ ചെലവാകുന്നതിന്റെ പകുതിയില്‍ താഴെ ഫീസ് മാത്രമേ ചെലവാകൂ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ഇക്കാരണങ്ങളാല്‍ യുക്രൈനിലേയ്ക്ക് മടങ്ങിയെത്തിയെങ്കിലും ഓരോ ദിവസവും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലാണ് ഈ വിദ്യാര്‍ത്ഥികള്‍. യുദ്ധം വീണ്ടും രൂക്ഷമായാല്‍ വീണ്ടും രാജ്യം വിടേണ്ടി വരുമോ എന്ന ആശങ്ക അവരെ വിടാതെ പിന്തുടരുന്നു. എങ്കിലും പ്രതികൂല സാഹചര്യങ്ങളോടെ പോരാടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം.

Latest News