കാബൂളിലെ നീല താഴികക്കുടമുള്ള ഒരു പള്ളിയുടെ മുന്നിലുള്ള ഒരു മാര്‍ക്കറ്റ് സ്റ്റാളില്‍, വലിയ ചാക്കുകളില്‍ പഴകിയതും അവശേഷിക്കുന്നതുമായ നാന്‍ ബ്രെഡ് നിറച്ചിരിക്കുന്നു. ഇത് സാധാരണയായി മൃഗങ്ങള്‍ക്കുള്ള തീറ്റയാണ്. എന്നാല്‍ ഇപ്പോള്‍, അഫ്ഗാനിസ്ഥാനിലെ ജനങ്ങളാണ് ഇത് കഴിക്കുന്നത്.
ഷാഫി മുഹമ്മദ് കഴിഞ്ഞ 30 വര്‍ഷമായി കാബൂളിലെ പുല്‍-ഇ-ഖേഷ്തി മാര്‍ക്കറ്റില്‍ പഴകിയ റൊട്ടി വില്‍ക്കുന്നയാളാണ്. ‘മുമ്പ്, ഒരു ദിവസം അഞ്ച് പേരാണ് ഈ ബ്രെഡ് വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ ദിവസവും 20 ല്‍ കൂടുതലാളുകള്‍ ബ്രഡ് വാങ്ങാനെത്തുന്നു. പഴകിയതും പൂപ്പല്‍ പിടിച്ചതുമാണെങ്കിലും ആളുകള്‍ അവ വാങ്ങിക്കൊണ്ടുപോകുന്നു’. മുഹമ്മദ് പറയുന്നു.
‘അഫ്ഗാന്‍ ജനതയുടെ ഇപ്പോഴത്തെ ജീവിതം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കൂട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന പക്ഷിയെപ്പോലെയാണ്. ഈ രാജ്യത്തു നിന്നും ഈ ദുരിതത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും മോചനം ലഭിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു’. അദ്ദേഹം പറയുന്നു.
രാജ്യത്ത് എല്ലാവരും ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പരാതിപ്പെടുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതിനുശേഷം ശരാശരി വരുമാനം മൂന്നിലൊന്നായി വെട്ടിക്കുറച്ചു. അതേസമയം ഭക്ഷ്യവില കുത്തനെ ഉയര്‍ന്നു.
താലിബാന്‍ അധികാരമേറ്റതിന് ശേഷം അഫ്ഗാനിസ്ഥാന് നല്‍കിയിരുന്ന സഹായങ്ങള്‍ വലിയ തോതില്‍ നിര്‍ത്തലാക്കാനും രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്ക് കരുതല്‍ ശേഖരം മരവിപ്പിക്കാനുമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനമാണ് ഇത്തരമൊരു പ്രതിസന്ധിയിലേയ്ക്ക് രാജ്യം എത്താനുള്ള അടിസ്ഥാന കാരണം.
താലിബാന്റെ ഭരണത്തിന്‍ കീഴില്‍ സ്ത്രീകളോടുള്ള അവരുടെ പെരുമാറ്റത്തിന്റെ പ്രതികരണമാണ് പാശ്ചാത്യ രാജ്യങ്ങളുടെ ഈ നീക്കം. കൂടാതെ താലിബാന്റെ പുതിയ കടുത്ത നിയന്ത്രണങ്ങള്‍, ഉദാഹരണത്തിന് സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്, പാശ്ചാത്യ രാജ്യങ്ങളെ ചൊടിപ്പിക്കുന്നു.
എന്നാല്‍ മൂന്ന് കുട്ടികളുടെ പിതാവായ ഹഷ്മത്തുള്ളയെപ്പോലുള്ള പാവപ്പെട്ട കുടുംബങ്ങളാണ് ഇതിന്റെയെല്ലാം ദുരിതമനുഭവിക്കുന്നത്. സാധാരണക്കാരുടെ വരുമാനം കഴിഞ്ഞ വര്‍ഷത്തെതിന്റെ അഞ്ചിലൊന്നായി കുറഞ്ഞു. ‘ഞാന്‍ രാവിലെ മുതല്‍ ജോലി ചെയ്യുന്നു, ഇതു മാത്രമേ എനിക്ക് വാങ്ങാനാവൂ’. പഴകിയ റൊട്ടിയുടെ ഒരു ബാഗ് പിടിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.
പഴകിയ റൊട്ടിയും, തക്കാളിയും, ഉള്ളിയും ഉപയോഗിച്ച് പാകം ചെയ്ത് കഴിച്ചാണ് രാജ്യത്തെ ഭൂരിഭാഗവും ഇപ്പോള്‍ അതിജീവിക്കുന്നത്. കാബൂളിലുടനീളമുള്ള ബേക്കറികള്‍ക്ക് പുറത്ത്, വൈകുന്നേരങ്ങളില്‍ സൗജന്യമായി നല്‍കുന്ന നാനിന്റെ കഷണങ്ങള്‍ക്കായി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കൂട്ടം ക്യൂ നില്‍ക്കുന്നത് സാധാരണമാണ്.
അഴിമതിയോടും യുദ്ധത്തോടുമുള്ള പോരാട്ടമായിരുന്നു അടുത്ത കാലം വരെ അഫ്ഗാനിലുണ്ടായിരുന്നത്. ഇപ്പോള്‍, യുദ്ധം അവസാനിച്ചു, പക്ഷേ മറ്റു പല തരത്തിലുമുള്ള പോരാട്ടങ്ങളിലൂടെയാണ് ഈ ജനത ഇപ്പോള്‍ കടന്നു പോകുന്നത്. അത് അവരുടെ ജീവിതം കൂടുതല്‍ കഠിനവുമാക്കുന്നു.