ഓസോൺപാളിയുടെ സംരക്ഷണത്തിനായുള്ള ദിനമായാണ് സെപ്റ്റംബര്‍ 16 എല്ലാ വര്‍ഷവും ആചരിക്കുന്നത്. ഭൂമിയെ സംരക്ഷിക്കുന്നതിൽ ഓസോൺപാളി വഹിക്കുന്ന നിർണായകപങ്കിന്റെ ഓർമ്മപ്പെടുത്തലാണ് ലോക ഓസോൺ ദിനം. ഓസോൺപാളിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ശോഷണം ലോകമെമ്പാടുമുള്ള ആഗോളതാപനത്തിലേക്കും കാലാവസ്ഥാവ്യതിയാനത്തിലേക്കും എങ്ങനെ നയിക്കുന്നു എന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും ഓസോൺ ദിനം സഹായിക്കുന്നു. ഈ ദിനത്തിന്റെ ചരിത്രം, പ്രാധാന്യം എന്നിവയെക്കുറിച്ച് മനസ്സിലാക്കാം.
എന്താണ് ഓസോൺ?
ഭൂമിയിൽനിന്ന് 20 മുതൽ 35 കിലോമീറ്റർ വരെ ഉയരത്തിലുള്ള വാതകപാളിയാണ് ഓസോൺ. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ തന്മാത്ര (O3) ഉണ്ടാകുന്നത്. സൂര്യനില്‍ നിന്നുളള അൾട്രാവയലറ്റ് കിരണങ്ങളില്‍നിന്നും ഭൂമിയെ സംരക്ഷിക്കുന്ന ഒരു പാളികൂടിയാണ് ഇത്. അതിനാല്‍ ഭൂമിക്കുമീതെ കിടക്കുന്ന പുതപ്പാണ് ഓസോൺപാളിയെന്നു പറയാം.
സൂര്യപ്രകാശമില്ലാതെ ഭൂമിയിൽ ജീവൻ സാധ്യമല്ല എന്നത് യാഥാർഥ്യമാണ്. പക്ഷേ സൂര്യനിൽനിന്നും വരുന്ന മുഴുവൻ ഊർജ്ജവും ഒരു തടസ്സവുംകൂടാതെ ഭൂമിയിൽ പതിച്ചാൽ എന്താകും സ്ഥിതി. ഭൂമിയില്‍ മുനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് നാശമുണ്ടാക്കാവുന്ന ധാരാളം കിരണങ്ങള്‍ സൂര്യനിൽനിന്നു പുറപ്പെടുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം അൾട്രാവയലറ്റ് കിരണങ്ങളാണ്. ഈ രശ്മികൾ പൂർണ്ണതോതിൽ ഭൂമിയിലെത്തിയാൽ അത് ജീവികളിൽ മാരകരോഗങ്ങൾക്കു കാരണമാകും. സൂര്യനിൽനിന്നുള്ള അപകടകാരികളായ രശ്മികളെ ഭൂമിയിൽ പതിക്കാതെ വളരെ ഉയരത്തിൽവച്ചുതന്നെ തടയുകയാണ് ഓസോൺപാളി ചെയ്യുന്നത്.
മോണ്‍ട്രിയല്‍ ഉടമ്പടി
1970 -കളിലാണ് ഓസോൺപാളികൾക്ക് വിള്ളലേൽക്കുന്ന പ്രതിഭാസം ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്. ഇത്തരമൊരു വിള്ളലിലേക്ക് ഓസോൺപാളിയെ നയിച്ചത് മനുഷ്യപ്രവർത്തനങ്ങളാണെന്നും ബോധ്യമായി. മനുഷ്യർ ഉപയോഗിക്കുന്ന എ.സി, റെഫ്രിജറേറ്റർ പോലുള്ളവ പുറത്തുവിടുന്ന വാതകങ്ങൾ ഇത്തരത്തിൽ ഓസോൺപാളികളെ പരിക്കേല്പിക്കാൻപോന്നവയാണ്. ഇതേ തുടര്‍ന്ന് ഓസോണ്‍ശോഷണം ബോധ്യപ്പെടുകയും അതിന്റെ അപകടം തിരിച്ചറിയുകയും ചെയ്തതോടെ 1987 സെപ്റ്റംബര്‍ 16 -ന് കാനഡയിലെ മോണ്‍ട്രിയലില്‍ വച്ച് 24 ലോകരാഷ്ട്രങ്ങുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു.
ഓസോണ്‍പാളിക്ക് ദോഷംചെയ്യുന്ന രാസവസ്തുക്കളുടെ ഉല്പാദനം പടിപടിയായി കുറച്ചുകൊണ്ടുവരുന്നതിനുള്ള ഉടമ്പടിയായിരുന്നു അത്. മോണ്‍ട്രിയല്‍ ഉടമ്പടി എന്നാണ് അത് അറിയപ്പെടുന്നത്. ഇതിന്റെ ഓര്‍മ്മയ്ക്കാണ് സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. 1987 -ലാണ് ഉടമ്പടി നിലവില്‍വന്നെങ്കിലും 1994 -ല്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തിനുശേഷം 1995 മുതല്‍ക്കാണ് ലോകവ്യാപകമായി ഓസോണ്‍ദിനം ആചരിച്ചുവരുന്നത്.
ലോക ഓസോൺദിനം: പ്രമേയം 2023
2023 -ലെ ലോക ഓസോൺ ദിനത്തിന്റെ പ്രമേയം ‘മോൺട്രിയൽ പ്രോട്ടോക്കോൾ: ഓസോൺപാളി പരിഹരിക്കലും കാലാവസ്ഥാ വ്യതിയാനം കുറയ്ക്കലും’ എന്നതാണ്. ഓസോൺപാളിയെ സംരക്ഷിക്കുന്നതിൽ മാത്രമല്ല, കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കുന്നതിലും മോൺട്രിയൽ പ്രോട്ടോക്കോളിന്റെ സുപ്രധാനപങ്ക് ഈ പ്രമേയം ഊന്നിപ്പറയുന്നു.
ലോക ഓസോൺ ദിനം 2023: പ്രാധാന്യം
2023 -ലെ ലോക ഓസോൺ ദിനം നല്ല പാരിസ്ഥിതിക സംസ്കരണത്തിലൂടെ വിലയേറിയ ഓസോൺപാളിയെ സംരക്ഷിക്കുന്നതിനുള്ള മഹത്തായ പ്രതിബദ്ധതകളുമായിവരും. ഓസോൺപാളിയുടെ ഗുണങ്ങളും അതിന്റെ ദോഷകരമായ ഘടന നമ്മുടെ ഭൂഗോളത്തിന് എങ്ങനെ ദോഷമായി ഭവിക്കുമെന്നും ഈ ദിവസം എടുത്തുകാണിക്കുന്നു.