Sunday, November 24, 2024

സെപ്റ്റംബർ 29 : ലോക ഹൃദയ ദിനം; ചരിത്രം, പ്രാധാന്യം, പ്രമേയം

പ്രായഭേദമന്യേ ഇന്ന് ഏറെ ആശങ്ക ഉയർത്തുന്ന ഒരു മേഖലയാണ് ഹൃദയസംബന്ധമായ രോഗങ്ങളും അതിനു പിന്നിലെ വസ്തുതകളും. ചെറുപ്പക്കാരിൽ പോലും ഹൃദയസംബന്ധമായ രോഗങ്ങൾ വ്യാപകമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കു ശേഷം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൃത്യമായി വ്യായാമം ചെയ്യുന്നവരിൽ പോലും ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നത് ഏറെ ആശങ്ക ഉയർത്തുന്ന കാര്യമാണ്. ഈ സാഹചര്യത്തിലാണ് ലോക ഹൃദയദിനത്തിൻറെ പ്രധാന്യം തിരിച്ചറിയേണ്ടത്. ലോക ഹൃദയദിനമായ ഇന്ന് ഈ ദിനത്തിൻറെ ചരിത്രം, പ്രാധാന്യം, പ്രമേയം എന്നിവയെക്കുറിച്ച് മനസ്സിലാക്കാം.

ചരിത്രം

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ അതിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനായി ആണ് ലോക ഹൃദയദിനം എന്ന ആശയം ഉരുത്തിരിഞ്ഞത്. ഇതിനായി വേൾഡ് ഹാർട്ട് ഫെഡറേഷനും (ഡബ്ല്യുഎച്ച്എഫ്) ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) സഹകരിച്ച് 1999 – ൽ ലോക ഹൃദയാരോഗ്യ ദിനം ആചരിക്കാൻ തീരുമാനിച്ചു. ഡബ്ല്യുഎച്ച്എഫിൻറെ 1997-2011 കാലഘട്ടത്തിലെ പ്രസിഡന്റായിരുന്ന അന്റോണിയെ ബയേസ് ഡി ലൂണയാണ് ഹൃദയദിനം എന്ന ആശയം വിഭാവനം ചെയ്തത്. തുടർന്ന് 2000 സെപ്‌റ്റംബർ 24-ന്‌ ലോകം ആദ്യത്തെ ഔദ്യോഗിക ലോക ഹൃദയദിനാചരണം ആചരിച്ചു. 2011 വരെ, സെപ്‌റ്റംബറിലെ അവസാനത്തെ ഞായറാഴ്ചയാണ് ലോക ഹൃദയദിനം ആചരിച്ചിരുന്നത്. പിന്നീട് 2012-ൽ, സാംക്രമികേതര രോഗങ്ങൾ മൂലമുള്ള ആഗോള മരണനിരക്ക് 2025-ഓടെ 25 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യവുമായി ആഗോള നേതാക്കൾ ഒത്തുചേർന്ന് ഈ ലക്ഷ്യത്തിൽ സജീവമായി പങ്കെടുക്കാൻ ലോകത്തോട് ആഹ്വാനം ചെയ്യുകയും സെപ്റ്റംബർ 29 ലോക ഹൃദയദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഈ വർഷത്തെ ലോക ഹൃദയദിന പ്രമേയം

ഹൃദയദിനവുമായി ബന്ധപ്പെട്ട് എല്ലാ വർഷവും ഒരു തീം പ്രഖ്യാപിക്കാറുണ്ട്. 2023-ലെ ലോക ഹൃദയദിന പ്രമേയം ‘നമ്മുടെ ഹൃദയത്തെ അറിയുക’ എന്നതാണ്. ‘USE heart KNOW heart’ (ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ) എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. ലോകമെമ്പാടുമുള്ള എല്ലാവരോടും അവരുടെ ഹൃദയങ്ങളെ പരിപാലിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ വർഷത്തെ തീം നൽകുന്ന സന്ദേശം.

പ്രാധാന്യം:

വേൾഡ് ഹാർട്ട് ഫെഡറേഷന്റെ അഭിപ്രായത്തിൽ, ഓരോ വർഷവും ഏകദേശം 1.7 കോടി ആളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നു, ഇത് ആഗോള മരണനിരക്കിന്റെ ഏകദേശം 31% വരും. ഹൃദയാഘാതം, കൊറോണറി ഹൃദ്രോഗം എന്നിവ ഹൃദയ സംബന്ധമായ തകരാറുകൾ മൂലമുള്ള മരണങ്ങളുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മൊത്തം മരണങ്ങളിൽ 85 ശതമാനവും ഈ ഹൃദയ വൈകല്യങ്ങളാണ്. ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കാൻ ലോകമെമ്പാടുമുള്ള ആളുകളെ ബോധവത്കരിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ സജീവമായി പങ്കെടുക്കുന്നതിന് മറ്റ് സംഘടനകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും ലോക ഹൃദയദിനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയ അപകടസാധ്യതാ ഘടകങ്ങളെ നിയന്ത്രിക്കുന്നതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം എന്നിവ മൂലമുള്ള അകാല മരണങ്ങളിൽ 80% എങ്കിലും ഒഴിവാക്കാനാകുമെന്ന് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് നടപടിയെടുക്കാനും ഈ ദിനം സഹായിക്കുന്നു.

Latest News