മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിൽ കഴിഞ്ഞ ഏഴുവർഷമായി തുടരുന്ന ഇസ്ലാമിക കലാപത്തിന് ഇനിയും അറുതിവന്നിട്ടില്ല. ഈ ആക്രമണത്തിന്റെ ഫലമായി 5,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽനിന്ന് പലായനം ചെയ്യേണ്ടിവരികയും ചെയ്തു.
പെംബ (മൊസാംബിക്) ബിഷപ്പ് അന്റോണിയോ ജൂലിയാസ്, ഈ സംഘർഷത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു: “ഏഴു വർഷമായി തുടരുന്ന കുടിയൊഴിപ്പിക്കൽ, കൊലപാതകങ്ങൾ, വലിയ കഷ്ടപ്പാടുകൾ, പട്ടിണി, അരക്ഷിതാവസ്ഥ എന്നിവ ഈ പ്രദേശത്തെയാകമാനം താറുമാറാക്കി. ഇവിടെ ഭൂമിയിൽ കൃഷിചെയ്യാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ക്ലിനിക്കുകൾ നശിപ്പിക്കപ്പെട്ടതിനാൽ മതിയായ ചികിത്സകൾ ലഭ്യമാകുന്നില്ല. ഏഴു വർഷത്തിനിടയിൽ കുട്ടികൾക്ക്, അവർക്കു ലഭിക്കേണ്ട വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിട്ടില്ല” – ബിഷപ്പ് ജൂലിയാസ് പറഞ്ഞു.
“മൊസാംബിക്ക് ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള രാജ്യമാണെങ്കിലും കലാപം ആരംഭിച്ച പ്രദേശത്ത് പ്രധാനമായും മുസ്ലിം ജനസംഖ്യയുണ്ട്. കലാപത്തിന്റെ തുടക്കത്തിൽ ഇസ്ലാമിക തീവ്രവാദികൾ സർക്കാർ സ്ഥാപനങ്ങളെ ആക്രമിച്ചിരുന്നെങ്കിലും പിന്നീട് അവർ കാബോ ഡെൽഗാഡോയിലെ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണങ്ങൾ നടത്തുകയായിരുന്നു” – ബിഷപ്പ് വെളിപ്പെടുത്തി.