Sunday, November 24, 2024

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ബാരോസും ഹോഷിനോയും

ശരീരത്തിന്റെ വലുപ്പത്തില്‍ അല്പം കുറവുണ്ടായിരിക്കാം. പക്ഷേ, ഞങ്ങള്‍ക്ക് വലിയ ഹൃദയമുണ്ടെന്ന് പറയാതെ പറയുകയാണ് ബ്രസീലിയന്‍ ദമ്പതികളായ പൗലോ ഗബ്രിയേല്‍ ഡ സില്‍വ ബാരോസും കറ്റിയൂസിയ ലി ഹോഷിനോയും. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ എന്ന് ഇവരെ അംഗീകരിച്ചിരിക്കുകയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്. 2006 ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീടിങ്ങോട്ട് 15 വര്‍ഷക്കാലത്തെ സൗഹൃദം. ഒടുവില്‍ വിവാഹം.

തന്റെ 31 -മത്തെ വയസിലാണ് 28 കാരിയായ കറ്റിയൂസിയ ലി ഹോഷിനോയെ പൗലോ ഗബ്രിയേല്‍ ഡ സില്‍വ വിവാഹം ചെയ്യുന്നത്. ഇതോടെ ഇരുവരെയും ഉയരം കുറഞ്ഞ ദമ്പതികളായി ഔദ്യോഗികമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇന്‍സ്റ്റാഗ്രാം പേജില്‍ പ്രഖ്യാപിച്ചു. പിന്നാലെ ഈ വാര്‍ത്ത ഏറെ പേരുടെ ശ്രദ്ധനേടി. തങ്ങളുടെ അഗാധമായ സന്തോഷവും ജീവിതത്തിലെ വെല്ലുവിളികളെയും തരണം ചെയ്ത് അചഞ്ചലമായ പ്രതിബദ്ധതയോടെ ഇരുവരും ഒരുമിച്ചത് ഏറെ പ്രചോദനകരമാണെന്ന് ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ എഴുതി.

‘ഞങ്ങള്‍ ഉയരം കുറഞ്ഞവരായിരിക്കാം, പക്ഷേ ഞങ്ങള്‍ക്ക് വലിയ ഹൃദയങ്ങളുണ്ട്, ജീവിതത്തില്‍ എല്ലാവരോടും ഒരുപാട് സ്‌നേഹമുണ്ട്. ഞങ്ങളുടെ ജീവിതം വെല്ലുവിളികളില്ലാത്തതല്ല, എന്നാല്‍ ഈ വെല്ലുവിളികളെ ഒരുമിച്ച് നേരിടാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.’ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ലഭിച്ചതിന് പിന്നാലെ പൗലോ ഗബ്രിയേല്‍ ഡ സില്‍വ പറഞ്ഞു. ദമ്പതികളുടെ സംയുക്ത ഉയരം 181.41 സെന്റീമീറ്റര്‍ (71.42 ഇഞ്ച്) ആണ്. പൗലോയുടെ ഉയരം 90.28 സെന്റീമീറ്റര്‍ (35.54 ഇഞ്ച്) കറ്റിയൂസിയയുടെ ഉയരം 91.13 സെന്റീമീറ്റര്‍ (35.88 ഇഞ്ച്).

 

 

Latest News