Monday, November 25, 2024

20 വർഷത്തിന് ശേഷം ഉക്രൈൻ യുദ്ധം ഒന്നിപ്പിച്ച സഹോദരിമാർ

20 വർഷത്തിലധികമായി പരസ്പരം ഒരു നോക്ക് കാണാതെ രണ്ട് രാജ്യങ്ങളിൽ ജീവിക്കുന്നവരാണ് സഹോദരിമാരായ തത്യാനയും ഏഞ്ചലിക്കയും. ഒരാൾ ഉക്രൈനിലും മറ്റെയാൾ സ്പെയിനിലും. ചെറുപ്രായത്തിൽ വേർപിരിയേണ്ടി വന്നവരാണിവർ. എന്നാൽ ഉക്രൈൻ യുദ്ധം അവരെ ഒന്നിപ്പിച്ചു. ഉക്രൈനിലുണ്ടായിരുന്ന ഏഞ്ചലിക്ക സ്പെയിനിലെത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു സഹോദരിമാരും ഒരുമിച്ചാണ് സ്പെയിനിൽ താമസം.

ഉക്രൈനിലെ നിക്കോലെവ് ഗ്രാമത്തിലാണ് ഈ സഹോദരങ്ങളും അവരുടെ കുടുംബവും താമസിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി ഈ കുടുംബത്തെ വല്ലാതെ അലട്ടിയിരുന്നു. ഒടുവിൽ തെല്ലും നിവർത്തിയില്ലാതെ വന്നപ്പോൾ, സഹോദരങ്ങളെ ബന്ധുക്കളുടെ ഭവനത്തിൽ താമസിപ്പിക്കാൻ ആ കുടുംബം തീരുമാനിച്ചു. ഇരു സഹോദരങ്ങളും ഒന്നിച്ചായിരിക്കുവാൻ ഒരുപാട് നിർബന്ധം പിടിച്ചു. എന്നാൽ അവരെ രണ്ടുപേരെയും കൂടി വളർത്താൻ ബന്ധുക്കൾക്ക് സാധിക്കുമായിരുന്നില്ല.

അങ്ങനെ ഏഞ്ചലിക്കയെ അവരുടെ ആന്റി കൊണ്ടുപോയി. തത്യാനയാകട്ടെ, വല്യമ്മയുടെ സംരക്ഷണത്തിലുമായി. എന്നാൽ അധികം വൈകാതെ, വല്യമ്മയും സാമ്പത്തിക ബുദ്ധിമുട്ടിലാവുകയും തത്യാന ഒരു ഓർഫനേജിൽ അഭയം പ്രാപിക്കുകയും ചെയ്‌തു. എട്ടാം വയസ്സിൽ സ്പെയിനിൽ നിന്നുള്ള ഒരു കുടുംബം തത്യാനയെ ദത്തെടുത്ത് അവിടേക്ക് കൊണ്ടുപോയി.

ഇരുസഹോദരിമാരും പരസ്പരം പിരിഞ്ഞിരിക്കുന്നതിന്റെ വേദന ഉള്ളിലൊതുക്കി. വർഷങ്ങൾ കടന്നുപോയി. ഒരാൾ ഉക്രൈനിലും മറ്റെയാൾ സ്പെയിനിലും. തത്യാന സഹോദരിയായ ഏഞ്ചലിക്കയെ കണ്ടുപിടിക്കാൻ സമൂഹ മാധ്യമങ്ങളിൽ പോലും തിരച്ചിൽ നടത്തി. ഉക്രൈനിൽ നിന്നുകൊണ്ട് ഏഞ്ചലിക്കയും ഇതേരീതിയിൽ തന്നെ സഹോദരിയെ കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. 2019- ലാണ് ഇരുവരുടെയും തിരച്ചിലിന് ഫലമുണ്ടായത്. സമൂഹ മാധ്യമങ്ങളിൽ അവർ പരസ്പരം കണ്ടുമുട്ടി. വിശേഷങ്ങൾ പങ്കുവെച്ചു. നേരിൽ കാണാൻ തീരുമാനിച്ചു. എന്നാൽ, കോവിഡ് പകർച്ചവ്യാധി മൂലം ലോകം മുഴുവൻ അന്ന് ലോക്ക് ഡൗണിന്റെ നിയന്ത്രണത്തിലായിരുന്നു.

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം അനേകം ബന്ധങ്ങൾക്ക് വിള്ളലേൽപ്പിച്ചിട്ടുണ്ട്, മുറിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സമൂഹ മാധ്യമങ്ങൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ബന്ധങ്ങളുടെ ഉയർത്തെഴുന്നേൽപ്പിനും അത് കാരണമാകുമെന്ന് ഈ സംഭവം തെളിയിക്കുകയാണ്. ഉക്രൈനിൽ യുദ്ധം തുടങ്ങിയപ്പോഴും, ഇവരെ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചത് സമൂഹ മാധ്യമങ്ങളാണ്.

ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങിയപ്പോൾ ഏഞ്ചലിക്കയെ യുദ്ധസ്ഥലത്ത് നിന്ന് സ്പെയിനിൽ എത്തിക്കാനുള്ള ആശയം ആദ്യം മുന്നോട്ട് വച്ചത് തത്യാനയാണ്. ഏഞ്ചലിക്കയ്ക്ക് വാർസോയിൽ നിന്ന് സ്പെനിലേക്ക് വിമാന ടിക്കറ്റ് എടുത്തു. ഏഞ്ചലിക്ക ആദ്യമായാണ് വിമാനത്തിൽ കയറുന്നത്. തന്റെ സഹോദരിയ്ക്ക് അതിന്റെ രീതികളൊന്നും അറിയില്ലല്ലോയെന്ന് ആലോചിച്ച് തത്യാന ഏറെ വിഷമിച്ചിരുന്നു. എന്നാൽ ഇന്ന് ഇരുവരും സന്തോഷത്തിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഏഞ്ചലിക്കയും തത്യാനയും ഒരുമിച്ചാണ് താമസിക്കുന്നത്. സ്പെയിനിലെ ജിറോനയിലുള്ള തത്യാനയുടെ ഭവനത്തിലാണ് ഇപ്പോൾ ഇരുവരും. ഇരുവർക്കും രണ്ട് ഭാഷയാണ് വശം. എന്നാൽ രണ്ടുപേരും പരസ്പരം ഭാഷ പഠിക്കുകയാണ്. ആംഗ്യ ഭാഷയും ഭാഷ വിവർത്തന ആപ്പുകളുമൊക്കെ ഉപയോഗിച്ചാണ് ഇരുവരുടെയും സംസാരം. യുദ്ധം അനേകം കുടുംബങ്ങളെ വിഭജിച്ചു, മറ്റ് പലരുടെയും മരണത്തിന് കാരണമായി. ഇപ്പോഴും ഉക്രൈനിൽ ജനങ്ങൾ ഭീതിയുടെ നിഴലിൽ തന്നെ തുടരുകയാണ്. യുദ്ധത്തിന്റെ നടുവിൽ എല്ലാവർക്കും നഷ്ടങ്ങളുടെ കണക്ക് മാത്രം പറയാനുള്ളപ്പോൾ, തത്യാനയ്ക്കും ഏഞ്ചലിക്കയ്ക്കും പറയാനുള്ളത് അവരുടെ ജീവിതത്തിലെ വലിയ നേട്ടത്തെക്കുറിച്ചാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

Latest News