Sunday, November 24, 2024

അടുത്തകാലത്ത് ആക്രമണത്തിനിരയായ ലോകനേതാക്കള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹിയാനും ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത് ലോകം ഞെട്ടലോടെയാണ് കേട്ടത്. പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൂടാതെ ഹെലികോപ്ടറിലുണ്ടായിരുന്ന ഇറാനിയന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യ ഗവര്‍ണര്‍ മാലിക് റഹ്മത്തി, ഹെലികോപ്ടര്‍ പൈലറ്റ് എന്നിവരും അപകടത്തില്‍ കൊല്ലപ്പെട്ടു.

ചരിത്രം പരിശോധിച്ചാല്‍ നിരവധി രാഷ്ട്ര നേതാക്കള്‍ അടുത്ത കാലത്ത് വിവിധ അപകടങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരയായിട്ടുണ്ട്. ഹാന്‍ഡ്ലോവയിലെ ഒരു പട്ടണത്തില്‍ കഴിഞ്ഞയാഴ്ച നടന്ന യോഗത്തിന് പിന്നാലെയാണ് സ്ലോവാക്യ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് നേരെ അക്രമി വെടിയുതിര്‍ത്തത്. അഞ്ച് വെടിയുണ്ടകള്‍ ഏറ്റ മുറിവുകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവില്‍ പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ കാത്തു നിന്ന ചെറിയൊരു ജനക്കൂട്ടത്തില്‍ അദ്ദേഹത്തെ ആക്രമിച്ചയാളും ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഫിക്കോ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്ലോവാക്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവായ ഫിക്കോ യുക്രൈന് പാശ്ചാത്യരാജ്യങ്ങള്‍ പിന്തുണ നല്‍കുന്നതിനെ വിമര്‍ശിക്കുകയും യുക്രൈന് സ്ലോവാക്യ നല്‍കുന്ന സൈനിക സഹായം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒക്ടോബറിലാണ് മുന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ഫിക്കോ നാലാം തവണയും അധികാരത്തിലെത്തിയത്. പിന്നാലെ രാജ്യത്തിന്റെ വിദേശനയം റഷ്യന്‍ അനുകൂലമാക്കുകയും ചെയ്തിരുന്നു.

സമീപകാലത്ത് ഇത്തരം ആക്രമണങ്ങള്‍ക്കിരയായ മറ്റ് ലോക നേതാക്കള്‍ ആരെല്ലാമെന്ന് പരിശോധിക്കാം.

ഷിന്‍സോ ആബെ: കൊല്ലപ്പെട്ടു

തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വളരെ കുറവുള്ള രാജ്യമാണ് ജപ്പാന്‍. എന്നാല്‍, അവിടുത്തെ സമുന്നതനായ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷിന്‍സോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടത് ലോകരാജ്യങ്ങളെയാകെ ഞെട്ടിച്ചു. 2020ല്‍ പ്രധാനമന്ത്രി പദം ഷിന്‍സോ ആബെ രാജിവെച്ചെങ്കിലും ഒരു പ്രധാന രാഷ്ട്രീയ ശബ്ദമായി അദ്ദേഹം തുടരുകയായിരുന്നു. അങ്ങനെയിരിക്കെ 2022 ജൂലായ് എട്ടിന് തന്റെ ഭരണകക്ഷിക്കുവേണ്ടിയുള്ള ഒരു പ്രചാരണത്തില്‍ പങ്കെടുക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ആക്രമണത്തിന് ഇരയായതും കൊല്ലപ്പെടുന്നതും. മതവിഭാഗമായ യൂണിഫിക്കേഷന്‍ ചര്‍ച്ചുമായി ആബെയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അക്രമി അദ്ദേഹത്തിന് നേരെ നിറയൊഴിച്ചത്.

ജോവിനല്‍ മോയിസ്: കൊല്ലപ്പെട്ടു

2021 ജൂലൈ ഒന്നിന് അര്‍ധരാത്രിയിലാണ് ഹെയ്തിയിന്‍ പ്രസിഡന്റ് ജോവിനല്‍ മോയിസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. പോര്‍ട്ട് ഔ പ്രിന്‍സിലെ തന്റെ സ്വകാര്യ വസതിയില്‍വെച്ച് 28 കൂലിപ്പടയാളികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ മാര്‍ടൈനിനും വെടിയേറ്റെങ്കിലും അവര്‍ പിന്നീട് ജീവിതത്തിലേക്ക് തിരികെ വന്നു. ഇതിനോടകം തന്നെ നിയമവിരുദ്ധ, ഗുണ്ടാ സംഘങ്ങള്‍ അരങ്ങു വാണിരുന്ന ഹെയ്തിയെ അദ്ദേഹത്തിന്റെ കൊലപാതകം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളിവിട്ടു.

അദ്ദേഹത്തെ അക്രമിച്ച സംഘത്തിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും മുന്‍ കൊളംബിയന്‍ സൈനികരായിരുന്നു. മിയാമി സെക്യൂരിറ്റി സ്ഥാപനത്തിന്റെ തലവനായ രണ്ടുപേര്‍ മോയ്സിനെ തട്ടിക്കൊണ്ടുപോയി പകരം ഒരു ഹെയ്തി-അമേരിക്കന്‍ പൗരനെ പകരക്കാരനായി നിയമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി യുഎസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഇമ്രാന്‍ ഖാന്‍: കൊലപാതകശ്രമം

2022 നവംബര്‍ മൂന്നാണ് മുന്‍ പാക് പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന് നേരെ വെടിവയ്പ്പ് ഉണ്ടായത്. കിഴക്കന്‍ പട്ടണമായ വാസിര്‍ബാദിലൂടെ തുറന്ന ട്രക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം. സൈന്യം പിന്തുണ പിന്‍വലിച്ചതോടെ ആ വര്‍ഷം ആദ്യം അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഇമ്രാന്‍ ഖാന്‍ ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുകയായിരുന്നു. ഇമ്രാന്‍ ഖാന്‍ നടത്തിയ റാലിയെത്തുടര്‍ന്ന് മുസ്ലീങ്ങളുടെ പ്രാര്‍ത്ഥന തടസ്സപ്പെട്ടതാണ് കൊലപാതകശ്രമത്തിന് കാരണമെന്ന് ഒരു കടയുടമ നടത്തുന്ന കുറ്റസമ്മത വീഡിയോ പോലീസ് പുറത്തുവിട്ടിരുന്നു.

ക്രിസ്റ്റീന കിര്‍ച്ചനര്‍: കൊലപാതകശ്രമം

2022 സെപ്റ്റംബര്‍ ഒന്നിനാണ് അര്‍ജന്റീനയുടെ വൈസ് പ്രസിഡന്റ് ക്രിസ്റ്റിന കിര്‍ച്ചനറിനുനേരെ വധശ്രമം ഉണ്ടായത്. ബ്യൂണോ എയറീസിലെ തന്റെ വസതിക്കു മുമ്പിലെത്തിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ അക്രമി അവരെ ലക്ഷ്യമിട്ടത്. എന്നാല്‍, തോക്ക് ശരിയായ പ്രവര്‍ത്തിക്കാത്തിനാല്‍ അപകടം ഒഴിവായി.

2007 മുതല്‍ 2015 വരെ മധ്യ-ഇടതുപക്ഷ പ്രസിഡന്റായിരുന്ന കിര്‍ച്ചനറിനെതിരേ അക്രമണം നടക്കുന്ന സമയത്ത് അഴിമതി ആരോപണങ്ങള്‍ നേരിടുന്നുണ്ടായിരുന്നു. അവരുടെ പെറോണിസം പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവരും എതിരാളികളും ഇരുചേരികളിലായി ഏറ്റുമുട്ടിയിരുന്നു.

അര്‍ജന്റീനയില്‍ വളര്‍ന്ന ബ്രസീലിയന്‍ പൗരനാണ് കിര്‍ച്ചനറിനെ ആക്രമിച്ചത്. നാസിസവുമായി ബന്ധപ്പെട്ട ടാറ്റുകള്‍ ധരിച്ചു നില്‍ക്കുന്ന ഇയാളുടെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ജെയര്‍ ബോള്‍സോനാരോ: കൊലപാതകശ്രമം

2018 സെപ്റ്റംബര്‍ ആറിനാണ് ബ്രസീലിയന്‍ തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ജെയര്‍ ബോള്‍സോനരോ ആക്രമിയുടെ കത്തിയാക്രമണത്തിന് ഇരയാകുന്നത്. പ്രചാരണത്തിനിടെ അക്രമി അദ്ദേഹത്തിന്റെ വയറില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. വിചാരണ നേരിടാന്‍ മാനസികമായി പ്രതിക്ക് ശേഷിയില്ലെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി. പിന്നീട് ബോള്‍സോനരോ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

Latest News