യൂറോപ്പിലെ ആത്മീയപരമായി ഏറ്റവും പ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നായി ആദ്യകാലം മുതൽ പ്രശസ്തി നേടിയ ഒരു സ്ഥലമാണ് സ്പെയിനിന്റെ വടക്കുപടിഞ്ഞാറൻ കോണിലുള്ള ഗലീഷ്യ. മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളും പുരാതന നദികളും മധ്യകാലഘട്ടത്തിൽ നിർമിക്കപ്പെട്ട ആശ്രമങ്ങളും നാടകീയമായ മലയിടുക്കുകളുമെല്ലാം ചേരുമ്പോൾ ഗലീഷ്യയ്ക്ക് മാറ്റുകൂടുന്നു. സ്പെയിനിലെ ഏറ്റവും സാന്ദ്രമായ ആശ്രമങ്ങളുടെയും പള്ളികളുടെയും കേന്ദ്രമാണ് ഗലീഷ്യ.
മധ്യകാലഘട്ടത്തിൽ, ഗലീഷ്യയെ ‘ഭൂമിയുടെ അറ്റം’ ആയി വിശേഷിപ്പിച്ചിരുന്നു. ക്രിസ്ത്യാനികളുടെ റോമൻ പീഡന കാലഘട്ടം മുതൽ, ഇസ്ലാമികവികാസം വരെ യൂറോപ്പിൽ അധിനിവേശഭയം ഉയർന്നപ്പോൾ ഗലീഷ്യയും അയൽരാജ്യമായ അസ്റ്റൂറിയസും ചേർന്ന് ക്രൈസ്തവരുടെ സുരക്ഷിത താവളമായി മാറി. വിശ്വാസികളും സന്യാസിമാരും പുരോഹിതന്മാരും അമൂല്യമായ പുരാവസ്തുക്കൾ, തങ്ങളുടെ വിശ്വാസത്തിന്റെ അവശിഷ്ടങ്ങൾ, വിശുദ്ധ ലിഖിതങ്ങൾ എന്നിവ ഈ പരുക്കൻ ഭൂമിയിലേക്കു കൊണ്ടുപോകുകയും അക്രമികളിൽനിന്നും അവയുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു. അതുപോലെതന്നെ ആശ്രമങ്ങൾ, പള്ളികൾ എന്നിവയാൽ നിറഞ്ഞ ഒരു ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. ഓരോ ഇടവും ക്രിസ്ത്യൻ പൈതൃകത്തിന്റെ കലവറയായി അവശേഷിക്കുന്നു.
സാക്ര നദി: ആശ്രമങ്ങളുടെ നാട്
ഗലീഷ്യയുടെ സന്യാസത്തിന്റെ ഏറ്റവും ഉജ്വലമായ ഉദാഹരണമാണ് റിബെയ്‌റ സാക്ര. ഇവിടെ, ശാന്തമായ താഴ്‌വരകളിലും കുത്തനെയുള്ള നദീതീരങ്ങളിലും, 9-13 നൂറ്റാണ്ടുകൾക്കിടയിൽ ഡസൻകണക്കിന് ആശ്രമങ്ങൾ സ്ഥാപിക്കപ്പെട്ടു. അവരുടെ ഒറ്റപ്പെട്ട സ്ഥലങ്ങൾ നിശ്ശബ്ദതയിലും പ്രാർഥനയിലും ദൈവത്തെ അന്വേഷിക്കാൻ ലോകത്തിൽനിന്ന് പിൻവാങ്ങാനുള്ള സന്യാസ ആദർശത്തെ പ്രതിഫലിപ്പിച്ചിരുന്നു.
റോമനെസ്ക്, നവോത്ഥാന വാസ്തുവിദ്യയുടെ അതിശയകരമായ ഉദാഹരണമായ സാന്റോ എസ്റ്റെവോ ഡി റിബാസ് ഡി സിൽ മൊണാസ്ട്രിയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. സാന്താ ക്രിസ്റ്റീന ഡി റിബാസ് ഡി സിൽ ആണ് മറ്റൊരു ഇടം. വനങ്ങൾക്കിടയിലുള്ള അതിമനോഹരമായ സജ്ജീകരണം തീർഥാടകർക്കും സന്ദർശകർക്കും ഒരുപോലെ ശാന്തമായ ഒരു വിശ്രമകേന്ദ്രമാക്കി മാറ്റുന്നു. റിബെയ്‌റ സാക്രയുടെ ആത്മീയവും കലാപരവുമായ പൈതൃകത്തിന് ഇത് സാക്ഷ്യം വഹിക്കുന്നു.
കമ്പോസ്റ്റേല: ഗലീഷ്യയുടെ ആത്മീയതയുടെ ഹൃദയം
സാന്റിയാഗോ ഡി കമ്പോസ്റ്റേലയെ പരാമർശിക്കാതെ ഗലീഷ്യയുടെ വിശുദ്ധ ഭൂപ്രകൃതിയെക്കുറിച്ചുള്ള ഒരു ചർച്ചയും പൂർത്തിയാകില്ല. കാമിനോ ഡി സാന്റിയാഗോയുടെ അവസാന വാക്ക് എന്ന നിലയിൽ, ഈ നഗരം ആയിരത്തിലധികം വർഷങ്ങളായി തീർഥാടകരെ ആകർഷിക്കുന്നു. വി. യാക്കോബ് ശ്ലീഹായുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്നതായി വിശ്വസിക്കപ്പെടുന്ന കത്തീഡ്രൽ, വിശ്വാസത്തിന്റെയും ഭക്തിയുടെയും നാടെന്ന നിലയിൽ ഗലീഷ്യയുടെ അന്തസത്തയെ ഉൾക്കൊള്ളുന്നു.
എന്താണ് ഗലീഷ്യയെ ആത്മീയമായി സവിശേഷമാക്കുന്നത്? അതിന്റെ ചരിത്രപരമായ കാര്യങ്ങൾ മാത്രമല്ല, അതിന്റെ അതുല്യമായ സ്വഭാവവുംകൂടി പരിഗണിക്കപ്പെടേണ്ടതായുണ്ട്. ഗലീഷ്യയുടെ പ്രകൃതിസൗന്ദര്യം, ഐബീരിയൻ കെൽറ്റിക് വേരുകൾ, ക്രിസ്ത്യൻ പൈതൃകം എന്നിവയുടെ പരസ്പരബന്ധത്താൽ രൂപപ്പെട്ട നിഗൂഢസൗന്ദര്യത്തിൽ ചേർന്നിരിക്കുന്നു. ഈ പ്രദേശത്തെ മൂടൽമഞ്ഞ് നിറഞ്ഞ താഴ്‌വരകളും പരുക്കൻ തീരപ്രദേശങ്ങളും ഒരു വിശുദ്ധ പ്രഭാവലയം നൽകുന്നു. ആ പ്രദേശം തന്നെ നമ്മെ ദൈവവുമായി അടുപ്പിക്കാൻ ക്ഷണിക്കും.
അതിന്റെ ആശ്രമങ്ങളിൽ സംരക്ഷിച്ചിരിക്കുന്ന അവശിഷ്ടങ്ങൾ മുതൽ കാമിനോ ഡി സാന്റിയാഗോയുടെ ശാശ്വതമായ പ്രശാന്തത വരെ കാലാതീതമായ ഒരു ആത്മീയ അഭയം പ്രദാനം ചെയ്യുന്നു. പുരാതന പള്ളികളും ശാന്തമായ പ്രകൃതിദൃശ്യങ്ങളുമുള്ള റിബെയ്‌റ സാക്ര ഈ അസാധാരണ പ്രദേശത്തിന്റെ സൂക്ഷ്മരൂപമായി വർത്തിക്കുന്നു – ചരിത്രവും വിശ്വാസവും പ്രകൃതിയും ഒരുപോലെ സമ്മേളിക്കുന്ന ഒരിടം.
സഞ്ചാരികൾക്കും തീർഥാകർക്കും ഒരുപോലെ, ഗലീഷ്യ ഒരു സങ്കേതമായി തുടരുന്നു. പവിത്രമായത് പലപ്പോഴും ലോകത്തിന്റെ അരികുകളിൽ കാണപ്പെടുന്നുവെന്ന് ഈ ഇടം നമ്മെ ഓർമിപ്പിക്കുന്നു.
സുനിഷ വി. എഫ്.