Thursday, November 21, 2024

ചരിത്രത്തിൽ ഈ ദിനം – ഒക്ടോബർ 11

ഇന്ന് ഒക്ടോബർ 11. ചരിത്രത്തിൽ ഈ ദിനം ചേർത്തുവയ്ക്കപ്പെട്ടത് നിരവധി സംഭവങ്ങളിലൂടെയാണ്.

‘ബഹിരാകാശത്തു നടക്കുന്ന ആദ്യ വനിത’ എന്ന ബഹുമതി കാത്തി സള്ളിവൻ സ്വന്തമാക്കിയത് 1984 ഒക്ടോബർ 11-നായിരുന്നു. അമേരിക്കയിൽനിന്നുള്ള ബഹിരാകാശസഞ്ചാരിയായിരുന്ന കാത്തി സള്ളിവൻ  ചലഞ്ചർ ദൗത്യത്തിന്റെ ഭാഗമായിരുന്നു. മൂന്നര മണിക്കൂറാണ് പേടകത്തിനു പുറത്ത് അവർ ചെലവഴിച്ചത്. സഹയാത്രികനായ ഡേവിഡ് ലീസ്റ്റ്മയുമായി ചേർന്ന് ബഹിരാകാശത്തുവച്ച് പേടകത്തിൽ ഇന്ധനം നിറയ്ക്കുന്നതിന്റെ ട്രയൽ ഡെമോൺസ്‌ട്രേഷനുവേണ്ടിയാണ് അവർ പേടകത്തിനു പുറത്തിറങ്ങിയത്.

ഭൂമിയിൽനിന്ന് 140 മൈൽ ഉയരത്തിൽ, മണിക്കൂറിൽ 17,500 മൈൽ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന പേടകത്തിലാണ് അവർ പരീക്ഷണം നടത്തിയത്. 2020-ൽ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ സ്ഥലമായ ചലഞ്ചർ ഡീപ്പിലെത്തിയ ആദ്യത്തെ വനിത എന്ന ഖ്യാതിയും അവർ സ്വന്തമാക്കി. പസഫിക്ക് സമുദ്രത്തിലെ മരിയാന ട്രഞ്ചിൽ 35,000 അടി താഴെയുള്ള സ്ഥലമാണ് ചലഞ്ചർ ഡീപ്പ്. ബഹിരാകാശത്തും ചലഞ്ചർ ഡീപ്പിലുമെത്തിയ ആദ്യവ്യക്തിയും കാത്തി സള്ളിവനാണ്.

ഓപ്പറേഷൻ പവന്റെ ഭാഗമായുള്ള ആദ്യ ആക്രമണം നടന്നത് 1987 ഒക്ടോബർ 11-നായിരുന്നു. എൽ. ടി. ടി. ഇ. തീവ്രവാദികളിൽനിന്നും ശ്രീലങ്കയിലെ ജാഫ്ന വീണ്ടെടുക്കുന്നതിനായി ഇന്ത്യൻ സമാധാന സംരക്ഷണസേന നടത്തിയ സൈനികദൗത്യമായിരുന്നു ഓപ്പറേഷൻ പവൻ. ശ്രീലങ്കൻ പ്രസിഡന്റിന്റെ അഭ്യർഥന മാനിച്ച് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് എൽ. ടി. ടി. ഇ. ഭീകരരെ നേരിടാൻ സൈന്യത്തിന് അനുമതി നൽകിയത്. ജാഫ്ന യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് ആദ്യപോരാട്ടം നടന്നത്. ആക്രമണരഹസ്യം ചോർന്നതിനെത്തുടർന്ന് ഭീകരരിൽനിന്ന് കനത്ത തിരിച്ചടിയുണ്ടാവുകയും ഇന്ത്യൻസൈന്യത്തിന് നിരവധി സൈനികരുടെ ജീവൻ നഷ്ടമാവുകയും ചെയ്തു. എങ്കിലും മൂന്നാഴ്ച നീണ്ടുനിന്ന കനത്ത യുദ്ധത്തിനുശേഷം ജാഫ്ന പ്രവിശ്യ ഇന്ത്യൻസൈന്യം ഭീകരരിൽനിന്ന് പിടിച്ചെടുത്തു.

2008 ഒക്ടോബർ 11-നാണ് കാശ്മീർ താഴ്വരയിൽനിന്നുള്ള ആദ്യ ട്രെയിൻ സർവീസ് ആരംഭിച്ചത്. ശ്രീനഗറിനു സമീപമുള്ള നൗഗാം റെയിൽവെ സ്റ്റേഷനിൽനിന്നാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ട്രെയിൻ ഫ്ളാഗോഫ് ചെയ്തു. പ്രധാനമന്ത്രിയായിരുന്ന ഐ. കെ. ഗുജ്റാൾ പത്തുവർഷം മുമ്പ് തുടങ്ങിവച്ച പദ്ധതിയാണ് 2008-ൽ പൂർത്തീകരിച്ചത്. സ്കൂൾവിദ്യാർഥികളാണ് ആദ്യ സർവീസിൽ ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ രാജ്വനേശ്വറിൽനിന്ന് അനന്തനാഗ് വരെയുള്ള 66 കിലോമീറ്ററായിരുന്നു ട്രെയിൻ സർവീസ്. കാശ്മീർ തലസ്ഥാനത്ത് അതീവ സുരക്ഷാവലയത്തിൽ നടത്തിയ ഫ്ളാഗോഫ് ചടങ്ങ് കേവലം അരമണിക്കൂർ മാത്രമാണ് നീണ്ടത്.

Latest News