ശ്രീലങ്കയിലെ പത്തുവയസ്സുകാരിയായ മാല്‍ക്കി രാവിലെ എഴുന്നേറ്റതു തന്നെ ഏറെ ഉത്സാഹത്തോടെയാണ്. അവളുടെ രണ്ട് സഹോദരിമാര്‍ക്കും രണ്ട് സഹോദരന്മാര്‍ക്കും മുമ്പ് അവള്‍ എഴുന്നേറ്റു. കാരണം ഇന്നവള്‍ക്ക് സ്‌കൂളില്‍ പോകണം. അതിന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.
സ്‌കൂളില്‍ പോകുന്നതോര്‍ത്ത് ഉത്സാഹവും സന്തോഷവുമാണെങ്കിലും തന്റെ സഹോദരങ്ങള്‍ക്ക് ആ ഭാഗ്യം ലഭിക്കാത്തത് ഓര്‍ത്ത് അവള്‍ക്ക് സങ്കടമാണ്. കാരണം നിലവില്‍ അവളുടെ കുടുംബത്തിന് അവളെ മാത്രമേ സ്‌കൂളില്‍ അയയ്ക്കാന്‍ കഴിയൂ.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. രാഷ്ടീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥയ്ക്കുശേഷം ദ്വീപ് രാഷ്ട്രത്തില്‍ വലിയതോതില്‍ ശാന്തത തിരിച്ചെത്തിയെങ്കിലും വന്‍തോതിലുള്ള തൊഴിലില്ലായ്മയും അഭൂതപൂര്‍വമായ വിലക്കയറ്റവുമാണ് ഇപ്പോള്‍ പല കുടുംബങ്ങളേയും പ്രതിസന്ധിയിലാക്കുന്നത്. പണപ്പെരുപ്പം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയപ്പോള്‍ ശ്രീലങ്കയില്‍ ഭക്ഷ്യവിലയും റെക്കോര്‍ഡ് നിലവാരത്തിലെത്തി.
എല്ലാ മാതാപിതാക്കളുടെയും പേടിസ്വപ്നം
മാല്‍ക്കിയുടെ അമ്മ പ്രിയാന്തികയ്ക്ക് ഇക്കാരണത്താല്‍ തന്റെ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. വരുമാനത്തിനായി അവര്‍ പടക്ക കച്ചവടം നടത്തുകയാണ്. ചില ദിവസങ്ങളില്‍ മാല്‍ക്കിയുടെ കുടുംബത്തില്‍ ആരും ഭക്ഷണം കഴിക്കാറില്ല.
ശ്രീലങ്കയില്‍ വിദ്യാഭ്യാസം സൗജന്യമാണെങ്കിലും സ്‌കൂളില്‍ ഭക്ഷണം നല്‍കുന്നില്ല. യൂണിഫോമിന്റെയും യാത്രാച്ചെലവിന്റെയും തുക കൂട്ടിയാല്‍, പ്രിയാന്തികയ്ക്ക് താങ്ങാന്‍ കഴിയാത്ത ഒരു ആഡംബരമാണ് മക്കളുടെ വിദ്യാഭ്യാസം. ഓരോ കുട്ടിയ്ക്കും സ്‌കൂളിലേക്ക് പോകണമെങ്കില്‍ പ്രതിദിനം 400 രൂപ വേണമെന്ന് അവര്‍ പറയുന്നു. ഒറ്റമുറി വീട്ടില്‍ ആകെയുള്ള കട്ടിലില്‍ ഇരുന്ന്, കണ്ണുനീര്‍ തുടച്ചുകൊണ്ട് അവര്‍ പറഞ്ഞു.
‘ എന്റെ മക്കളെല്ലാം ദിവസവും സ്‌കൂളില്‍ പോകാറുണ്ടായിരുന്നു. ഇപ്പോള്‍ അവരെ അയക്കാന്‍ എന്റെ കയ്യില്‍ പണമില്ല. ഷൂസും യൂണിഫോമും ഇപ്പോഴും പാകമായതിനാല്‍ മാല്‍ക്കിക്ക് മാത്രം സ്‌കൂളില്‍ പോകാം. എന്നാല്‍ തനിക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്തതിനെ ഓര്‍ത്ത് അവളുടെ അനുജത്തി ദുലാഞ്ജലി കട്ടിലില്‍ കിടന്ന് കരയുകയാണ്’. പ്രിയാന്തിക പറയുന്നു.
തകര്‍ന്ന വിദ്യാഭ്യാസം
സൂര്യന്‍ ഉദിക്കുമ്പോള്‍, മണ്‍പാതകളിലൂടെ വെളുത്ത കോട്ടണ്‍ യൂണിഫോമില്‍ കുട്ടികള്‍ സ്‌കൂളിലേക്ക് നടക്കുന്നു.
‘സ്‌കൂള്‍ ദിവസങ്ങളില്‍ ഞങ്ങള്‍ രാവിലെ അസംബ്ലി നടത്തുമ്പോള്‍, കുട്ടികള്‍ വിശപ്പ് കാരണം തളര്‍ന്നുപോകുന്നതായി മനസിലാക്കുന്നു’. കൊളംബോയിലെ കോട്ടഹേന സെന്‍ട്രല്‍ സെക്കന്‍ഡറി കോളേജിലെ പ്രിന്‍സിപ്പലായ പ്രക്രമ വീരസിന്‍ഹെ പറയുന്നു. സ്‌കൂളുകള്‍ക്ക് അരി വിതരണം ആരംഭിച്ചതായി സര്‍ക്കാര്‍ പറയുന്നു, എന്നാല്‍ തങ്ങള്‍ക്ക് സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഹാജര്‍ 40% ആയി കുറഞ്ഞ സമയത്ത് കുട്ടികള്‍ക്ക് കൂടി കൊടുക്കാന്‍ വീടുകളില്‍ നിന്ന് അധിക ഭക്ഷണം കൊണ്ടുവരാന്‍ അധ്യാപകരോട് പറയേണ്ടി വന്നെന്ന് വീരസിന്‍ഹ പറയുന്നു.
ചെലവ് കാരണം വിദ്യാഭ്യാസം ഉപേക്ഷിക്കുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് സിലോണ്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി് ജോസഫ് സ്റ്റാലിന്‍ പറഞ്ഞു. ‘രാജ്യത്തെ ഈ സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ത്ഥ ഇരകള്‍ കുട്ടികളാണ്. ഗവണ്‍മെന്റ് ഈ പ്രശ്‌നത്തിന് ഉത്തരം തേടുന്നില്ല. ശ്രീലങ്കന്‍ ഗവണ്‍മെന്റിനേക്കാള്‍ യുണിസെഫും മറ്റുള്ളവരും ഇത് കാണുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസാന പ്രതീക്ഷ?
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് തോന്നിയതോടെ ചാരിറ്റികള്‍ക്ക് രംഗത്തിറങ്ങേണ്ടിവന്നു. മൂന്ന് പതിറ്റാണ്ടുകളായി കൊളംബോയിലെ പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു ക്രിസ്ത്യന്‍ ചാരിറ്റിയാണ് സമത ശരണ. ഇന്ന്, അതിന്റെ ഫുഡ് ഹാള്‍ തലസ്ഥാനത്തെമ്പാടുമുള്ള സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാല്‍ നിറഞ്ഞിരിക്കുന്നു. ദിനംപ്രതി 200 കുട്ടികളെ സഹായിക്കാന്‍ ചാരിറ്റിക്ക് കഴിയുമെങ്കിലും, എല്ലാവരുടേയും ആവശ്യം നിറവേറ്റാന്‍ അത് പാടുപെടുകയാണെന്ന് വ്യക്തമാണ്.
സ്‌കൂളിലെ ആദ്യ ദിവസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍, തന്റെ സുഹൃത്തുക്കളെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ താന്‍ എത്രമാത്രം സന്തോഷവതിയാണെന്ന് മാല്‍കി അമ്മയോട് പറയുന്നു. എന്നാല്‍ തനിക്ക് ഒരു പുതിയ വര്‍ക്ക്ബുക്ക് ആവശ്യമാണെന്നും സ്്കൂള്‍ പ്രോജക്റ്റിന് വേണ്ട സാമഗ്രികള്‍ വാങ്ങണമെന്നും പറയുമ്പോള്‍ അമ്മയുടെ മുഖം വീണ്ടും മ്ലാനമാകുന്നു.
‘ഇന്നത്തെ ഭക്ഷണം കണ്ടെത്താനായാല്‍, നാളെ എങ്ങനെ കഴിക്കാന്‍ എന്തെങ്കിലും കണ്ടെത്തും എന്ന ആശങ്കയിലാണ് ഞങ്ങള്‍’. വേദനയോടെ പ്രിയാന്തിക പറയുന്നു.