വിദേശ കരുതല്‍ ശേഖരത്തിലുണ്ടായ കുറവും കുതിച്ചുയരുന്ന പണപ്പെരുപ്പവുമാണ് ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തത്. വിനോദസഞ്ചാരത്തെ ബാധിച്ച മഹാമാരിയും എണ്ണവില കുതിച്ചുയരാന്‍ കാരണമായ യുക്രെയ്‌നിലെ യുദ്ധവും സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്തു.
ഇപ്പോള്‍ ശ്രീലങ്ക ഒരു മാനുഷിക പ്രതിസന്ധിയുടെ വക്കിലാണെന്ന് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) വെളിപ്പെടു്ത്തി. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ രാജ്യത്തെ 70% കുടുംബങ്ങളും ഭക്ഷണം വെട്ടിക്കുറച്ചതായും രാജ്യത്തെ ഇന്ധനത്തിന്റെയും അവശ്യമരുന്നുകളുടെയും സ്റ്റോക്കുകള്‍ അതിവേഗം തീര്‍ന്നുപോകുകയാണെന്നും സംഘടന കണ്ടെത്തി.
‘ജീവിതച്ചെലവ് വളരെ കൂടുതലാണ്. അതിനാല്‍ അതിജീവിക്കാന്‍ ഞങ്ങള്‍ വായ്പയെടുക്കുകയാണ്. കഴിഞ്ഞ നാല് മാസമായി ചോറ് കഴിക്കാത്ത ആളുകളുണ്ട്. ഒരു മാസമായി അടുക്കളയില്‍ എന്തെങ്കിലും പാകം ചെയ്യാത്തവരുണ്ട്. ദിവസങ്ങളോളം ചക്ക മാത്രം തിന്ന് ജീവിക്കുന്നവരുണ്ട്. പാലും ചോറും വാങ്ങാന്‍ ചിലര്‍ക്കെങ്കിലും കഴിയുമെങ്കിലും പച്ചക്കറികള്‍ വാങ്ങാന്‍ ആര്‍ക്കും കഴിയില്ല. റൊട്ടിയ്ക്കും വലിയ വിലയാണ്. ജൂണില്‍ മാത്രം ശ്രീലങ്കയില്‍ ഭക്ഷ്യവസ്തുക്കളുടെ വില 80% വര്‍ദ്ധിച്ചിരുന്നു.
കമ്മ്യൂണിറ്റി കിച്ചണില്‍ സൗജന്യ ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്ന ആളുകളുടെ എണ്ണം പ്രതിദിനം 50 ല്‍ നിന്ന് 250-ലധികമായി വര്‍ദ്ധിച്ചു. വേവിച്ച അരി, പയറ്, ചീര, എന്നിവയാണ് പാത്രങ്ങളില്‍ വിളമ്പുന്നത്. ഡസന്‍ കണക്കിന് കുടുംബങ്ങള്‍ – കുഞ്ഞുങ്ങളുള്ള അമ്മമാര്‍ ഉള്‍പ്പെടെ – അവരുടെ അന്നത്തെ ഏക ഭക്ഷണത്തിനായി പ്ലേറ്റുകളുമായി നിരയില്‍ നില്‍ക്കുകയാണ്. വിശപ്പ് സഹിക്കാനാവാത്തതിനാലാണ് ഞങ്ങളിവിടെ എത്തിയിരിക്കുന്നത്. നാലു കുട്ടികളുടെ അമ്മയായ ചന്ദ്രിക മണേല്‍ പറയുന്നു.
ഇവിടുത്തെ കുട്ടികളില്‍ ഭൂരിഭാഗവും പോഷകാഹാരക്കുറവുള്ളവരാണ്. ഗര്‍ഭിണിയായ 34 കാരി സഹ്നയും തന്റെ മൂന്ന് കൊച്ചുകുട്ടികളുമായി ക്യൂവില്‍ ഉണ്ട്. ‘എന്റെ കുട്ടികള്‍ ദയനീയരാണ്. എന്റെ കുഞ്ഞുങ്ങള്‍ക്ക് ഒരു പാക്കറ്റ് ബിസ്‌ക്കറ്റോ പാലോ പോലും വാങ്ങാന്‍ എനിക്ക് കഴിയുന്നില്ല’. അവര്‍ പറയുന്നു. കൂലിപ്പണിക്കാരനായ സഹനയുടെ ഭര്‍ത്താവ്, മുഴുവന്‍ കുടുംബത്തെയും പോറ്റാന്‍ പാടുപെടുകയാണ്. ‘നമ്മുടെ നേതാക്കള്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്നു, അവരുടെ മക്കള്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെങ്കില്‍, എന്തുകൊണ്ട് എന്റെ മക്കള്‍ക്ക് കഴിയുന്നില്ല?’ അവള്‍ ചോദിക്കുന്നു.
ഉയര്‍ന്നുവരുന്ന മാനുഷിക പ്രതിസന്ധി
സഹ്നയുടെ കുഞ്ഞ് ജനിക്കുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നാണ് കരുതുന്നത്. കൊളംബോ മേയര്‍ അടുത്തിടെ പറഞ്ഞത് തലസ്ഥാനത്ത് സെപ്തംബര്‍ വരെയുള്ള ഭക്ഷണം മാത്രമാണുള്ളത് എന്നാണ്.
ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും ദൗര്‍ലഭ്യവും ദിവസേനയുള്ള പവര്‍ കട്ടും മൂലം കുടുംബങ്ങള്‍ക്ക് പുതിയ ഭക്ഷണം വാങ്ങാനോ ചൂടുള്ള ഭക്ഷണം തയ്യാറാക്കാനോ യാത്ര ചെയ്യാനോ കഴിയില്ല.
‘കുടുംബങ്ങള്‍ ഭക്ഷണം വെട്ടിക്കുറയ്ക്കുന്നു, പോഷകാഹാരം കുറയ്ക്കുന്നു. അതിനാല്‍ പോഷകാഹാരക്കുറവ് ഒരു പ്രധാന ആശങ്കയാകുന്ന ഒരു അവസ്ഥയിലേക്ക് ഞങ്ങള്‍ തീര്‍ച്ചയായും എത്തിച്ചേരുകയാണ്,’ യുണിസെഫിന്റെ പ്രതിനിധി ക്രിസ്റ്റ്യന്‍ സ്‌കൂഗ് പറഞ്ഞു.
‘ഞങ്ങള്‍ ഒരു മാനുഷിക പ്രതിസന്ധി ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്. ഇതുവരെ ഇവിടെ കുട്ടികള്‍ മരിച്ചിട്ടില്ല. അത് നല്ലതാണ്, പക്ഷേ അത് ഒഴിവാക്കാന്‍ ഞങ്ങള്‍ക്ക് അടിയന്തിരമായി പിന്തുണ ലഭിക്കേണ്ടതുണ്ട്.’
ഗുരുതരമായ പോഷകാഹാരക്കുറവുള്ള ആയിരക്കണക്കിന് കുട്ടികളെ ചികിത്സിക്കുന്നതിനും മറ്റ് ഒരു ദശലക്ഷം പേര്‍ക്ക് പ്രാഥമിക ആരോഗ്യ പരിരക്ഷ നല്‍കുന്നതിനും അടിയന്തിര സാമ്പത്തിക സഹായത്തിനായി യുണിസെഫ് അഭ്യര്‍ത്ഥിച്ചു.
കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം ഉയര്‍ന്നതോടെ രൂക്ഷമായ പോഷകാഹാരക്കുറവ് 13% ല്‍ നിന്ന് 20% ആയി ഉയരുമെന്ന് ശ്രീലങ്ക മെഡിക്കല്‍ ന്യൂട്രീഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.രേണുക ജയതിസ്സ പറയുന്നു.