Sunday, April 20, 2025

ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന സ്ഫോടനം സര്‍ക്കാര്‍ അറിവോടെ: ഡോക്യുമെന്ററി പുറത്തുവിട്ട് ചാനൽ-4

2019 -ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററി പുറത്ത്. ശ്രീലങ്കൻ സഭാതലവന്മാരുടെ വാദത്തെ പിന്തുണച്ച് യുണൈറ്റഡ് കിങ്ഡം ആസ്ഥാനമായുള്ള ചാനൽ-4 എന്ന ബ്രോഡ്കാസ്റ്ററാണ് ഡോക്യുമെന്ററി പുറത്തുവിട്ടത്. 272 പേരുടെ ജീവൻ അപഹരിച്ച സ്ഫോടനത്തില്‍ രാജ്യത്തെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും പങ്ക് വഹിച്ചുവെന്ന് ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നു.

ശ്രീലങ്കൻ അർധസൈനിക വിഭാഗവുമായി ബന്ധമുള്ള ഹൻസീർ ആസാദ് മൗലാന എന്നയാളുടെ വെളിപ്പെടുത്തലുകളെ കേന്ദ്രീകരിച്ചായിരുന്നു സെപ്റ്റംബർ 6 -ന് ചാനൽ-4 സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി. രാഷ്ട്രീയമായി ശക്തരായ രാജപക്‌സെ കുടുംബവുമായി അടുപ്പമുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനും ദേശീയസുരക്ഷയുടെ മറവിൽ അധികാരത്തിലെത്തുന്നതിനുംവേണ്ടി സ്‌ഫോടനങ്ങൾക്ക് ചുക്കാൻപിടിച്ചതും സൗകര്യമൊരുക്കിയതെന്നും ഹൻസീർ ആരോപിച്ചു.

ദ്വീപ് രാഷ്ട്രത്തിലെ കർദിനാൾ മാൽക്കം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള കത്തോലിക്കാ സഭാധികാരികൾ, സ്ഫോടനം രാഷ്ട്രീയാധികാരത്തിനുവേണ്ടി ഇസ്ലാമിക തീവ്രവാദികളെ ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതിയാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. രാജ്യത്ത് അധികാരം പിടിക്കാൻവേണ്ടി നടത്തിയ ഗൂഢാലോചനയിൽ ശ്രീലങ്കയിലെ ഉന്നതനേതൃത്വത്തിന്റെ പങ്കാളിത്തമുണ്ടെന്ന് കർദിനാൾ രഞ്ജിത്ത് ഡോക്യുമെന്ററിയിൽ ആവർത്തിക്കുകയും ചെയ്തു.

2018 -ൽ അന്നത്തെ മുതിർന്ന മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥനായ മേജർ ജനറൽ സുരേഷ് സാലിയുമായും ചാവേർ ബോംബർമാരായി മാറിയ ഒരുകൂട്ടം തീവ്രചിന്താഗതിക്കാരായാ മുസ്ലീം യുവാക്കളുമായും താൻ ഒരു രഹസ്യകൂടിക്കാഴ്ച സംഘടിപ്പിച്ചുവെന്ന് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയ ഹൻസീർ അവകാശപ്പെട്ടു.

രഹസ്യകൂടിക്കാഴ്ച്ചയ്ക്കുശേഷം സുരേഷ് സാലി തന്റെ അടുത്തുവന്ന് രാജപക്‌സെകൾക്ക് ശ്രീലങ്കയിൽ സുരക്ഷിതമല്ലാത്ത സാഹചര്യമൊരുക്കേണ്ടത് ആവശ്യമാണെന്നും അതുവഴി മാത്രമേ ഗോതബായ രാജപക്‌സെക്ക് രാജ്യത്തിന്റെ പ്രസിഡന്റാകാനുള്ള സാധ്യതയുള്ളൂ എന്നും പറഞ്ഞ. ആക്രമണം കേവലം ഒന്നോ, രണ്ടോ ദിവസം കൊണ്ടല്ല, മറിച്ച് രണ്ടു-മൂന്നു വർഷമെടുത്തു തയാറാക്കിയ പദ്ധതിയായിരുന്നുവെന്ന് മൗലാന വെളിപ്പെടുത്തി. മൗലാന ഉന്നയിച്ച അവകാശവാദങ്ങളെ, പേര് വെളിപ്പെടുത്താത്ത ഒരു സർക്കാർ ഉദ്യോഗസ്ഥനും ശരിവയ്ക്കുന്നുണ്ട്.

ഈസ്റ്റർദിന ആക്രമണത്തിന് ദിവസങ്ങൾക്കുശേഷമാണ് മുൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ തന്റെ പ്രസിഡന്റ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. അധികാരമേറ്റയുടൻ സാലിക്ക്, സ്റ്റേറ്റ് ഇന്റലിജൻസ് മേധാവിയായി അദ്ദേഹം സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. പലപ്പോഴും പൊലീസിലെ മുതിർന്ന സിവിലിയൻ ഉദ്യോഗസ്ഥർ വഹിക്കുന്ന ഉയർന്ന ചാരതസ്തികയിലേക്ക് ഒരു സൈനികോദ്യോഗസ്ഥനെ നിയമിക്കുന്നത് ശ്രീലങ്കയിൽ ഇതാദ്യമാണ്.

ആരോപണങ്ങൾ നിഷേധിച്ച സാലി, തീവ്രവാദികളുമായി കൂടിക്കാഴ്ച നടന്നുവെന്നുപറയുന്ന സമയത്ത്, താൻ മലേഷ്യയിലായിരുന്നെന്നും ബോംബ് സ്ഫോടനം നടക്കുമ്പോൾ താൻ ഇന്ത്യയിലായിരുന്നെന്നും അതുകൊണ്ട് തനിക്ക് ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നും ഡോക്യുമെന്ററിയിൽ പറയുന്നു.

ഡോക്യുമെന്ററി സംപ്രേഷണം ചെയ്തശേഷം, ബ്രോഡ്കാസ്റ്റർ ഉന്നയിച്ച പുതിയ ആരോപണങ്ങൾ പഠിക്കാൻ ഒരു സമിതിയെ ശ്രീലങ്കൻ പാർലമെന്റ് പ്രഖ്യാപിച്ചു. എന്നാൽ, ജനീവയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ (യു.എൻ.എച്ച്.ആർ.സി) ശ്രീലങ്കയുടെ മനുഷ്യാവകാശ ലംഘനങ്ങളെയും യുദ്ധകാല കുറ്റകൃത്യങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കുന്ന സമയത്ത് പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയുടെ ഉദ്ദേശശുദ്ധിയിലും സംശയം പ്രകടിപ്പിച്ചു. അതേസമയം, ഡോക്യുമെന്ററിയിലെ വെളിപ്പെടുത്തലുകളിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ ആവശ്യപ്പെട്ടു. ഇരകൾക്ക് നീതിലഭ്യമാക്കുന്നതിൽ പ്രാദേശികസംവിധാനങ്ങൾ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Latest News