Sunday, November 24, 2024

‘ധൈര്യമായിരിക്കുക, അതിജീവിക്കുക’; ഹമാസ് ബന്ദിയാക്കിയ യുവാവിന്റെ വീഡിയോയ്ക്ക് മാതാപിതാക്കളുടെ പ്രതികരണം

ഇസ്രായേല്‍-അമേരിക്കന്‍ ബന്ദിയായ ഹെര്‍ഷ് ഗോള്‍ഡ്ബെര്‍ഗ്-പോളിന്റെ ഒരു വീഡിയോ ഹമാസ് അവരുടെ ടെലിഗ്രാം ചാനലില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ചു.

ഇസ്രായേല്‍ ഗവണ്‍മെന്റ് തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാനും മാനസികയുദ്ധമെന്ന നിലയില്‍ ഇസ്രായേലിന്റെ മേലുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബന്ദികളുടെ വീഡിയോകള്‍ ഹമാസ് ഇടയ്ക്കിടെ പ്രസിദ്ധീകരിക്കാറുണ്ട്. വീഡിയോയില്‍ ഹമാസ് തയ്യാറാക്കിയ സ്‌ക്രിപ്റ്റ് വായിക്കാനും ബന്ദികള്‍ നിര്‍ബന്ധിതരാകുന്നതായി കാണാം.

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ ഗോള്‍ഡ്‌ബെര്‍ഗ്-പോളിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നേ ദിവസം, നോവ മ്യൂസിക് ഫെസ്റ്റിവലില്‍ സുഹൃത്തുക്കളുമായി സമയം ചെലവിടുന്നതിനിടെ ഹമാസ് ഫെസ്റ്റിവല്‍ ആക്രമിക്കുകയും തന്നെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി വീഡിയോയില്‍ ഗോള്‍ഡ്‌ബെര്‍ഗ്-പോള്‍ പറയുന്നു. സിവിലിയന്മാരെ തങ്ങള്‍ ലക്ഷ്യം വച്ചിട്ടില്ലെന്ന് ഹമാസ് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് ഗോള്‍ഡ്‌ബെര്‍ഗ്-പോളിന്റെ വെളിപ്പെടുത്തല്‍.

നോവ മ്യൂസിക് ഫെസ്റ്റിവലിലെ ആക്രമണത്തിനിടെ ഹമാസ് ഗ്രനേഡ് പ്രയോഗിച്ചപ്പോള്‍ ഗോള്‍ഡ്ബെര്‍ഗ്-പോളിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇടതു കൈ നഷ്ടപ്പെടുകയും ചെയ്തു.

ഗോള്‍ഡ്ബെര്‍ഗ്-പോളിന്റെ പിതാവ് ജോണ്‍ ഗോള്‍ഡ്ബെര്‍ഗ്-പോളിനും അമ്മ റേച്ചല്‍ ഗോള്‍ഡ്ബെര്‍ഗും ഗാസയില്‍ ഹമാസ് ഇപ്പോഴും ബന്ദികളാക്കിയിരിക്കുന്ന 133 ഇസ്രായേലികളെ മോചിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള ശ്രമത്തിന്റെ കേന്ദ്ര പ്രവര്‍ത്തകരാണ്.

‘ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു, ശക്തനായിരിക്കുക, അതിജീവിക്കുക’. ഗോള്‍ഡ്ബെര്‍ഗ്-പോളിന്റെ വീഡിയോ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. 201 ദിവസത്തിനുശേഷം അവനെ ജീവനോടെ കണ്ടതില്‍ തങ്ങള്‍ക്ക് ആശ്വാസമുണ്ടെന്നും പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും മറ്റെല്ലാ ബന്ദികളെക്കുറിച്ചും ആശങ്കയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹമാസ് ഈ വീഡിയോ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ബൈഡന്‍ ഭരണകൂടത്തിന് വീഡിയോ അയച്ചു. അതിനുശേഷം ഉദ്യോഗസ്ഥര്‍ ഗോള്‍ഡ്ബെര്‍ഗ്-പോളിന്റെ കുടുംബവുമായി ബന്ധപ്പെട്ടതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗോള്‍ഡ്ബെര്‍ഗ്-പോളിന്‍ എവിടെയാണ് ബന്ദിയാക്കപ്പെട്ടിരിക്കുന്നത് എന്നതിനെകുറിച്ചുള്ള തെളിവുകള്‍ക്കും വിവരങ്ങള്‍ക്കുമായി വീഡിയോ പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘200 ദിവസത്തിലേറെയായി, 133 പേരെ ഹമാസ് ബന്ദികളാക്കിയിരിക്കുന്നു. ദൈനംദിനം ശാരീരികവും ലൈംഗികവും മാനസികവുമായ പീഡനങ്ങള്‍ അവര്‍ സഹിക്കുന്നു. ഹര്‍ഷിന്റെ നിലവിളി എല്ലാ ബന്ദികളുടേയും കൂട്ട നിലവിളി ആണ്. അവരുടെ ജീവിതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുമോ എന്ന ഭയം ശക്തമാകുന്നു, ഇനിയും സമയം പാഴാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല; ബന്ദികള്‍ക്കായിരിക്കണം മുന്‍ഗണന. എല്ലാ ബന്ദികളെയും വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരണം’. ഗോള്‍ഡ്ബെര്‍ഗ്-പോളിന്റെ വീഡിയോ പുറത്തുവന്നതിനുശേഷം ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായവരുടേയും കുടുംബങ്ങളുടെ ഫോറം പറഞ്ഞു.

ഈ ഭയാനകമായ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും നമ്മുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനും വേഗത്തിലുള്ളതും നിര്‍ണായകവുമായ നടപടിയെടുക്കാനുള്ള അടിയന്തിര ആഹ്വാനമാണ് ഈ വീഡിയോയെന്നും ഫോറം കൂട്ടിച്ചേര്‍ത്തു. അതിനായി ഹമാസിനുമേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കണമെന്നും ബന്ദികളുടെ കുടുംബങ്ങളുടെ ഫോറം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

 

Latest News