“പൊടുന്നനെ, ഒരു നിമിഷം കണ്ണുകളെ അന്ധമാക്കുന്ന രീതിയിൽ വെളിച്ചം പൊട്ടിപ്പുറപ്പെട്ടു; ഒപ്പം കഠിനമായ ചൂടും. എനിക്ക് ഒന്നും കാണാൻകഴിഞ്ഞില്ല. വിചിത്രമായ ഒരു പ്രതിധ്വനിയും വിവരിക്കാൻ കഴിയാത്ത ഒരുതരം ബഹളവും തുടർന്ന് ഒരു സ്ഫോടനവും ഉണ്ടായി. ശേഷം വീടും മേൽക്കൂരയുമെല്ലാം തകർന്നു. ഞങ്ങൾ പൂർണ്ണമായും അതിനുള്ളിൽ ഇരുട്ടിലകപ്പെട്ടു.” ജുങ്കോ മോറിമോട്ടോ എന്ന ഹിരോഷിമ അതിജീവിത ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.
ഞാൻ ജുങ്കോ മോറിമോട്ടോ. ഇപ്പോൾ സിഡ്നിയിലാണ് താമസിക്കുന്നത്. പക്ഷേ, ഞാൻ ജനിച്ചതും വളർന്നതും ഹിരോഷിമയിലാണ്.
1945 ആഗസ്റ്റ് ആറിന് രാവിലെ അണുബോംബ് വർഷിക്കപ്പെട്ടപ്പോൾ ഞാൻ 13 വയസുള്ള ഒരു സ്കൂൾ വിദ്യാർഥിനി ആയിരുന്നു. ബോംബ് വീണ സ്ഥലത്തുനിന്ന് 1.7 കിലോമീറ്റർ അകലെയാണ് ഞാൻ താമസിച്ചിരുന്നത്. എനിക്ക് വയറുവേദനയായിരുന്നതിനാൽ ഞാൻ അന്ന് സ്കൂളിൽ പോയിരുന്നില്ല. അധ്യാപകർ, എന്നെ യുദ്ധം ചെയ്യാൻ നിർബന്ധിക്കുന്നതുകൊണ്ട് അന്നത്തെ ദിവസം സ്കൂളിൽ പോകണ്ട എന്ന് മാതാപിതാക്കൾ എന്നോടു പറഞ്ഞു.
രാവിലെ 8:15 ആയപ്പോഴേക്കും ഞാനും സഹോദരിയും എന്റെ കിടപ്പുമുറിയിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് എന്റെ അച്ഛൻ മുടിവെട്ടാൻ പുറത്തേക്കുപോയി. ശ്വാസകോശത്തിനു പ്രശ്നമുണ്ടായിരുന്നതിനാൽ അമ്മ ചികിത്സയ്ക്കായി അടുത്തുള്ള ഒരു ദ്വീപിലേക്കും പോയി. എന്റെ സഹോദരൻ സ്റ്റുഡന്റ് മൊബിലൈസഷന്റെ ഭാഗമായിരുന്നതിനാൽ ജപ്പാൻ സ്റ്റീലിൽ ആയുധനിർമ്മാണത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അവൻ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തി ജനാലയ്ക്കരികിലിരുന്ന് ഗിറ്റാർ വായിച്ചുകൊണ്ടിരുന്നു. വേനൽക്കാലവും ചൂടുമായിരുന്നതിനാൽ അവൻ ഷർട്ട് ധരിച്ചിരുന്നില്ല. എന്റെ മൂത്തസഹോദരിയും ജോലികഴിഞ്ഞ് തിരിച്ചെത്തി. അരി കൊണ്ടുള്ള പ്രഭാതഭക്ഷണവും ചോപ് സ്റ്റിക്കും അവളുടെ കൈയിലുണ്ടായിരുന്നു.
അപ്പോഴാണ് ഒരു വിമാനത്തിന്റെ വലിയ ശബ്ദം കേട്ടത്. അക്കാലത്ത്, വ്യത്യസ്ത വിമാനങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളെക്കുറിച്ച് ഞങ്ങൾക്ക് നന്നായി അറിയാമായിരുന്നു. ഞാൻ എഴുന്നേറ്റുനിന്നു പറഞ്ഞു: “അതൊരു B-29 ആയിരിക്കാം.” പിന്നീട് വിമാനത്തിന്റെ ശബ്ദം കുറഞ്ഞുവരുന്നതുപോലെ തോന്നി. പൊടുന്നനെ, ഒരു നിമിഷം കണ്ണുകളെ അന്ധമാക്കുന്ന രീതിയിൽ വെളിച്ചം പൊട്ടിപ്പുറപ്പെട്ടു; ഒപ്പം കഠിനമായ ചൂടും. എനിക്ക് ഒന്നും കാണാൻകഴിഞ്ഞില്ല. വിചിത്രമായ ഒരു പ്രതിധ്വനിയും വിവരിക്കാൻ കഴിയാത്ത ഒരുതരം ബഹളവും തുടർന്ന് ഒരു സ്ഫോടനവും ഉണ്ടായി. ശേഷം വീടും മേൽക്കൂരയുമെല്ലാം തകർന്നു. ഞങ്ങൾ പൂർണ്ണമായും അതിനുള്ളിൽ ഇരുട്ടിലകപ്പെട്ടു.
അപ്പോഴാണ് എനിക്ക് ‘ഞാൻ മരിക്കാൻ പോകുന്നു’ എന്ന തോന്നലുണ്ടായത്. ഞാൻ സ്വയം പറഞ്ഞു: “ഞാൻ മരിക്കാൻപോവുകയാണ്, ഞാൻ മരിക്കാൻ പോകുന്നു.” ഇതുതന്നെ മൂന്നാമതും പറഞ്ഞപ്പോൾ എനിക്ക് ബോധം നഷ്ടപ്പെട്ടിരിക്കണം. പിന്നീട് ഞാൻ ഉണർന്നപ്പോൾ വീടിന്റെ തകർന്ന അവശിഷ്ടങ്ങളാൽ ഞാൻ മൂടപ്പെട്ടതായി മനസിലാക്കി. തകർന്ന മേൽക്കൂരയും അതിലൂടെ ചാരനിറത്തിലുള്ള ആകാശവും മാത്രമാണ് അപ്പോൾ എനിക്ക് കാണാൻകഴിഞ്ഞത്. ഞങ്ങളുടെ വീടിനുനേരെ ബോംബ് പതിച്ചിട്ടുണ്ടെന്ന് ഞാൻ ഊഹിച്ചു.
ഹിരോഷിമയിലെ പതിനായിരക്കണക്കിന് ആളുകളുടെ നിലവിളിശബ്ദം കാതിൽ പതിക്കുന്നതായി എനിക്കു തോന്നി. എങ്കിലും അത് ശരിയാണോ എന്നെനിക്കറിയില്ല. പക്ഷേ, എന്റെ ഓർമ്മ അങ്ങനെയായിരുന്നു.
ഞാനും അനിയത്തിയും പരസ്പരം പറ്റിച്ചേർന്നു കിടന്നുകൊണ്ട് പുറത്തേക്ക് ഇഴയാൻ ശ്രമിച്ചു. ഞങ്ങളെല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ, ഞങ്ങൾ സഹോദരങ്ങൾ പരസ്പരം വിളിച്ചുകൊണ്ടിരുന്നു: “ജുങ്കോ-ചാൻ!” “തെയ്-ചാൻ!” “അകി-ചാൻ!” “നിങ്ങൾ എവിടെയാണ്?” “ഞങ്ങൾ ഇവിടെയുണ്ട്.”
ഡൈനിംഗ് റൂമിൽ ഞാൻ എന്റെ മൂത്ത സഹോദരിയെ കണ്ടെത്തി. അവൾ രക്തത്തിൽ കുളിച്ചുകിടക്കുകയാണ്. അവളുടെ ശരീരത്തിൽനിന്നും രക്തമൊഴുകുന്നതിന്റെ കാരണമറിയാതെ ഞാൻ അത്ഭുതപ്പെട്ടു. അവൾക്ക് പരിക്കേറ്റിരിക്കുന്നു എന്നും ഒരു പല്ല് നഷ്ടപ്പെട്ടിരിക്കുന്നു എന്നും ക്രമേണ ഞാൻ മനസിലാക്കി. അതിന്റെ കാരണം വളരെ വിചിത്രവും എന്നാൽ ഭയാനകവുമാണ്. ബോംബ് ഭൂമിയിൽ പതിച്ചപ്പോഴുണ്ടായ ആഘാതത്തിൽ അവളുടെ കവിളിന്റെ ഭാഗത്തിരുന്ന ചോപ് സ്റ്റിക്ക് വായ്ക്കുള്ളിൽ കയറുകയും ഒരു പല്ലുമായി അത് പുറത്തേക്കുവരികയും ചെയ്തു.
ഞങ്ങളുടെ സഹോദരൻ മറ്റൊരു മുറിയിലായിരുന്നു. പുറകിലെ ജനൽ തകർന്നുപോയിരുന്നു. ആഞ്ഞടിച്ച് ജനൽ പൊട്ടിയപ്പോൾ അവന്റെ മുതുകിൽ, തകർന്ന ചില്ലുകൾ തുളച്ചുകയറി.
ഞങ്ങളെല്ലാവരും ഒരുപോലെ പരിഭ്രാന്തരായി. നഗ്നപാദരായി മുറ്റത്തേക്കിറങ്ങാൻ നോക്കിയപ്പോൾ തകർന്ന ചില്ലിൽ ഞങ്ങൾ ചവിട്ടി. എന്റെ സഹോദരൻ എന്റെ പേര് വിളിച്ചു കരയുന്നത് ഞാൻ കേട്ടു,”ജുങ്കോ, സഹോദരീ, നീ സുരക്ഷിതയാണോ?”
പുറത്തേക്കിറങ്ങിയപ്പോഴാണ് എല്ലാം തകിടം മറിഞ്ഞിരിക്കുന്നത് കണ്ടത്. ഒന്നും ബാക്കിയുണ്ടായിരുന്നില്ല. തെരുവിനു മറുഭാഗത്ത് ഞങ്ങളുടെ അയൽവാസിയുടെ ഫാം ഉണ്ടായിരുന്നു, അവിടെ അവർ പച്ചക്കറികൾ കൃഷി ചെയ്തുവരികയായിരുന്നു. അവിടെ ഒരു വലിയ ചെറിമരം തകർന്നടിഞ്ഞു കിടക്കുന്നതായും ഫാം പൂർണ്ണമായും ഇല്ലാതായതും ഞങ്ങൾ കണ്ടു.
ഹിരോഷിമ മുഴുവനായും തീയാൽ വിഴുങ്ങപ്പെടുന്നത് ഞാൻ കണ്ടു. ചക്രവാളത്തിൽ എല്ലായിടത്തും തീയായിരുന്നു.
ഞങ്ങളെല്ലാവരും അച്ഛനെക്കുറിച്ച് ആശങ്കാകുലരായി. അപ്പോൾ റെയിൽവെയുടെ താഴെയുള്ള അവശിഷ്ടങ്ങൾക്കിടയിലൂടെ അദ്ദേഹം ബൈക്കിൽ വരുന്നത് ഞങ്ങൾ കണ്ടു. അദ്ദേഹത്തിന്റെ മുഖം വിചിത്രമായിരുന്നു – കടുംചുവപ്പു നിറത്തിൽ അദ്ദേഹത്തിന്റെ മുഖം തിളങ്ങി. പക്ഷേ,
അത് പൊള്ളലേറ്റതാണെന്ന് പിന്നീടാണ് ഞങ്ങൾക്കു മനസിലായത്. അച്ഛന്റെ മുഖം, കൈകൾ, അങ്ങനെ എല്ലാ ഭാഗങ്ങളും പൊള്ളലേറ്റിരുന്നു; അതുപോലെ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ കറുത്ത ഭാഗങ്ങളും.
എത്രയും പെട്ടന്ന് വീട്ടിൽനിന്ന് രക്ഷപെടണമെന്ന് അച്ഛൻ പറഞ്ഞു. ചെരിപ്പില്ലെങ്കിലും ഞങ്ങൾക്ക് പലായനം ചെയ്യേണ്ടിവന്നു. നദിയുടെ ഭാഗത്തേക്കായിരുന്നു ഞങ്ങൾക്ക് എത്തേണ്ടിയിരുന്നത്. വ്യക്തമായ വഴികളൊന്നും ബാക്കിയില്ലാതിരുന്നതിനാൽ ഞങ്ങൾ റെയിൽവെ ലൈനിലൂടെ നടന്നു. തടികൊണ്ടുള്ള സ്ലീപ്പറുകളിൽക്കൂടി ഞങ്ങൾ നടന്നു. അവ പുകയുകയായിരുന്നു. ഞങ്ങളുടെ നഗ്നമായ കാലിനു താഴെനിന്ന് പുക ഉയർന്നു, ചൂടുകൊണ്ട് നദിയിലേക്ക് എടുത്തുചാടണമെന്ന് ഞങ്ങൾക്കു തോന്നി. വെള്ളത്തിൽ മുങ്ങിയാൽ എല്ലാം ശരിയാകുമെന്ന ചിന്തയായിരുന്നു ഈ തോന്നലിനു കാരണം.
എനിക്ക് കാര്യമായി പൊള്ളലേറ്റിരുന്നില്ല. പക്ഷേ, പൊടിയും വായുവിലെ മറ്റെല്ലാ വസ്തുക്കളുംകൊണ്ട് എന്റെ തലമുടി ചകിരിനാരുപോലെയായി. എന്റെ രക്തമെല്ലാം എന്നിൽ ഉണ്ടായിരുന്നെങ്കിലും എനിക്ക് രക്തസ്രാവമുണ്ടായിരുന്നില്ല. പക്ഷേ, അടുക്കളയിലായിരുന്ന എന്റെ സഹോദരിയുടെ ശരീരത്തിൽനിന്നും രക്തമൊഴുകി കിടപ്പുമുറിയിൽ വരെ എത്തിയിരുന്നു.
പ്രധാന റെയിൽപാതയിലൂടെ 500 മീറ്ററോളം, നദിക്കരയിലെത്തുന്നതുവരെ ഞങ്ങൾ എത്രദൂരം നടന്നുവെന്ന് എനിക്കറിയില്ല. ഞങ്ങൾ അവിടെ കണ്ടത് അവിശ്വസനീയമാംവിധം ഭയാനകമായിരുന്നു. നരകത്തിൽനിന്നുള്ള ഒരു രംഗം പോലെ.
ജനക്കൂട്ടം നഗരത്തിൽനിന്ന് നദിയിലേക്ക് പതുക്കെ നീങ്ങി. എല്ലാവരും പൊള്ളലേറ്റവരായിരുന്നു. അവിടെ ഒരു പട്ടാളക്കാരനുണ്ട്. അയാൾക്ക് എത്ര വയസുണ്ടായിരുന്നുവെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ യൂണിഫോമിന്റെ ഒരു ഭാഗം കത്തിനശിച്ചുപോയി. അതുകൊണ്ടുതന്നെ അതിലൂടെ അദ്ദേഹത്തിന്റെ പുറം മുഴുവൻ പൊള്ളലേറ്റത് ഞങ്ങൾ കണ്ടു. തൊപ്പി അഴിച്ചപ്പോൾ, അദ്ദേഹത്തിന്റെ തലമുടി അപ്പോഴും അവിടെയുള്ളതായി കാണപ്പെട്ടു, പക്ഷേ മുഖം മുഴുവൻ പൊള്ളലേറ്റിരുന്നു.
പരിക്കേറ്റവർ പരാതി നൽകിയപ്പോൾ സൈനികൻ അവരുടെ പൊള്ളലിൽ എണ്ണ തേച്ചു. അത് വേദനാജനകമായിരുന്നിരിക്കണം. അവരിൽ ചിലർ നിലവിളിച്ചു, പക്ഷേ മിക്കവരും സ്തംഭിച്ചുപോയി; പ്രേതങ്ങളെപ്പോലെ അവരെല്ലാം നിശ്ശബ്ദരായിരുന്നു.
ചിലർ നഗ്നരായിരുന്നു, അവരുടെ വസ്ത്രങ്ങൾ കത്തിനശിച്ചിരുന്നു. ഉയർത്തിപ്പിടിച്ച കൈകളുമായി അവർ നടന്നപ്പോൾ നൈലോൺ കാലുറ പോലെ തോന്നിക്കുന്ന എന്തോ ഒന്ന് തൂങ്ങിക്കിടക്കുന്നതായി കാണപ്പെട്ടു. അവരുടെ കരിഞ്ഞ മാംസം ശരീരത്തിൽനിന്നും ഉരിഞ്ഞുപോരുന്നതായിരുന്നു അത്.
ചില ആളുകളുടെ ചർമ്മം കടുംചുവപ്പായിരുന്നു. അത് പൊള്ളലേറ്റ് അങ്ങേയറ്റം വേദനാജനകമാണെന്ന് കാഴ്ചക്കാർക്കുപോലും മനസിലാകും. ആരും ഒന്നും മിണ്ടിയില്ല. അത് എന്നിൽ കൂടുതൽ ഭയം ജനിപ്പിച്ചു. എങ്ങനെയൊക്കെയോ ഞങ്ങൾ നടത്തം തുടർന്നു.
ഇരകളിൽ പലരും വെള്ളത്തിനായി നെട്ടോട്ടമോടി. നദി കണ്ടപ്പോൾ അവർ മുട്ടുകുത്തിനിന്ന് അതിൽനിന്നും കുടിച്ചു: “അതിൽനിന്നു കുടിച്ചാൽ നിങ്ങൾ മരിക്കും” എന്ന് ആളുകൾ അവരോടു പറഞ്ഞെങ്കിലും. അവരെല്ലാവരും അത് കുടിച്ചു.
വിശാലമായ ഒരു നദിയായിരുന്നു അത്. ഹിരോഷിമയുടെ മധ്യഭാഗത്തുകൂടി ഒഴുകുന്ന, ധാരാളം വെള്ളമുള്ള ഒരു നദി. എന്നാൽ നദിയിൽ വെള്ളത്തിനുപകരം ശവങ്ങൾ ഒഴുകുന്നത് ഞാൻ കണ്ടു. ഒരു ചത്ത കുതിരയും എന്റെ കണ്ണിൽപ്പെട്ടു. ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നു എന്ന് ഞാൻ മനസിലാക്കി.
നഗരത്തിൽനിന്നു വടക്കോട്ട് നദിക്കരയിൽ പോകുന്ന ആളുകളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ടായിരുന്നു. അവരെല്ലാവരും പൊള്ളലേറ്റവരായിരുന്നു. ഞങ്ങളും അവരുടെ കൂടെ നടന്നു. ഒരു കുഞ്ഞിനെ മുതുകിൽ ചുമക്കുന്ന അമ്മയും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. എന്നാൽ കുഞ്ഞ് മരിച്ചതാണെന്ന് വ്യക്തമായിരുന്നു. വായ തുറന്നിരുന്ന ആ കുഞ്ഞിന്റെ തല ആടുന്നുണ്ടായിരുന്നു.
”അമ്മേ…” എന്ന് വിളിച്ചുകൊണ്ട് ഏകദേശം മൂന്നു വയസുള്ള ഒരു പെൺകുട്ടി നിലവിളിക്കുന്നത് നടത്തത്തിനിടയിൽ ഞാൻ ശ്രദ്ധിച്ചു. അവളുടെ അരികിലായി ഒരു സ്ത്രീ കിടപ്പുണ്ട്. ആ കുട്ടി കഴിയുന്നത്ര ഉറക്കെ കരയുന്നുണ്ടായിരുന്നു. എന്നാൽ കനത്ത രക്തസ്രാവത്തെത്തുടർന്ന് ആ കുട്ടിയുടെ അമ്മ മരിച്ചിരുന്നു. ഇത് ദാരുണമായ ഒരു കാഴ്ചയാണെങ്കിലും എന്റെ മനസ് ശൂന്യമായിരുന്നു. ഞാൻ അവളെ സഹായിക്കാൻ നിന്നില്ല.
എന്റെ കുടുംബവും നിശ്ശബ്ദരായിരുന്നു. എന്താണ് ചിന്തിക്കേണ്ടതെന്ന് അവർക്കും നിശ്ചയമില്ല. സംഭവിച്ചതെന്തെന്നു മനസിലാകാതെ അവരും സ്തബ്ധരായി.
ഞങ്ങൾ പതുക്കെ നടന്നുകൊണ്ടേയിരുന്നു. എത്രനേരം ഞങ്ങൾ നടന്നുവെന്നറിയില്ല. ബോംബ് വീണതിനുശേഷം ആകാശം എല്ലായ്‌പ്പോഴും ഇരുണ്ടതായിരുന്നു. സമയം എത്രയായെന്നുപോലും ഞങ്ങൾക്ക് അറിയില്ല. ഒടുവിൽ നെൽക്കതിരുകളല്ലാതെ മറ്റൊന്നുമില്ലാത്ത ഒരു നാട്ടിൻപുറത്തെത്തി. നെൽചെടികളുടെ മുകൾഭാഗം മുഴുവൻ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
അപ്പോൾ ഒരു വലിയ ശബ്ദം കേട്ടു. ബോംബുള്ള മറ്റൊരു വിമാനം ആയിരിക്കുമതെന്നു കരുതി ഞങ്ങളെല്ലാവരും മുഖം താഴ്ത്തിപ്പിടിച്ചു. അപ്പോഴേക്കും മഴപെയ്യാൻ തുടങ്ങി. ഞങ്ങൾ കേട്ട കനത്ത ശബ്ദം ഇടിനാദമായിരുന്നു. അസാധാരണമാംവിധം ഇടിമുഴക്കമുണ്ടാകുകയും വലിയ മഴ പെയ്യുകയും ചെയ്തു. മഴ നനഞ്ഞപ്പോൾ എന്റെ വെള്ളയുടുപ്പ് മുഴുവനായും കറുപ്പുനിറമായി മാറി. അത് എന്തുകൊണ്ടാണെന്നു ആ സമയത്ത് ഞങ്ങൾക്ക് മനസിലായില്ല. കാരണം, അതിനുശേഷമാണ് ഞങ്ങൾ റേഡിയേഷനെക്കുറിച്ചു കേട്ടുതുടങ്ങിയത്.
വിവർത്തനം: സുനിഷ വി. എഫ്.
