ആഴമേറിയതും ശക്തവുമായ ഇച്ഛാശക്തിയെ ബലമാക്കിയുള്ള ജീവിതമാണ് 110 ാം ജന്മദിനം ആഘോഷിക്കാനും ഇപ്പോഴും സന്തോഷത്തോടെയിരിക്കാനും തന്നെ സഹായിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ഹില്‍ഡ ലെഗെറ്റ് എന്ന ലണ്ടന്‍ സ്വദേശിനി. 107 വയസ്സ് വരെ സ്വതന്ത്രമായി ജീവിച്ച ഹില്‍ഡ ഇപ്പോള്‍ ബ്രിസ്റ്റോളിലെ ഒരു കെയര്‍ ഹോമിലാണ് താമസിക്കുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിന് രണ്ടാഴ്ച മുമ്പ് – 1914-ല്‍ ലണ്ടനിലെ ഫിന്‍സ്ബറിയിലാണ് ഹില്‍ഡ ലെഗെറ്റ് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ലണ്ടനിലെ സെന്റ് ജോണ്‍ ആംബുലന്‍സില്‍ ജോലി ചെയ്ത ശേഷം, ഹില്‍ഡ ഷ്രോപ്‌ഷെയറിലേക്ക് മാറി. അവിടെ വച്ചാണ് അവര്‍ക്കും ഭര്‍ത്താവിനും ഏക മകന്‍ ആന്‍ഡി ജനിച്ചത്. അദ്ദേഹത്തിനിപ്പോള്‍ 80 നടുത്ത് പ്രായമുണ്ട്.
രണ്ട് ലോകമഹായുദ്ധങ്ങള്‍ അതിജീവിക്കുകയും 23 പ്രധാനമന്ത്രിമാരുടെ കാലത്ത് ജീവിക്കുകയും മൂന്ന് ബ്രിട്ടീഷ് രാജവാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത ഹില്‍ഡ ശക്തയും ധീരയുമായ സ്ത്രീയാണെന്ന് അവരെ പരിചയമുള്ള ഏവരും ഒരേ സ്വരത്തില്‍ പറയുന്നു. എപ്പോഴും തമാശ പറയുന്ന ഹില്‍ഡ ജീവിതത്തോട് സംതൃപ്തിയുള്ള വ്യക്തിയാണെന്നും നല്ല മര്യാദ അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അമ്മ ഇത്രയും കാലം ജീവിക്കും എന്ന് സങ്കല്‍പ്പിച്ചിരുന്നോ എന്ന ചോദ്യത്തിന് മകന്‍ ആന്‍ഡി നല്‍കിയ മറുപടി ഇങ്ങനെയാണ്. ‘സത്യം പറഞ്ഞാല്‍ ഇല്ല. ഇത് അമ്മയ്ക്കും ഞങ്ങള്‍ക്കും ഒരു സര്‍പ്രൈസാണ്’. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഹില്‍ഡയുടെ 110 ാം പിറന്നാള്‍ അതിമനോഹരമായി ആഘോഷിച്ചിരുന്നു.