Thursday, November 28, 2024

സുഡാന്‍ ഒഴിപ്പിക്കല്‍: വേര്‍പിരിയലിന്റെ വേദനയില്‍ അനേകര്‍

സുഡാനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അവിടെ നിന്ന് പലായനം ചെയ്യുകയോ ഒഴിപ്പിക്കപ്പെടുകയോ ചെയ്യുന്ന ഓരോരുത്തര്‍ക്കും പറയാനുള്ളത് വേര്‍പിരിയലിന്റേയും ഒറ്റപ്പെടലിന്റേയും വേദനയെക്കുറിച്ചാണ്. സംഘര്‍ഷബാധിതമായ സുഡാനില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട ബ്രിട്ടീഷ് വനിതയായ വഫാ സലിമിന് തന്റെ സഹോദരങ്ങളുടെ മക്കളുടെ കരച്ചിലാണ് ഇപ്പോഴും കാതില്‍ മുഴങ്ങുന്നത്. ‘ഞാന്‍ അവിടെ നിന്ന് പോന്നപ്പോള്‍ എന്റെ സഹോദരങ്ങളുടെ മക്കള്‍ കരയുകയും എന്നെ കെട്ടിപ്പിടിച്ച് പോകാന്‍ അനുവദിക്കില്ലെന്ന് വാശി പിടിക്കുകയും ചെയ്തു. ഈ രംഗം ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നു’.

യുകെയുടെ ഒഴിപ്പിക്കല്‍ നിയമ പ്രകാരം അടുത്ത കുടുംബാംഗങ്ങളെങ്കിലും കുട്ടികളെ കൂടെ കൊണ്ടുവരാന്‍ അനുവാദമില്ല. ‘എനിക്ക് അവരെ അവരുടെ പിതാവിന് തിരികെ നല്‍കേണ്ടിവന്നു. സംഘര്‍ഷ ബാധിത പ്രദേശത്ത് അവരെ ഉപേക്ഷിക്കുക എന്നത് വളരെ ഭയാനകമായിരുന്നു. അവര്‍ ദുര്‍ബലരായ കുടുംബമാണ്. പാസ്പോര്‍ട്ട് കൈവശമുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മാത്രമേ വിമാനത്തില്‍ കയറാന്‍ അനുമതിയുള്ളൂ’. സഹോദരനേയും കുട്ടികളേയും സംഘര്‍ഷ പ്രദേശത്തു നിന്ന് രക്ഷപെടുത്താനാവാത്ത ദുഖം വഫാ സലിം പങ്കുവച്ചു.

12 വയസ്സുള്ള മകന്‍ ഹസനോടൊപ്പം ഈദിന് കുടുംബത്തെ സന്ദര്‍ശിക്കാനാണ് വഫ സുഡാനിലെത്തിയത്. അവര്‍ ഒരാഴ്ച മുമ്പ് യുകെയിലേക്ക് മടങ്ങേണ്ടതായിരുന്നു, എന്നാല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് യാത്ര വൈകുകയായിരുന്നു. അപകടകരമായ യാത്ര ചെയ്ത് ഏറെ ചെക്ക് പോസ്റ്റുകളും കടന്നാണ് അവര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. സഹോദരന്റെ കുട്ടികളെ കൂടെ കൂട്ടാനുള്ള അപേക്ഷ അധികൃതര്‍ അംഗീകരിച്ചില്ല. നിലവില്‍, ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉടമകള്‍ക്കും യുകെ എന്‍ട്രി ക്ലിയറന്‍സുള്ള ആളുകള്‍ക്കും മാത്രമാണ് സുഡാനില്‍ നിന്ന് യുകെയിലേയ്ക്ക് ഒഴിപ്പിക്കലിന് അര്‍ഹതയുള്ളതത്രേ.

തന്റെ സഹോദരനും കുടുംബവും ഇപ്പോള്‍ ഈജിപ്ത് വഴി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് വഫ പറഞ്ഞു. കാരണം സുഡാന്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല.

സുഡാനില്‍ ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരുണ്ട്. വ്യാഴാഴ്ച മാത്രം എട്ട് വിമാനങ്ങളിലായി 897 പേരെ സൈപ്രസിലേക്ക് അയച്ചതായി വിദേശകാര്യ ഓഫീസ് അറിയിച്ചു. യാത്രാ രേഖകളില്ലാത്ത സുഡാന്‍ പൗരന്മാരെ സുഡാന്‍ സൈന്യം ചെക്ക്പോസ്റ്റുകളില്‍ തടയുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു.

ഇതിനിടെ ഹൗസ് ഓഫ് കോമണ്‍സില്‍ സംസാരിച്ച ഷാഡോ ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി, ബ്രിട്ടീഷ് പൗരന്മാരുടെ സുഡാനി കുടുംബങ്ങളെയും രാജ്യം വിടാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യ സെലക്ട് കമ്മിറ്റിയുടെ ടോറി ചെയര്‍വുമണ്‍ അലീസിയ കെയന്‍സും ബ്രിട്ടീഷ് പൗരന്‍മാരെ ആശ്രിക്കുന്ന കുട്ടികളെയും പ്രായമായവരെയും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Latest News