“സ്റ്റട്ട്തോഫിന്റെ പ്രധാന പ്രവേശനകവാടം ഡെത്ത് ഗേറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരിക്കൽ അതിലൂടെ പ്രവേശിച്ചുകഴിഞ്ഞാൽ മരണം സുനിശ്ചിതമായിരുന്നു” – മിസ്റ്റർ ഗോൾഡ്ബെർഗിന്റെ വാക്കുകളിൽ ഭീതി നിറയുന്നു. നാസി ഭരണകാലത്ത് കോൺസൻട്രേഷൻ കാമ്പുകളിൽ കഴിയുകയും ആ ക്രൂരതകൾ ഏറ്റുവാങ്ങുകയും അതിജീവിക്കുകയും ചെയ്ത വ്യക്തിയാണ് മൻഫ്രെഡ് ഗോൾഡ്ബെർഗ്. കോൺസൻട്രേഷൻ ക്യാമ്പുകളിലെ ക്രൂരതകളുടെ പേരിൽ ശിക്ഷിക്കപ്പെട്ട ഫർച്നർ വാർത്തകളിൽ നിറയുമ്പോൾ ഓർമ്മകളുടെ ആ കറുത്ത ദിനങ്ങളിലേക്ക് സഞ്ചരിക്കുകയാണ് ഗോൾഡ്ബെർഗ്.
1943 ആഗസ്റ്റിൽ ബാൾട്ടിക് കടലിന്റെ തീരത്തിനടുത്തുള്ള സ്റ്റട്ട്തോഫ് തടങ്കൽപ്പാളയത്തിലേക്ക് അയക്കപ്പെടുമ്പോൾ മൻഫ്രെഡ് ഗോൾഡ്ബെർഗിന് 13 വയസായിരുന്നു പ്രായം. ജർമ്മനിയിൽ നിന്നുള്ള ഒരു യഹൂദനെന്ന നിലയിൽ, ബാലനായ ഗോൾഡ്‌ബെർഗിനെ അടിമവേലക്കായി സ്റ്റട്ട്‌തോഫിലേക്ക് അയക്കുന്നതിനു മുമ്പ് ലാത്വിയയിലേക്ക് അയച്ചിരുന്നു. ഇപ്പോൾ 92 വയസുണ്ടെങ്കിലും തന്നെ അയച്ച സ്റ്റട്ട്തോഫിന്റെ അഞ്ച് ക്യാമ്പുകളും സബ് ക്യാമ്പുകളും വ്യക്തമായി ഓർക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
താൻ കടന്നുപോയ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഏറ്റവും ക്രൂരമായ അനുഭവങ്ങളാണ് ഗോൾഡ്ബെർഗിന് സ്റ്റട്ട്തോഫിൽ നേരിടേണ്ടിവന്നത്. മാൻഫ്രെഡ് ഗോൾഡ്ബെർഗിന്റെ ഇളയ സഹോദരൻ ഹെർമൻ നാസികളാൽ കൊല ചെയ്യപ്പെട്ടു. നാസി ഭരണകൂടത്തിന്റെ ക്രൂരതകൾക്കിരയായി കുടുംബം പലവഴിക്ക് പിരിഞ്ഞുപോകേണ്ടി വന്നു. അമ്മ സ്ത്രീകൾക്കായുള്ള ക്യാമ്പിലേക്ക് മാറ്റപ്പെട്ടു. എങ്കിലും ഒടുവിൽ തന്റെ അമ്മയെ ജീവനോടെ കാണാൻ ഗോൾഡ്ബെർഗിനു കഴിഞ്ഞു.
താൻ വേദനകൾ അനുഭവിച്ച ആ തടങ്കൽപ്പാളയത്തിലേക്ക് ഒരിക്കൽക്കൂടി ഗോൾഡ്ബെർഗ് എത്തിയിരുന്നു. എന്നാൽ മ്യൂസിയമായി സംരക്ഷിക്കപ്പെടുന്ന ആ ക്യാമ്പിൽ അപ്പോഴും പഴയ ഗ്യാസ് ചേമ്പറുകൾ ഉണ്ടായിരുന്നു എന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. “നാസികൾ കെട്ടിടങ്ങൾക്കു ചുറ്റും സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുകയും അവർ ഒഴിഞ്ഞതിനു ശേഷം പൊട്ടിത്തെറിക്കാനായി ടൈമറിൽ സജ്ജമാക്കുകയും ചെയ്തു. എന്നാൽ ടൈമർ തകരാറിലായതിനാൽ അവരുടെ പദ്ധതികൾ നടന്നില്ല. നാസിക്രൂരതയുടെ തെളിവായി ആ ക്യാമ്പ് അവശേഷിച്ചു” – മ്യൂസിയം അധികൃതർ വെളിപ്പെടുത്തി.
ഭീകരത നിറഞ്ഞ ഡെത്ത് മാർച്ച്
1945 ഏപ്രിൽ അവസാനത്തോടെ സോവിയറ്റ് സൈന്യം സ്റ്റട്ട്തോഫിൽ അടച്ചു. നാസികൾ ക്യാമ്പ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ശേഷിക്കുന്ന തടവുകാരെ ഇല്ലാതാക്കാൻ ഒരു മാർഗ്ഗം കണ്ടെത്തുകയും ചെയ്തു. ഇതാണ് ചരിത്രത്താളുകളിൽ ‘ഡെത്ത് മാർച്ച്’ എന്ന പേരിൽ ക്രൂരതയുടെ പര്യായമായി മാറിയത്. നാസികൾ അവരുടെ കുറ്റകൃത്യങ്ങളുടെ തെളിവുകൾ മായ്‌ക്കാൻ ഡെത്ത് മാർച്ചുകൾ നടത്തി. അതിലൂടെ ആയിരക്കണക്കിന് തടവുകാരാണ് കൊല്ലപ്പെട്ടത്. യുദ്ധം അവസാനിക്കാറായപ്പോൾ തടവിലാക്കപ്പെട്ടവരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു എന്ന് ഗോൾഡ്ബെർഗ് ഓർക്കുന്നു.
“1945 ഏപ്രിൽ 26- നാണ് ഗോൾഡ്ബെർഗിന്റെ സംഘം ഡെത്ത് മാർച്ച് ചെയ്തത്. നടക്കാൻ ശക്തിയില്ലാത്ത ആളുകളെ നാസികൾ അപ്പോൾ തന്നെ വെടിവച്ചു കൊലപ്പെടുത്തി. കിലോമീറ്ററുകളോളം നിർത്താതെയുള്ള നടത്തം. അതും കൊടുംതണുപ്പിൽ മതിയായ വസ്ത്രങ്ങൾ പോലുമില്ലാതെ. പലരും ആ യാത്രയിൽ തന്നെ മരിച്ചുവീണു. ബാക്കിയുള്ളവരെ സൈന്യം കടലിൽ താഴ്ത്തുകയും വെടിവച്ചു കൊല്ലുകയും ചെയ്തു” – ഗോൾഡ്ബെർഗ് വെളിപ്പെടുത്തുന്നു.
സ്റ്റട്ട്തോഫ് കോൺസെൻട്രേഷൻ ക്യാമ്പ്
ചരിത്രത്താളുകളിൽ രക്തം ചിന്തിക്കൊണ്ട് ഇടം നേടിയ നാസി കോൺസെൻട്രേഷൻ ക്യാമ്പാണ് സ്റ്റട്ട്തോഫ്. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിയുടെ അതിർത്തിക്കു പുറത്തുള്ള ആദ്യത്തെ നാസി ക്യാമ്പായിരുന്നു ഇത്. 1939- ൽ സ്റ്റട്ട്തോഫ് നിർമ്മിച്ചപ്പോൾ അവിടെയുണ്ടായിരുന്ന തടവുകാരിൽ ഭൂരിഭാഗവും പ്രാദേശിക പോളണ്ടുകാരും ജൂതന്മാരുമായിരുന്നു. ആധുനിക ഗ്ഡാൻസ്കിന്റെ കിഴക്കുഭാഗത്തായിരുന്നു ഈ ക്യാമ്പ് സ്ഥിതിചെയ്തിരുന്നത്.
1943- ഓടെ തടവുകാരുടെ എണ്ണം 4,000- ൽ നിന്ന് 25,000 ആയി വർദ്ധിച്ചു; ഒപ്പം തടവുകാർക്കെതിരെയുള്ള ക്രൂരതകളും. യുദ്ധാവസാനത്തോടെ ജൂതത്തടവുകാരും സോവിയറ്റ് യുദ്ധത്തടവുകാരും ഉൾപ്പെടെ 1,10,000 പേരെയെങ്കിലും അവിടെ നിന്ന് നാടുകടത്തിയിരുന്നു. ബാക്കിയുള്ളവർ നാസികളുടെ ക്രൂരതകളായ വിഷവാതക പ്രയോഗം, വിഷം കുത്തിവച്ചു കൊലപ്പെടുത്തൽ, പട്ടിണി, പകർച്ചവ്യാധി, മർദ്ദനം എന്നിവയാൽ കൊല്ലപ്പെട്ടു.