1863 ജനുവരി 12 ന് കൊല്‍ക്കത്തയിലെ പേരുകേട്ട ദത്ത കുടുംബത്തില്‍ ധനാഢ്യനായ ബാരിസ്റ്റര്‍ വിശ്വനാഥ ദത്തയുടേയും ഭുവനേശ്വരീദേവിയുടേയും മകനായാണ് നരേന്ദ്രനാഥ് ദത്ത എന്ന നരേന്ദ്രന്‍ ജനിച്ചത്. ബിലു എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. നരേന്‍ എന്നും വിരേശ്വര്‍ എന്നും പേരുണ്ട്. സാഹിത്യവും ഭക്തിയും വ്യവഹാരവും നിറഞ്ഞ കുടുംബമായിരുന്നു നരേന്ദ്രന്റേത്. പിതാവിന്റെ മരണത്തോടെ ആ കുടുംബം ദാരിദ്രത്തിലായി. ജോലി അന്വേഷിച്ചിറങ്ങിയ നരേന്ദ്രന്‍ വിധിയുടെ നിയോഗത്താല്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ വത്സല ശിഷ്യനായിമാറി. അതിനിടയിലും കുടുംബം പുലര്‍ത്താനായി വക്കീല്‍ ഗുമസ്തന്‍, അധ്യാപകന്‍ എന്നീ ജോലികളും നരേന്ദ്രന്‍ ചെയ്തിരുന്നു. പിന്നീട് നരേന്ദ്രന്‍ ലോകാരാധ്യനായ സ്വാമി വിവേകാനന്ദനായി, ഇന്നും അനേകായിരം മനസുകളില്‍ നിറഞ്ഞ് നില്‍ക്കുന്നു.
വ്യത്യസ്തനായ ഒരു സന്യാസി
വ്യത്യസ്തനായ ഒരു സന്യാസിയായിരുന്നു, സ്വാമി വിവേകാനന്ദന്‍. സന്യാസിമാരെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ അദ്ദേഹം തിരുത്തിക്കുറിച്ചു. ഭാരതത്തിലെ അഗതികളുടെയും ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതത്തെ അടുത്തറിയാന്‍ അദ്ദേഹത്തിനായി.
സാമൂഹ്യ പരിഷ്‌കര്‍ത്താവ്
ഒരു ഹിന്ദു സന്യാസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവ് എന്ന നിലയിലുള്ള തന്റെ വ്യക്തി പ്രഭാവം പാശ്ചാത്യര്‍ക്ക് മുന്‍പില്‍ തുറന്നു കാണിക്കാന്‍ വിവേകാനന്ദന് കഴിഞ്ഞു. ഗാന്ധിജിയും സുഭാഷ്ചന്ദ്രബോസും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര സമര നായകരിലും സമരപോരാളികളിലും സ്വാമി വിവേകാനന്ദന്‍ ചെലുത്തിയ സ്വാധീനം വലുതായിരുന്നു. 1893 സെപ്റ്റംബറില്‍ ചിക്കാഗോയില്‍ വച്ചു നടത്തിയ മതമഹാസമ്മേളനത്തില്‍ അദ്ദേഹം നേടിയ വിജയം സ്വാതന്ത്രസമര പ്രസ്ഥാനത്തിന് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസവും ഉണര്‍വ്വും ശ്രദ്ധേയമായിരുന്നു.
വിവേകാനന്ദനും യുവജനങ്ങളും
ഭാരതത്തിന്റെ ഭാവി യുവാക്കളിലൂടെ മാത്രമാണെന്ന് സ്വാമി വിവേകാനന്ദന്‍ ഉറച്ചു വിശ്വസിച്ചു. തന്റെ ഓരോ വാക്കും പ്രവര്‍ത്തിയും അവര്‍ക്കുള്ള ഊര്‍ജ പ്രവാഹമായി അദ്ദേഹം മാറ്റി. യാതൊരു ബാഹ്യപ്രേരണയും കൂടാതെ യുവാക്കളുടെ മനോബലം വര്‍ധിപ്പിക്കുക എന്ന കര്‍മ്മം അദ്ദേഹം നിര്‍വഹിച്ചു. സ്വാമി വിവേകാനന്ദന്‍ യുവജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്ന ഒന്നുണ്ട്, ‘അസൂയയും അഹങ്കാരവും ദൂരെക്കളയൂ. അന്യര്‍ക്ക് വേണ്ടി യോജിപ്പോടെ പണിയെടുക്കാന്‍ പഠിക്കൂ; ഇതാണ് നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ ആവശ്യം’
ജനുവരി 12, ലോകയുവജനദിനം
1984 മുതല്‍ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജനദിനമായി കൊണ്ടാടുന്നു. ‘എനിക്കു കിട്ടിയതു ഭാരതാംബയെ സേവിക്കാനുള്ള അവസരമാണ്’, ‘എന്നിലുള്ളതെല്ലാം എന്റെ ഗുരുനാഥന്റേതാണ്’ എന്ന രീതിയിലുള്ള വിനയത്തെ വിവേകാനന്ദനില്‍ കണ്ട രാഷ്ട്രം അദ്ദേഹത്തെ രാജ്യത്തെ യുവജനങ്ങള്‍ക്ക് മാതൃകയായി അവതരിപ്പിക്കുകയായിരുന്നു.
കേരളത്തെ ‘ഭ്രാന്താലയം’ എന്നു വിളിച്ച വിവകാനന്ദന്‍
വിദ്യാഭ്യാസം കിട്ടുന്നതോടെ മികച്ച സമൂഹം ഉടലെടുക്കുമെന്ന് സ്വാമി കരുതിയിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് സാമൂഹ്യപരിഷ്‌കര്‍ത്താവായ ഡോ. പല്‍പ്പുവിനെ പരിചയപ്പെട്ട അവസരത്തില്‍ സ്വാമി മനസിലാക്കി. മെഡിക്കല്‍ ബിരുദധാരിയായിട്ടും തിരുവിതാംകൂറില്‍ ജോലി ലഭിക്കാത്ത പല്‍പ്പുവിന്റെ അനുഭവം അദ്ദേഹത്തില്‍ നിന്നുതന്നെ അറിഞ്ഞ സ്വാമി വിവേകാനന്ദന്‍ നടുങ്ങി. ജാതിപിശാച് ബാധിച്ച നമ്മുടെ നാട് കാണാനുള്ള തീരുമാനം ഉണ്ടായത് അങ്ങനെയാണെന്നാണ് കരുതപ്പെടുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിവേകാനന്ദന്‍ വിളിച്ചുപോയതാണ് ‘ഭ്രാന്താലയം’ എന്ന്.
ഭ്രാന്താലയമെന്ന് വിളിച്ചിട്ടു പോകുക മാത്രമല്ല സ്വാമികള്‍ ചെയ്തത്. സഹസന്യാസിമാരിലൊരാളെ ദക്ഷിണേന്ത്യയിലെ പ്രചാരകനായി നിയോഗിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മലബാറിലെ ദുരവസ്ഥ ശ്രദ്ധയില്‍ പെടുത്താന്‍ അയച്ച ബാരിസ്റ്റര്‍ ജി.കെ. പിള്ളയെ സഹായിക്കാന്‍ സിസ്റ്റര്‍ നിവേദിതയെ സ്വാമി വിവേകാനന്ദന്‍ ചുമതലപ്പെടുത്തി.
ചിക്കാഗോ പ്രസംഗം
1893 സെപ്റ്റംബര്‍ 11 നായിരുന്നു സ്വാമി വിവേകാന്ദന്റെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗം. സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ഒട്ടേറെ തവണ സ്വാമി വിവേകാനന്ദനെ ചെയര്‍മാന്‍ ക്ഷണിച്ചെങ്കിലും ഇപ്പോഴല്ല എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. വിവേകാനന്ദന്‍ ഒരുവേള പ്രസംഗം ഉപേക്ഷിച്ചേക്കുമെന്നുപോലും അദ്ദേഹം ഭയന്നു. ഒടുവില്‍ ഉച്ചതിരിഞ്ഞ് സ്വാമിയെ ചെയര്‍മാന്‍ പ്രസംഗിക്കാനായി നിര്‍ബന്ധിച്ചു. വിവേകാനന്ദന്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഹാള്‍ നിശ്ശബ്ദമായി. മുപ്പതു വയസ്സു മാത്രമുള്ള സന്ന്യാസിയെ സദസ്സും വേദിയും സസൂക്ഷ്മം വീക്ഷിച്ചു. അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരെ… സ്വാമി സമാരംഭിച്ചു. ‘ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍’ എന്ന ഔപചാരിക അഭിവാദനം കേട്ടു ശീലിച്ച സദസ്സ് പൊടുന്നനെ അമ്പരന്നു. മറ്റൊരു വാക്ക് പറയാന്‍ തുടങ്ങും മുമ്പ് ഏഴായിരം പേര്‍ വരുന്ന സദസ്സ് ഒന്നടങ്കം എഴുന്നേറ്റു കൈയടിക്കാനും ആര്‍പ്പുവിളിക്കാനും തുടങ്ങി. ഉറച്ച ശബ്ദവും ആകാരഗാംഭീര്യവും സ്ഫുടമായ ആംഗലേയവും വേദാന്തത്തിന്റെ ആഴവും അങ്ങനെ അമേരിക്കയെ കീഴടക്കി.
ഈ പ്രസംഗത്തിലൂടെ സ്വാമിജിക്ക് ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ലോകത്തിനു കാണിച്ചുകൊടുക്കുവാന്‍ കഴിഞ്ഞു. സ്വാമി വിവേകാനന്ദന്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്നത് കേവലം ഒരു സംബോധന കൊണ്ടാണ്. ‘അമേരിക്കയിലെ സഹോദരീ സഹോദരന്‍മാരേ’ എന്ന വിവേകാനന്ദന്റെ വിളിയിലൂടെ ഭാരതത്തിന്റെ മാഹാത്മ്യം ലോകം തിരിച്ചറിയുകയായിരുന്നു.
ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള ധാരണകള്‍ മാറ്റിമറിക്കുന്നതായിരുന്നു അത്. ഇന്ത്യന്‍ ജനത സാംസ്‌കാരികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്ന പാശ്ചാത്യലോകത്തിന്റെ ധാരണകളെ തിരുത്തിക്കുറിക്കുന്നതായിരുന്നു ചിക്കാഗോ പ്രസംഗം. ലോകജനതയെ സംസ്‌കാര സമ്പന്നരാക്കേണ്ടത് തങ്ങളാണെന്ന യൂറോപ്യന്‍ നിലപാടുകള്‍ അന്നവിടെ ചോദ്യം ചെയ്യപ്പെട്ടു.
വിവേകാനന്ദന്‍ നല്‍കിയ സന്ദേശങ്ങള്‍
* വിധവയുടെ കണ്ണുനീര്‍ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും വിശ്വാസമില്ല.
* എന്നും എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണ് നാം ശ്രമിക്കുന്നത്. വാസ്തവത്തില്‍ നാം നമ്മെത്തന്നെയല്ലേ നേരെയാക്കേണ്ടത്.
* ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായ ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യം.
ചെറുപ്രായത്തിലെ വിയോഗം
വിശ്രമം കുറച്ച് തുടര്‍ച്ചയായി നടത്തിയ യാത്രകളും പ്രഭാഷങ്ങളും വിവേകാനന്ദന്റെ ശരീരത്തെ തളര്‍ത്തിക്കൊണ്ടിരുന്നു. അവസാന കാലത്ത് അദ്ദേഹത്തെ മൈഗ്രേയ്ന്‍, ടോണ്‍സിലൈറ്റിസ്, ഡിഫ്ത്തീരിയ, ആസ്തമ, ടൈഫോയ്ഡ്, മലേറിയ, കരള്‍രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങി അനേകം രോഗങ്ങള്‍ അലട്ടിയിരുന്നു. 1902 ജൂലൈ 4 വെള്ളിയാഴ്ച ബേലൂര്‍ മഠത്തില്‍ വച്ച് 39 ാം വയസില്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
മരണ ദിവസം പോലും അദ്ദേഹം കര്‍മ്മനിരതനായിരുന്നു. അതിരാവിലെ ഉണര്‍ന്ന്, പ്രഭാത ഭക്ഷണം കഴിച്ച്, തമാശപറഞ്ഞ് ചിരിച്ച്, വൈകുന്നേരം വരെ അദ്ദേഹം ബ്രഹ്മചാരികള്‍ക്ക് ക്ലാസെടുത്തു. രാത്രി 7.45 ഓടെ ഗംഗാതീരത്ത് ധ്യാനവും കഴിഞ്ഞ് തിരിച്ചെത്തി തറയില്‍ നിവര്‍ന്നു കിടന്നുകൊണ്ട് ആയാസരഹിതമായ മരണമാണ് അദ്ദേഹം വരിച്ചത്. ചെറുപ്രായത്തില്‍ ലോകത്തോട് വിട പറഞ്ഞുവെങ്കിലും തന്റെ ഹ്രസ്വ ജീവിതത്തിനിടയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് ചരിത്രത്തില്‍ സമാനതകളില്ല.