യുക്രൈയ്നിലെ സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്ന ആളുകളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന Swindon Humanitarian Aid Partnership (SHAP) എന്ന ചാരിറ്റി സംഘടന ഇപ്പോള്‍ ക്രിസ്തുമസ് മെഴുകുതിരികള്‍ ശേഖരിക്കുകയാണ്. ക്രിസ്തുമസ് കാലത്ത് ഉപയോഗിക്കാനായി വാങ്ങി, മിച്ചം വന്ന മെഴുകുതിരികള്‍ സംഭാവനയായി നല്‍കണമെന്നാണ് ചാരിറ്റി സംഘടന ആളുകളോട് ആവശ്യപ്പെടുന്നത്.
കാരണം യുക്രെയ്നിലെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ദിവസവും കുറച്ച് മണിക്കൂര്‍ മാത്രമേ വൈദ്യുതി ലഭ്യമായിട്ടുള്ളൂ എന്നതിനാല്‍ മെഴുകുതിരികള്‍ വളരെ ആവശ്യമാണ്. സംഘടന വഴി നേരിട്ടോ അല്ലാതെയോ എവിടെ നിന്നു വേണമെങ്കിലും സംഭാവനകള്‍ നല്‍കാവുന്നതാണ്.
ഏതായാലും തങ്ങളുടെ ആവശ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സംഘടനയുടെ ചെയര്‍മാന്‍ മൈക്ക് ബൗഡന്‍ പറഞ്ഞു. ആഘോഷവേളകളില്‍ ഉപയോഗിച്ച ശേഷം മെഴുകുതിരികള്‍ വലിച്ചെറിയാതെ ഒരു നല്ല കാര്യത്തിന് സംഭാവന ചെയ്യണമെന്നും അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. ‘സംഭാവനയായി ലഭിക്കുന്ന മെഴുകുതിരികളുടെ അറ്റങ്ങള്‍ ഉരുക്കി, പുതിയത് പോലെയാക്കി, ചിലതില്‍ യുക്രൈനിയന്‍ നിറങ്ങള്‍ ചേര്‍ത്തുമൊക്കെ ബോക്സുകളിലാക്കിയാണ് അയച്ചു നല്‍കുന്നത്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശൈത്യകാലം തുടരുന്നതിനാല്‍ മെഴുകുതിരികള്‍ ഇനിയും ഏറെ ആവശ്യമാണ്. SHAP അവ ശേഖരിക്കുകയും വരും ആഴ്ചകളില്‍ യുക്രെയ്‌നിലേക്ക് കൊണ്ടുപോകുകയും ചെയ്യും.
‘എന്റെ കുടുംബത്തിലെ പകുതി പേര്‍ ഇപ്പോഴും യുക്രെയ്‌നിലാണ്, വൈദ്യുതിയും ഗ്യാസും വെള്ളവും ഇല്ലാതെ ആളുകള്‍ എങ്ങനെ ജീവിക്കുന്നു എന്ന് ചിന്തിക്കാന്‍ പോലുമാകുന്നില്ല’. ആറ് മാസം മുമ്പ് യുക്രെയ്ന്‍ വിട്ട രണ്ട് കുട്ടികളുടെ അമ്മയായ സോറസ്ലാവ പറയുന്നു.
‘അവിടെയുള്ളവര്‍ക്ക് ജനറേറ്ററുകളും പവര്‍ പാക്കുകളും ആവശ്യമാണ്. പക്ഷേ അത് ചെലവേറിയതാണ്. അതുകൊണ്ട് യുക്രെയ്‌നെ പിന്തുണയ്ക്കാന്‍ ലളിതമായ ഒരു മാര്‍ഗം ഞങ്ങള്‍ കണ്ടെത്തി. ശീതകാലത്തിന്റെ ഇരുണ്ട മാസങ്ങളില്‍ അടിസ്ഥാന വെളിച്ചം നല്‍കുന്നതിന് ആവശ്യമായ മെഴുകുതിരികള്‍ നല്‍കുക എന്നത്’. SHAP ന്റെ ഭാരവാഹികള്‍ പറയുന്നു.
നിസാരമെന്ന് പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും വലിയ ദുരിതത്തിലൂടെ കടന്നുപോകുന്ന യുക്രൈനിയന്‍ ജനതയ്ക്ക് ഈ ചെറുമെഴുതിരികള്‍ നല്‍കുന്ന വെളിച്ചം ചെറുതല്ല എന്നുവേണം മനസിലാക്കാന്‍.