Friday, June 6, 2025

‘ടേക്ക് ആൻഡ് ടേസ്റ്റ്’: അന്നം കൊണ്ട് സ്നേഹം വിളമ്പുന്ന പാലായിലെ ഹോട്ടൽ

‘ടേക്ക് ആൻഡ് ടേസ്റ്റ്’! പേരുപോലെ തന്നെ രുചിച്ചുനോക്കിയിട്ട് ഭക്ഷണം എടുക്കാവുന്ന ഹോട്ടൽ. മായമൊന്നും ചേർക്കാത്ത, പഴകിയ ഭക്ഷണസാധനങ്ങളൊന്നും വിൽക്കാത്ത ഈ ഹോട്ടൽ രാജീവിന് വെറുമൊരു ജീവിതമാർഗം മാത്രമല്ല, അന്നംകൊണ്ട് സ്നേഹം പങ്കിടുകയാണ് അദ്ദേഹം. പ്രാർഥനപോലെ പവിത്രമാണ് രാജീവിന് ഈ ജോലി. രുചികൊണ്ടും സ്‌നേഹംകൊണ്ടും വിസ്മയമാകുന്ന പാലായിലെ ‘ടേക്ക് ആൻഡ് ടേസ്റ്റ്’  ഹോട്ടലിന്റെ വിശേഷങ്ങളിലൂടെ.

പ്രാർഥനപോലെ പവിത്രം!    

‘ടേക്ക് ആൻഡ് ടേസ്റ്റ്’ 14 വർഷം മുൻപ് നാലുപേർ കൂടി തുടങ്ങിയ സ്ഥാപനമാണ്. എന്നാൽ, കോവിഡ് സമയത്ത് ബാക്കിയുള്ളവരെല്ലാം പിരിഞ്ഞുപോയി. ഇപ്പോൾ രാജീവ് ഒറ്റയ്ക്കാണ് ഈ ഹോട്ടൽ നടത്തുന്നത്. ഈ ഹോട്ടലിന് പല വ്യത്യസ്തതകളുണ്ട്. അതിലൊന്ന്, ഇവിടെനിന്നും ടേസ്റ്റ് ചെയ്തുനോക്കിയിട്ട് പാഴ്‌സലായി കൊണ്ടുപോകാൻ സാധിക്കുമെന്നതാണ്. രാജീവിന് ഇതൊരു ജീവിതമാർഗം മാത്രമല്ല, ഭക്ഷണത്തോടൊപ്പം അദ്ദേഹം വിളമ്പുന്നത് സ്നേഹവും കൂടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹമിത് അത്രമാത്രം ശ്രദ്ധയോടെയാണ് ചെയ്യുന്നത്. പ്രാർഥനപോലെ പവിത്രമാണല്ലോ അന്നം വിളമ്പുന്നതും.

14 വർഷമായിട്ട് ഇന്നുവരെ ഈ ഹോട്ടലിൽനിന്നും ഭക്ഷണം മോശമാണെന്നു പറഞ്ഞ്  ഒരു കസ്റ്റമറും ഇതുവരെ പിണങ്ങിപ്പോയിട്ടില്ല. അത്ര നല്ല സേവനമാണ് ഇവര്‍ നല്‍കുന്നത്.

“ഞാനും എന്റെ മക്കളും ഇവിടെനിന്നാണ് ഭക്ഷണം കഴിക്കുന്നത്. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെയാണോ അങ്ങനെതന്നെ ഉണ്ടാക്കിക്കൊടുക്കുന്നു. കളറുകളോ, പ്രിസർവേറ്റുകളോ ഒന്നും ചേർക്കാതെയാണ് ഭക്ഷണം തയ്യാറാക്കുന്നത്” – രാജീവ് പറയുന്നു.

ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ പറയുന്ന ചില വാക്കുകളുണ്ട്.

“ഞങ്ങൾ കോട്ടയത്തുനിന്ന് പോന്നതാണ്. പലരും പറഞ്ഞു പാലായിൽ വന്ന് ‘ടേക്ക് ആൻഡ് ടേസ്റ്റി’ യിൽ നിന്നും കഴിക്കാമെന്ന്.”

“തൊടുപുഴയിൽനിന്നും ഞങ്ങൾ പത്തുമുപ്പതു ഹോട്ടലുകൾ പിന്നിട്ട് ഇവിടെ വന്നുതന്നെ ഭക്ഷണം കഴിക്കുന്നതിനായി പോന്നതാണ്.”

എന്നിങ്ങനെ നീളുന്നു ഇവിടെവന്ന് ഭക്ഷണം കഴിക്കുന്നവരുടെ ഈ ഹോട്ടലിനെക്കുറിച്ചുള്ള വാക്കുകള്‍. ഇങ്ങനെ ആഗ്രഹിച്ചുവരുന്നവരാണ് കൂടുതലും. അങ്ങനെ വരുന്ന ചില വേളകളില്‍ ചിലപ്പോൾ ഭക്ഷണം തീർന്നുപോകുമ്പോൾ അവർ വിഷമിക്കാറുമുണ്ട്. എങ്കിലും എന്തെങ്കിലും കഴിച്ചിട്ടേ അവർ പോകാറുള്ളൂ.

അന്നം കൊടുത്ത് സ്നേഹം വിളമ്പുന്നവർ

ഈ ഹോട്ടലിൽ വരുന്നവർക്ക് സ്വന്തം വീട്ടിൽ വരുന്നതുപോലെയുള്ള ഒരു പ്രതീതിയാണ്. പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ ഉള്ള വ്യത്യാസം ഇവിടെയില്ല. ‘ടേക്ക് ആൻഡ് ടേസ്റ്റ്’ ൽ എല്ലാവരും തുല്യർ. പാലായിൽ നിരവധി ഹോട്ടലുകളുണ്ട്. എന്നാൽ, ഇവിടം ഭക്ഷണം സ്നേഹത്തോടെ കൊടുക്കുന്നതിനാൽ ഉപരി മനോഹരമാണ്. മാത്രമല്ല, ആളുകൾ ഭക്ഷണത്തെക്കുറിച്ചു പറയുന്ന തിരുത്തലുകൾ സ്വീകരിക്കാനും ഇവർ തയ്യാറാണ്.

‘ടേക്ക് ആൻഡ് ടേസ്റ്റ്’ പോയി ഭക്ഷണം കഴിച്ചാൽ മതിയെന്നുപറഞ്ഞ് മക്കൾ വീടുകളിൽ നിർബന്ധം പിടിക്കാറുണ്ടെന്ന് മാതാപിതാക്കളും പറയാറുണ്ട്. ആർക്കുവേണമെങ്കിലും കിച്ചണിൽ ഉൾപ്പെടെ വന്നു കാണാവുന്ന സൗകര്യവും ഇവിടെയുണ്ട്.

പാലായിൽ സ്നേഹത്തോടെ ഭക്ഷണം വിളമ്പുന്ന ഈ ഹോട്ടൽ നാടിന്റെ ഐശ്വര്യമാണ്. പാലാ ബിഷപ്പ് ഹൌസിനും സെന്റ്‌ തോമസ്‌ പ്രസ്സിനും ഇടയ്ക്ക് നൂറുമീറ്റര്‍ ഉള്ളിലേക്കു  കയറി ‘അല്‍ഫോന്‍സ ഐ ഹോസ്പിറ്റലിനു’ സമീപമാണ് ഈ ഹോട്ടല്‍.

ഇനി അടുത്ത തവണ പാലാവഴി പോകുമ്പോൾ ഒന്ന് ബ്രേക്ക് ഇടാം. ഗൂഗിള്‍ റേറ്റിങ്ങില്‍ 4.5 ഉള്ള, ‘ടേക്ക് ആൻഡ് ടേസ്റ്റ്’ ൽ കയറി മായമില്ലാത്ത തനി നാടൻഭക്ഷണം ഒന്നു പരീക്ഷിച്ചാലോ? ‘ടേക്ക് എ ബ്രേക്ക്’ ഫോർ ‘ടേക്ക് ആൻഡ് ടേസ്റ്റ്!

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +91 96057 20485

എസ് എം ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News