Monday, November 25, 2024

തവാങ്: ഇന്ത്യ-ചൈന യുദ്ധത്തിന്റെ നിഴലില്‍ ജീവിക്കുന്ന നഗരം

1962 ഒക്ടോബറിലാണ് വടക്കുകിഴക്കന്‍ ഇന്ത്യയിലെ വടക്കുകിഴക്കന്‍ അതിര്‍ത്തി ഏജന്‍സിയ്ക്ക് (പിന്നീട് അരുണാചല്‍ പ്രദേശ് സംസ്ഥാനമായി) നേരെ ചൈന അപ്രതീക്ഷിത ആക്രമണം നടത്തിയത്. ആ യുദ്ധം ആരംഭിച്ച ദിവസം 71 കാരനായ തുട്ടാന്‍ ചെവാങ് ഇപ്പോഴും ഓര്‍ക്കുന്നു.

‘അവര്‍, ചൈനീസ് സൈന്യം എല്ലാ ഭാഗത്തുനിന്നും അക്രമാസക്തരായി വന്നു. ആളുകളെല്ലാം ഭയന്ന് പലായനം ചെയ്യാന്‍ തുടങ്ങി. അന്ന് വെറും 11 വയസ്സായിരുന്നു എനിക്ക്. ആക്രമണം വേഗത്തിലായിരുന്നു, ചില പ്രദേശങ്ങളില്‍ ചൈന ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയിട്ടും ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികര്‍ക്കെതിരെ അതിശക്തമായി പോരാടി’. മിസ്റ്റര്‍ ചെവാങ്ങ് പറഞ്ഞു.

താമസിയാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്ക അതിര്‍ത്തിയില്‍ നിന്ന് ഏതാനും മൈലുകള്‍ അകലെയുള്ള മിസ്റ്റര്‍ ചെവാങ്ങിന്റെ ജന്മനാടായ തവാങ് ചൈന പിടിച്ചെടുത്തു. പിന്‍വാങ്ങുന്നതിന് മുമ്പ് ഒരു മാസത്തോളം ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അവിടെ തുടര്‍ന്നു.

60 വര്‍ഷത്തിലേറെയായെങ്കിലും, ആ യുദ്ധം ഇപ്പോഴും തവാങ്ങിലെ ജനങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. പ്രത്യേകിച്ചും ആണവ-സായുധരായ അയല്‍ക്കാര്‍ക്കിടയില്‍ സംഘര്‍ഷം ഇപ്പോഴും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍. കഴിഞ്ഞ ഡിസംബറില്‍ തവാങ് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയപ്പോള്‍ നഗരം വീണ്ടും പ്രധാനവാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഭൂതകാലത്തിന്റെ വേദനകള്‍ക്കിടയിലും കൂടുതല്‍ പ്രതീക്ഷയുള്ള ഭാവിക്കായി കാത്തിരിക്കുകയാണെന്ന് തങ്ങളെന്ന് ഈ നാട്ടുകാര്‍ പറയുന്നു.

അന്നത്തേക്കാള്‍ തവാങ്ങില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ചെവാങ് പറഞ്ഞു. അരുണാചല്‍ പ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3,000 മീറ്റര്‍ (10,000 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തവാങ് വടക്ക് ചൈനയുമായും തെക്ക്-പടിഞ്ഞാറ് ഭൂട്ടാനുമായും അതിര്‍ത്തി പങ്കിടുന്നു. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ചെറിയ മാര്‍ക്കറ്റ് ഏരിയകള്‍, വ്യാപകമായ പാര്‍പ്പിട, വാണിജ്യ നിര്‍മാണങ്ങള്‍ എന്നിവയുള്ള ഇന്ത്യയിലെ നിരവധി ഹില്‍ സ്റ്റേഷനുകളില്‍ ഒന്നായി പട്ടണം എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടും. എന്നാല്‍ അതിനെ വേറിട്ടു നിര്‍ത്തുന്ന പല കാര്യങ്ങളുണ്ട്. ടൗണ്‍ഷിപ്പിന് മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഭീമാകാരമായ ബുദ്ധ പ്രതിമയും വിശാലവും, ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധവിഹാരവുമായ തവാങ് ആശ്രമവുമാണ് അവയില്‍ പ്രധാനം. ടിബറ്റന്‍ ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ തവാങ്, എല്ലാ വര്‍ഷവും ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

എന്നാല്‍ വളരെക്കാലമായി ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കേന്ദ്രമെന്ന നിലയിലാണ് ഇവിടം അറിയപ്പെടുന്നത്. 1950-ല്‍ ചൈന പിടിച്ചെടുത്ത ടിബറ്റ്, ഇവിടെ നിന്ന് 35 കിലോമീറ്റര്‍ (22 മൈല്‍) മാത്രം അകലെയാണ്. 1959-ല്‍ ടിബറ്റില്‍ നിന്ന് പലായനം ചെയ്ത 14-ാമത് ദലൈലാമ കുറച്ചുകാലം താമസിച്ചിരുന്നത് തവാങ് ആശ്രമത്തിലായിരുന്നു.

പൂര്‍ണ്ണമായി വേര്‍തിരിക്കപ്പെടാത്ത അതിര്‍ത്തിയാണ് ഇന്ത്യയും ചൈനയും ഇവിടെ പങ്കിടുന്നത്. തവാങ്ങില്‍ ചൈനയെയും ഇന്ത്യന്‍ പ്രദേശത്തെയും വേര്‍തിരിക്കുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) കനത്ത ആയുധങ്ങളുമായി പതിനായിരക്കണക്കിന് സൈനികരെ ഇരുപക്ഷവും വിന്യസിച്ചിട്ടുണ്ട്. ചൈന അരുണാചല്‍ പ്രദേശിന്റെ മുഴുവന്‍ അവകാശവാദം ഉന്നയിക്കുന്നത് തുടരുകയാണ്. അതിനെ ‘ദക്ഷിണ ടിബറ്റ്’ എന്ന് അവര്‍ വിളിക്കുകയും ചെയ്യുന്നു.

എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷം തങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാന്‍ തങ്ങള്‍ അനുവദിക്കുന്നില്ലെന്ന് തവാങ്ങിലെ പലരും പറയുന്നു. പക്ഷേ അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളുടെ അതിശയോക്തി കലര്‍ന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വിനോദസഞ്ചാരികളെ കുറയ്ക്കുന്നുവെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പ്രദേശത്തെ നിരവധി ആളുകള്‍ ഇന്ത്യന്‍ സൈന്യത്തിലും അര്‍ദ്ധസൈനിക വിഭാഗത്തിലും മറ്റ് സര്‍ക്കാര്‍ ജോലികളിലും ചേരുമ്പോള്‍ മറ്റുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് ടൂറിസത്തെയാണ്. മറ്റെവിടെയും പോലെ തവാങ്ങിലെ ജീവിതം സാധാരണമാണെന്ന് നാട്ടുകാരില്‍ ബഹുഭൂരിപക്ഷവും പറയുന്നു. അതിനര്‍ത്ഥം നഗരം ഭൂതകാലത്തിന്റെ ഭീകരത മറന്നുവെന്നല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തവാങ്ങിലെ ഒരു സ്മാരകത്തില്‍ 1962ലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട 2,420 ഇന്ത്യന്‍ സൈനികരുടെ പേരുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികരുടെ വെടിയുണ്ടകള്‍ പതിഞ്ഞ ഹെല്‍മെറ്റുകളും ഭയാനകമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

 

 

Latest News