അറിവ് പകർന്നുതന്ന ഗുരുക്കന്മാരെ ഓർമ്മിക്കാനും അധ്യാപകരെ ബഹുമാനിക്കാനുമായി, സെപ്റ്റംബർ അഞ്ച് നാം അധ്യാപകദിനമായി ആഘോഷിക്കുകയാണ്. ഇടപഴകുന്നവരുടെ മനസിനെ ഇത്രയധികം സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു ജോലിയില്ല. ഒരു ജോലിയും അതോടൊപ്പം ഒരു ദൗത്യവുമാണ് അധ്യാപനം. മഹാനായ ഒരു അധ്യാപകന്റെ ജന്മദിനമാണ് അധ്യാപകദിനമായി ഇന്ത്യയിൽ ആഘോഷിക്കുന്നത്. മഹാനായ തത്വചിന്തകനും അധ്യാപകനും പണ്ഡിതനും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം.
അമ്മയും അച്ചനും കഴിഞ്ഞാൽ പിന്നെ ഒരു കുട്ടിയുടെ ജീവിതം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ഒരു അധ്യാപിക അല്ലെങ്കിൽ അധ്യാപകൻ ആയിരിക്കാം. ചിലപ്പോഴെങ്കിലും നമ്മുടെ കുട്ടികൾ ‘എന്റെ ടീച്ചർ പറഞ്ഞിട്ടുണ്ടല്ലോ ഇങ്ങനെ ചെയ്യണം’ എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞിട്ടുണ്ടാവാം. അതിൽ നിന്നു തന്നെ ഒരു ടീച്ചറിന് അവന്റെ മനസിലുള്ള സ്ഥാനം മനസ്സിലാക്കാം. ചിലപ്പോൾ അമ്മയേക്കാളും അച്ഛനേക്കാളുമേറെ ആ കുട്ടി തന്റെ അധ്യാപകനെ/അധ്യാപികയെ ഇഷ്ടപ്പെടുന്നു. എന്തായിരിക്കും കാരണം? ഒരുപക്ഷേ, നിറഞ്ഞ പുഞ്ചിരിയോടെയുള്ള അവരുടെ ക്ലാസുകൾ ആയിരിക്കാം; എന്തിനധികം സ്നേഹത്തോടെയുള്ള ഒരു നോട്ടം പോലും ആയിരിക്കാം.
എറെ വെല്ലുവിളികളാണ് ഒരു ടീച്ചറിനു മുൻപിലുള്ളത്. പഠിപ്പിക്കുന്നതിൽ ഒരു വാക്ക് തെറ്റിപ്പോയാൽ, ഒരു ആയുഷ്കാലം മുഴുവൻ കുട്ടിയിൽ ആ തെറ്റ് പ്രതിഫലിച്ചുനിൽക്കും. ഒരു കുട്ടിയുടെ മനസിനെ വാർത്തെടുക്കുന്നവരാണ് അധ്യാപകർ. ഉളിയും കൊട്ടുവടിയും ഉപയോഗിച്ച് കല്ലിൽ ശില്പം തീർക്കുന്ന പ്രഗത്ഭരായ ശില്പികൾ പോലെ ആയിരിക്കണം അധ്യാപകർ. ജീവനില്ലാത്ത കല്ലിൽ ഒരു ശില്പി മനോഹരമായ ശില്പം തീർക്കുന്നെങ്കിൽ അധ്യാപകർ ശില്പം തീർക്കുന്നത് ജീവനുള്ള മനസുകളിലാണെന്നു മാത്രം. അടിച്ചുപരത്തുമ്പോഴോ, കുത്തിയെടുക്കുമ്പോഴോ ഒരു ചെറിയ പാകപ്പിഴ വന്നാൽ മതി ആ ശില്പം അപൂർണ്ണമായിരിക്കും; കാലാകാലത്തോളം അത് അപൂർണ്ണമായി തന്നെ ഇരിക്കുകയും ചെയ്യും.
സ്വന്തം സാഹചര്യങ്ങൾ ഉള്ളിൽ മുള്ളുകൾ കൊണ്ട് കുത്തിനോവിച്ചാലും ചെറുചിരിയോടെ മുന്നിൽ വന്നുനിൽക്കുന്ന നമ്മുടെ പ്രിയപ്പെട്ട അധ്യാപകർക്കു മുമ്പിൽ നമ്മൾ എത്രയധികം കൈ കൂപ്പിയാലും മതിയാവില്ല. എന്നെ പഠിപ്പിച്ച അധ്യാപകർ എത്രമാത്രം അർപ്പണബോധത്തോടെയാണ് അന്ന് ക്ലാസിൽ വന്നുനിന്നത് എന്ന് ഇന്നെനിക്ക് പറയാനാകും. കാരണം ഞാൻ ഇന്നൊരു അധ്യാപികയാണ്. നഴ്സറി മുതൽ നമ്മുടെ കൂടെ പഠിച്ച കൂട്ടുകാരുടെ എല്ലാവരുടെയും പേരുകളൊന്നും നമുക്ക് ഓർമ്മയുണ്ടാകില്ല. പക്ഷേ ഓരോ ക്ലാസിലും എന്നെ പഠിപ്പിച്ച അധ്യാപകരുടെ പേര് എനിക്ക് പറയാനാകും.
ഒരു അധ്യാപിക ആയതിൽ ഇന്ന് ഞാൻ അഭിമാനിക്കുന്നു. കാരണം, ഞാൻ മരിച്ചാലും ഞാൻ അറിവ് പകർന്നുകൊടുത്തവരിലൂടെ എന്റെ ഓർമ്മകൾ ഭൂമിയിൽ നിലനിൽക്കും. ഒരുപക്ഷേ, തലമുറ തോറും കൈമാറിയേക്കാം.
അധ്യാപനം സമകാലികമായി നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും നമുക്ക് പ്രതീക്ഷ ഉള്ളവരായിരിക്കാം. ബൈജൂസ് ആപ്പിനും ഓൺലൈൻ വീഡിയോ ക്ലാസുകൾക്കുമപ്പുറം ശിഷ്യരുടെ അകക്കണ്ണ് തുറക്കുന്ന ഗുരുഭൂതരുടെ ഒരു നിര ഇനിയും അവശേഷിക്കുന്നു എന്നതിൽ അഭിമാനിക്കാം. പള്ളിക്കൂടങ്ങളെ പോലെ മഹത്തായ ഒരു പൂവാടിയും ലോകത്തില്ല. അവയെ സൂക്ഷ്മതയോടെ പരിചരിക്കുന്ന ഗുരുക്കന്മാർക്ക് ആശംസകൾ.
ശ്രീമതി അനു സെമിച്ചൻ,
ക്ലസ്റ്റർ റിസോർസ് കോർഡിനേറ്റർ,
ബിആർസി ആലുവ