Sunday, November 24, 2024

പ്രതീക്ഷയുടെ വെളിച്ചമായി പുനര്‍ജനിച്ച തായ് ബാലന്റെ അപ്രതീക്ഷിത മടക്കം

ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ വീക്ഷിച്ചതും അധികാരികള്‍ മുള്‍മുനയില്‍ നിന്ന് നടത്തിയതുമായ രക്ഷാപ്രവര്‍ത്തനമായിരുന്നു 2018 ജൂണില്‍ തായ്‌ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയില്‍ നടന്നത്. 2018 ജൂണ്‍ 23 ന് ഗുഹ സന്ദര്‍ശിക്കാന്‍ പോയ 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ പരിശീലകനും ഗുഹയ്ക്കകത്ത് അകപ്പെട്ടായിരുന്നു അപകടം നടന്നത്. കനത്ത മഴയെത്തുടര്‍ന്ന് ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെയാണ് കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് വിവിധ രാജ്യങ്ങള്‍ സഹായിച്ചു. ഒന്‍പത് ദിവസം നീണ്ടുനിന്ന, അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപെടുത്തിയവരില്‍ ഒരു കുട്ടി മരിച്ചു എന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഇക്കഴിഞ്ഞ ദിവസം ലോകം കേട്ടത്. ഡുവാങ്‌പെഷ് പ്രേംതെപ് എന്ന 17 കാരന്‍ ബാലനാണ് മരണപ്പെട്ടത്.

മരണ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും യുകെയിലെ ഒരു സ്‌പോട്‌സ് അക്കാദമിയില്‍ സ്‌കോളര്‍ഷിപ്പ് എടുക്കാനിരിക്കെയാണ് കൗമാരക്കാരനെ ഞായറാഴ്ച ലെസ്റ്റര്‍ഷെയറിലെ ഡോമില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഗുഹയില്‍ കുടുങ്ങിയ സമയത്ത് വൈല്‍ഡ് ബോര്‍സ് എന്ന പേരിലുള്ള ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു പ്രോംതേപ്. അന്ന് ഗുഹയില്‍ കുടുങ്ങിയ പ്രോംതേപിന്റെ കൂട്ടുകാരില്‍ പലര്‍ക്കും അവന്റെ മരണം വിശ്വസിക്കാനായിട്ടില്ല. പലരും സോഷ്യല്‍മീഡിയയില്‍ വികാരനിര്‍ഭരമായ കുറിപ്പുകളും പങ്കുവച്ചു.

തായ് ഗുഹയിലെ മരണഭയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി, ദിവസങ്ങള്‍ക്കുള്ളില്‍, ആ കുട്ടികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരങ്ങളായിരുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശക്തികൊണ്ട് ലോകത്തെ ആകര്‍ഷിക്കുകയും തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചവരെ നോക്കി പുഞ്ചിരിക്കുകയും തമാശ പറയുകയും ഫുട്‌ബോള്‍ ആവേശവുമായി ചുറ്റിക്കറങ്ങുകയും ചെയ്തു പോന്നു, അവര്‍.

ഹോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും വിദേശ യാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് തായ് സര്‍ക്കാരും ആ ഘട്ടത്തില്‍ കുട്ടികളുടെ തിരിച്ചുവരവിന് പ്രോത്സാഹനമേകി. അപ്രതീക്ഷിതമായി ലഭിച്ച യാതൊരു ആനുകൂല്യങ്ങളും അവര്‍ ദുരുപയോഗം ചെയ്തുമില്ല. ചില വലിയ സ്വപ്നങ്ങളുമായി അവര്‍ ആ ചെറിയ പട്ടണത്തില്‍ തന്നെ തുടര്‍ന്നു.

അനേകരെ പ്രചോദിപ്പിക്കാനും സമപ്രായക്കാരായ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഉന്മേഷം പകരാനും കഴിവുള്ള ഒരു കഥയ്ക്ക് മേല്‍ ആദ്യമായി ദുഃഖ നിഴല്‍ വീണതിന്റെ ഞെട്ടലിലാണ് ലോകം. കാരണം അതിജീവനം അസാധ്യമെന്ന് ബഹുഭൂരിപക്ഷം വിധിയെഴുതിയതിനുശേഷവും അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവ് നടത്തിയ കുട്ടികളില്‍ ഒരാളാണ് അപ്രതീക്ഷിതമായി വിട പറഞ്ഞിരിക്കുന്നത്.

 

Latest News