തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതോടെ അയൽസംസ്ഥാനമായ കേരളത്തിലും ആവേശം അണപൊട്ടി. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന അതിർത്തി ജില്ലകളിലും മറ്റ് പ്രധാന നഗരങ്ങളിലും വലിയ ആഘോഷങ്ങളാണ് ടിവികെ (TVK) പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നത്.
തിരുവനന്തപുരത്ത് ദരിദ്രരായ 30 കുടുംബങ്ങൾക്ക് ആറ് കിലോ അരിയും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തുകൊണ്ടാണ് പ്രവർത്തകർ വിജയിയുടെ പുതിയ ഇന്നിങ്സിനെ വരവേറ്റത്. ബാലരാമപുരത്ത് കേക്ക് മുറിച്ചും പാട്ടുകൾക്ക് ചുവടുവെച്ചും അവർ ആഘോഷം പങ്കിട്ടു. ജില്ലയിൽ പാർട്ടി പതാകകളുമേന്തി വലിയ റാലികൾ നടന്നു. മധുരപലഹാര വിതരണവും സംഗീത പരിപാടികളും സംഘടിപ്പിച്ചു. കൊല്ലം ജില്ലയിൽ മാത്രം ഇതിനകം 36,000 പേർ പാർട്ടിയിൽ അംഗത്വമെടുത്തതായി സംഘാടകർ അറിയിച്ചു.
കൽപ്പറ്റയ്ക്ക് സമീപം വെങ്ങപ്പള്ളിയിൽ ജില്ലയിലെ ആദ്യ ടിവികെ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ‘മൈ ടിവികെ’ (My TVK) ആപ്പ് വഴി കൂടുതൽ യുവാക്കൾ പാർട്ടിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. “സി.എം. അണ്ണൻ” ഉടൻ കേരളം സന്ദർശിക്കുമെന്ന് ടിവികെ പ്രവർത്തകർ പറയുന്നു. കേരളത്തിലെ എല്ലാ ഫാൻസ് ക്ലബ്ബുകളെയും ഏകോപിപ്പിച്ച് പാർട്ടിക്ക് കീഴിൽ കൊണ്ടുവരാനുള്ള ഓൺലൈൻ അംഗത്വ ക്യാമ്പയിൻ ഉടൻ ആരംഭിക്കും. ഇതിനായി ഐടി ടീം പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

