രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ഒഴുകിയെത്തുന്ന വായനക്കാർ. അവർ തങ്ങൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നു. വായനയെ സ്നേഹിക്കുന്നവർക്കായി അവിടെ നൂറോളം പുസ്തക വ്യാപാരശാലകളാണ് കാത്തിരിക്കുന്നത്. പകൽ മുഴുവൻ ആളുകൾ തങ്ങളുടെ ഇഷ്ടപുസ്തകങ്ങൾ തേടിനടക്കും; വാങ്ങിക്കും. രാത്രിയായാൽ നമ്മുടെ നാട്ടിലെ പോലെ കടയടച്ചിടുന്ന പരിപാടിയൊന്നും അവിടെയില്ല. പുസ്തകമാണ്; അവിടെത്തന്നെ ഇരിക്കും. ഇതാണ് ബാഗ്ദാദിലെ പുസ്തക മാർക്കറ്റിന്റെ പ്രത്യേകത. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം വിളിച്ചോതുന്ന ഇറാഖിലെ ഈ പുസ്തകത്തെരുവിലൂടെ ഒന്ന് കടന്നുപോകാം.
അബ്ബാസികളുടെ കാലം മുതലുള്ള ബാഗ്ദാദിലെ പുസ്തകവിൽപനയുടെ ചരിത്രപരമായ കേന്ദ്രമാണ് അൽ-മുതനബ്ബി സ്ട്രീറ്റ്. ബാഗ്ദാദിന്റെ പഴയ ക്വാർട്ടേഴ്സിനു സമീപം സ്ഥിതിചെയ്യുന്ന അൽ-മുതനബ്ബി സ്ട്രീറ്റ്, ബാഗ്ദാദിലെ ആദ്യത്തെ പുസ്തകവ്യാപാരികളുടെ മാർക്കറ്റായിരുന്നു.വലിയ രീതിയിൽ നടന്നു വന്നിരുന്ന പുസ്തക വ്യാപാരം ഈ മാർക്കറ്റിന്റെ ദീർഘ നാളുകളായി ഉള്ള നിലനിൽപ്പിനെ സഹായിച്ചു. അതിനാൽ ബാഗ്ദാദിൽ വിവിധ കാലഘട്ടങ്ങളിൽ ഉണ്ടായ മാറ്റങ്ങൾക്ക് ഈ പുസ്തക മാർക്കറ്റും സാക്ഷിയായി. പത്താം നൂറ്റാണ്ടിലെ ക്ലാസിക്കൽ ഇറാഖി കവി അൽ-മുത്തനബിയുടെ പേരിലാണ് ഈ മാർക്കറ്റ് അറിയപ്പെടുന്നത്. പലപ്പോഴും ബാഗ്ദാദിലെ, സാക്ഷരതയുടെയും ബൗദ്ധിക സമൂഹത്തിന്റെയും ഹൃദയമായും ആത്മാവായും അറിയപ്പെടുന്ന ഒരു സ്ഥലം കൂടിയാണ് ഇത്.
എട്ടാം നൂറ്റാണ്ട് മുതൽ തന്നെ എല്ലാ മതങ്ങളിലെയും എഴുത്തുകാരുടെ അഭയകേന്ദ്രമാണ് ഈ തെരുവ്. നൂറുകണക്കിന് പുസ്തകശാലകളും ഔട്ട്ഡോർ ബുക്ക്സ്റ്റാളുകളും കഫേകളും സ്റ്റേഷനറി കടകളും നിറഞ്ഞതാണ് ഈ പുസ്തകച്ചന്ത. ഇവിടെ ആർക്കും കടന്നുവരാം. നിലവിൽ വന്നതു മുതൽ തന്നെ ഇവിടുത്തെ സാഹിത്യകാരന്മാരുടെയും ബുദ്ധിജീവികളുടെയും പ്രധാന കേന്ദ്രമായിരുന്നു ഈ പുസ്തകത്തെരുവ്. ഇത് തുടങ്ങിയ വർഷങ്ങളെക്കുറിച്ച് കൃത്യമായ പരാമർശങ്ങളില്ലെങ്കിലും തുടക്കം മുതൽ തന്നെ വലിയ മാറ്റങ്ങളൊന്നുമില്ലാതെ ജനമനസുകളിൽ ഇടം നേടിയ ഒരിടമാണ് ഇതെന്ന് പറയാതെ വയ്യ.
പുസ്തകക്കച്ചവടക്കാരും വായനക്കാരും നിറഞ്ഞ തെരുവ് 2007- ൽ ദാരുണമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചു. 30- ലധികം ആളുകൾ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഒരു കാർ ബോംബ് സ്ഫോടനമായിരുന്നു അത്. ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ പ്രസിദ്ധീകരണ ലോകത്തെയും അതിന്റെ എഴുത്തുകാരെയും പുസ്തകവിൽപനക്കാരെയും വായനക്കാരെയും ബാധിച്ചു. ഇറാഖിലെ സാഹിത്യസമൂഹത്തിനും സാംസ്കാരിക സ്ഥാപനത്തിനും നേരെയുള്ള ആക്രമണമായിരുന്നു ആ സ്ഫോടനം. എന്നാൽ വായനയിലൂടെ വളരുന്ന സമൂഹത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ഒരിക്കലും വിജയിച്ചില്ല. ഈ തെരുവിന്റെ പുനർ നിർമ്മാണത്തിനായി ലോകമെമ്പാടുമുള്ള ആളുകൾ കൈകോർത്തു. അങ്ങനെ നവീകരിക്കപ്പെട്ട തെരുവ് 2008 ഡിസംബർ 18- ന്, ഇറാഖി പ്രധാനമന്ത്രി നൂറി അൽ-മാലികി ഔദ്യോഗികമായി തുറന്നുകൊടുത്തു.
‘പുസ്തകം വായിക്കുന്ന ഒരാൾ മോഷ്ടിക്കില്ല; ഒരു മോഷ്ടാവ് വായിക്കുകയുമില്ല’ എന്ന് കാർന്നോന്മാർ പറഞ്ഞുകേട്ടിട്ടുണ്ട്. ഈ പുസ്തക മാർക്കറ്റിനെ സംബന്ധിച്ച് ഈ ചൊല്ല് അന്വർത്ഥമാവുകയാണ്. ഓരോ രാത്രിയും ഈ പുസ്തകങ്ങൾ എവിടെയും അടച്ചുപൂട്ടി വയ്ക്കാതെ അതുപോലെ തന്നെ മാർക്കറ്റിൽ തുടരുന്നു. ആരും മോഷ്ടിച്ചു കൊണ്ടുപോകുമെന്ന് ഭയമില്ലാതെ തന്നെ.