പതിമൂന്നു വയസുകാരനായ മാര്‍സെലോ ജീസസ് ഗൗരിയുവും ഒമ്പത് വയസ്സുള്ള സഹോദരനും എല്ലാ ദിവസവും രാവിലെ, വെനിസ്വേലയിലെ ചെറിയ പട്ടണമായ കാലിയിലെ വീട്ടില്‍ നിന്ന് വെളുപ്പിന് നാലരയ്ക്ക് കൊളംബിയയിലെ തങ്ങളുടെ സ്കൂളിലേക്കുള്ള യാത്ര ആരംഭിക്കും. ആറരയോടെ ആരംഭിക്കുന്ന ക്ലാസില്‍ നേരത്തെ എത്താനാണ് രണ്ടുമണിക്കൂറോളം ഇരുട്ടിലൂടെ മറ്റൊന്നും കൂട്ടാക്കാതെ അവര്‍ നടക്കുന്നത്. സൂര്യന് ഉദിക്കുമ്പോഴേയ്ക്കും ‘ട്രോച്ചാസ്’ എന്നറിയപ്പെടുന്ന അനൗപചാരിക അതിര്‍ത്തി ക്രോസിംഗിലൂടെ കൊളംബിയയിലെ പരാഗ്വാച്ചോണ് പട്ടണത്തിലെ തങ്ങളുടെ സ്കൂളില്‍ അവര്‍ എത്തിച്ചേരുന്നു.
കൊളംബിയയുടെ വടക്കേ അറ്റത്തെ ഈ അതിര്‍ത്തി അപകടകരവും അവ നിയന്ത്രിക്കുന്നത് പ്രാദേശിക സായുധ ഗ്രൂപ്പുകളുമാണ്. അവര്‍ പലപ്പോഴും ഉപയോക്താക്കളില്‍ നിന്ന് അതിര്‍ത്തി കടന്നുപോകുന്നതിന് ഫീസും ഈടാക്കുന്നു. ഔദ്യോഗിക ബോര്‍ഡര്‍ ക്രോസിംഗുകളിലേക്ക് ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതിനാലാണ് അനൗപചാരിക ട്രോച്ചാസ് കൂടുതല്‍ സൗകര്യപ്രദമായ ഒരു ബദലായി ഇവര്‍ ഉപയോഗിക്കുന്നത്.
എങ്കിലും തങ്ങള്‍ നടത്തുന്ന ഈ അനൗപചാരികമായ അതിര്‍ത്തി കടക്കലിനെ മാര്‍സെലോയും കൂട്ടരും പക്ഷേ ഭയക്കുന്നില്ല. ‘എനിക്ക് കൊളംബിയയിലെ സ്കൂളില്‍ വരാന്‍ ഇഷ്ടമാണ്. കാരണം ഞാന്‍ താമസിക്കുന്നിടത്ത് സ്കൂളുകളില്ല’. മാഴ്സലോ പറയുന്നു.
വെനസ്വേലയുടെ തകരുന്ന സമ്പദ്വ്യവസ്ഥയും നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധിയും സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള പല സ്ഥാപനങ്ങളെയും തകര്‍ച്ചയുടെ വക്കിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അധ്യാപകരുടെ കടുത്ത ക്ഷാമവും സ്കൂളുകള്‍ അഭിമുഖീകരിക്കുന്നു. ഇതാണ് മാഴ്സെലോയെപ്പോലുള്ള വെനസ്വേലന്‍ കുട്ടികളെ അപകടകരമെങ്കിലും അതിര്‍ത്തി കടക്കാന്‍ പ്രേരിപ്പിക്കുന്നത്.
പരാഗ്വാച്ചോണിലെ മാര്‍സെലോ പഠിക്കുന്ന സ്കൂളില്‍, 1,270 വിദ്യാര്‍ത്ഥികളില്‍ ഏകദേശം 40% വെനസ്വേലക്കാരാണ്. അവര്‍ തങ്ങളുടെ അയല്‍രാജ്യമായ കൊളംബിയയിലേക്ക് മെച്ചപ്പെട്ട സ്കൂള്‍ വിദ്യാഭ്യാസം തേടി എത്തിയവരാണ്. ഈ വെനസ്വേലന്‍ കുട്ടികളില്‍ മൂന്നിലൊന്നിലധികം പേരും അതിര്‍ത്തി കടക്കാന്‍ ട്രോച്ചാസ് ഉപയോഗിക്കുന്നു.
ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ കണ്‍സള്‍ട്ടന്റായ ബ്രാം എബസിന്റെ അഭിപ്രായത്തില്‍, ഈ ട്രോച്ചാസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുവേണ്ടി നടക്കുന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ അസാധാരണമല്ല. ‘ഫീസ് ഈടാക്കുന്നതിനു പുറമേ, മയക്കുമരുന്നും അനധികൃത സ്വര്‍ണ്ണവും കടത്തുന്നതിനോ കള്ളക്കടത്തുകാരില്‍ നിന്ന് അവരുടെ അതിര്‍ത്തി കടക്കുന്നതിന് പണം ഈടാക്കുന്നതിനോ ക്രിമിനല്‍ ഗ്രൂപ്പുകള്‍ ഈ ട്രോച്ചാസ് ഉപയോഗിക്കുന്നു’ മിസ്റ്റര്‍ എബസ് വിശദീകരിക്കുന്നു.
അതിര്‍ത്തിയിലെ അപകടസാധ്യതകളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും വളരെയേറെ ബോധ്യമുണ്ട്. എന്നാല്‍ വെനസ്വേല- കൊളംബിയ അതിര്‍ത്തിയില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുനല്‍കുന്നതിനുള്ള ഒരേയൊരു മാര്‍ഗ്ഗം അപകടകരമായ ഈ അതിര്‍ത്തി കടക്കലാണ്. സാധ്യമായവര്‍, അവരുടെ കുട്ടികളെ യാത്രയില്‍ അനുഗമിക്കുന്നു. എന്നാല്‍ വെനസ്വേലയുടെ അപകടകരമായ സമ്പദ്വ്യവസ്ഥയില് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പല മാതാപിതാക്കളും ജോലിക്ക് പോകേണ്ടവരായതിനാല് പല കുട്ടികളും തനിച്ചാണ് യാത്ര ചെയ്യുന്നത്.
ഔദ്യോഗിക ബോര്‍ഡര്‍ ക്രോസിംഗുകളിലേക്ക് ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതിനാലാണ് അനൗപചാരിക ട്രോച്ചാസ് കൂടുതല്‍ സൗകര്യപ്രദമായ ഒരു ബദലായി മാറുന്നത്. കൂടാതെ, പല വെനസ്വേലക്കാര്‍ക്കും ഔദ്യോഗിക അതിര്‍ത്തി കടക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ല. ബ്യൂറോക്രാറ്റിക് തടസ്സങ്ങള്‍, നിയമപരമായ അവ്യക്തത, ഉയര്‍ന്ന ചിലവ് എന്നിവ കാരണം ഈ രേഖകള്‍ സ്വന്തമാക്കുക എന്നത് പല വെനിസ്വേലക്കാര്‍ക്കും വലിയ വെല്ലുവിളിയുമാണ്.
അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിഗതികള്‍ താമസിയാതെ മെച്ചപ്പെടുമെന്ന് കൊളംബിയന്‍, വെനസ്വേലന്‍ സര്‍ക്കാരുകള്‍ ഇടയ്ക്കിടെ നല്കുന്ന വാഗ്ദാനം മാത്രമാണ് ഈ ജനവിഭാഗത്തിന്റെ ഏക പ്രതീക്ഷ.