റഷ്യന്‍ സൈന്യം ബുച്ചയില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍, ശവപ്പെട്ടിയില്‍ കിടത്തി തന്റെ അമ്മ മറീനയെ അഭയകേന്ദ്രത്തിലെ ബേസ്‌മെന്റില്‍ നിന്ന് അടുത്തുള്ള വീടിന്റെ മുറ്റത്തേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകുന്നത് ആറുവയസ്സുകാരന്‍ വ്‌ലാഡ് നോക്കിനിന്നു. വ്‌ലാഡിന്റെ പിതാവ് ഇവാന്‍ ദ്രഹുന്‍ ശവക്കുഴിയുടെ ചുവട്ടില്‍ മുട്ടുകുത്തി കരയുകയാണ്. ആദ്യം, അമ്മയ്ക്ക് എന്താണ് സംഭവിച്ചതെന്ന് വ്‌ലാഡിന് മനസ്സിലായില്ലെന്ന് ഇവാന്‍ പറഞ്ഞു. എന്നാല്‍ ശ്മശാനത്തില്‍, ഇവാന്‍ മുട്ടുകുത്തി കരയുന്നത് അവന്‍ കണ്ടു. ഇപ്പോള്‍ മരണം എന്താണെന്ന് അവനറിയാം.
യുദ്ധത്തിന്റെ സമ്മര്‍ദ്ദത്തിനിടയില്‍, അമ്മ കഷ്ടിച്ചാണ് ഭക്ഷണം കഴിച്ചിരുന്നതെന്ന് വ്‌ലാഡ് ഓര്‍ക്കുന്നു. എന്ത് അസുഖമാണ് മറീനയുടെ മരണകാരണമെന്ന് വീട്ടുകാര്‍ക്ക് ഇപ്പോഴും അറിയില്ല. ഇനി എങ്ങനെ മുന്നോട്ട് പോകണമെന്നും ആ പിതാവിനും മകനും അറിയില്ല.
റഷ്യന്‍ അധിനിവേശത്തിന്റെ ഏറ്റവും ക്രൂരമായ രംഗങ്ങള്‍ക്കാണ് ബുച്ച സാക്ഷ്യം വഹിച്ചത്. അതിനുശേഷം അതിന്റെ നിശ്ശബ്ദമായ തെരുവുകളില്‍ കുട്ടികളെ കണ്ടിട്ടില്ല. തലസ്ഥാനമായ കൈവിന്റെ അങ്ങേയറ്റത്ത്, സ്‌കൂളുകളുടെ പരിസരത്തെ നിരവധി കളിസ്ഥലങ്ങളും ശൂന്യമാണ്. വ്‌ലാഡും അവന്റെ ജ്യേഷ്ഠന്‍ വോവയും സഹോദരി സോഫിയയും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന്റെ പുറത്തെ ഭിത്തിയില്‍ ‘കുട്ടികള്‍’ എന്ന് ഉയര്‍ന്ന അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്.
റഷ്യക്കാര്‍ ബുച്ചയിലെ കുട്ടികളുടെ ക്യാമ്പ് ഒരു എക്‌സിക്യൂഷന്‍ ഗ്രൗണ്ടായി ഉപയോഗിച്ചു. രക്തക്കറകളും ബുള്ളറ്റ് ദ്വാരങ്ങളും ആ ബേസ്‌മെന്റിനെ അടയാളപ്പെടുത്തുന്നു. വ്‌ലാഡിന്റെ വീട്ടില്‍ നിന്ന് കുറച്ച് അകലെ, റഷ്യക്കാരില്‍ ചിലര്‍ ഒരു കിന്റര്‍ഗാര്‍ട്ടന്‍ അവരുടെ കേന്ദ്രമായി ഉപയോഗിച്ചു. ഉപയോഗിച്ച പീരങ്കി ഷെല്ലുകളുടെ കേസിംഗുകള്‍ അതിന്റെ മുറ്റത്ത് ഉപേക്ഷിച്ചിരിക്കുന്നു. അടുത്തുള്ള ഒരു കളിസ്ഥലത്ത്, ആയുധങ്ങള്‍ നിരത്തിയിരിക്കുന്നു. വെടിമരുന്നിനായി ഉപയോഗിച്ചിരുന്ന ഒരു മരപ്പെട്ടിയില്‍ ഒരു ടെഡി ബിയറും മറ്റ് കളിപ്പാട്ടങ്ങളും കണ്ടെത്തിയിരുന്നു.
റഷ്യന്‍ അധിനിവേശ സമയത്ത് തണുത്തുറഞ്ഞ നിലവറകളില്‍ ആഴ്ചകളോളം മാതാപിതാക്കള്‍ അവരുടെ കുട്ടികളെ സംരക്ഷിക്കാന്‍ എത്രത്തോളം പരിശ്രമിച്ചുവെന്ന് ഇപ്പോള്‍ തെരുവില്‍ യാദൃശ്ചികമായി കാണുന്ന കുട്ടികളുടെ മുഖം കണ്ടാല്‍ വ്യക്തമാകും. കുട്ടികള്‍ക്കുള്ള പലഹാരങ്ങളും കളിപ്പാട്ടങ്ങളുമായാണ് മിക്ക മാതാപിതാക്കളും ബേസ്‌മെന്റുകളിലേയ്ക്ക് മാറിയത്. കൊടിയ തണുപ്പില്‍ അവര്‍ കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചിരുന്ന് ചൂട് പകര്‍ന്നു. പുറത്തെ ഭയാനകമായ ശബ്ദങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ പലപ്പോഴും അവരുടെ ചെവി പൊത്തിപ്പിടിച്ചു. ഭയപ്പെട്ട് കരഞ്ഞ കുഞ്ഞുങ്ങളെ ശാന്തരാക്കാന്‍ ആവുന്നതെല്ലാം ചെയ്തു.
ബുച്ചയില്‍ കൊല്ലപ്പെട്ട നൂറുകണക്കിന് ആളുകളില്‍ 16 കുട്ടികളെങ്കിലും ഉള്‍പ്പെടുന്നുവെന്ന് പ്രാദേശിക അധികാരികള്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. അതേ സമയം, ഇത് അവസാനമല്ലെന്ന് മുതിര്‍ന്ന കുട്ടികള്‍ മനസ്സിലാക്കുന്നു. യുദ്ധം അവസാനിച്ചിട്ടില്ല. യുദ്ധം ഇപ്പോഴും നടക്കുന്നുണ്ടെന്ന് അവര്‍ മനസിലാക്കുന്നു.
കുട്ടികള്‍ ഇപ്പോള്‍ സാഹചര്യവുമായി പൊരുത്തപ്പെടുന്നുണ്ട്. പക്ഷേ അവരുടെ കളികളിലേക്ക് പോലും യുദ്ധം വഴുതിവീണിരിക്കുന്നു. കിന്റര്‍ഗാര്‍ട്ടന് പുറത്തുള്ള ഒരു സാന്‍ഡ്‌ബോക്‌സില്‍, കുഞ്ഞു വ്‌ലാഡും അവന്റെ കുട്ടി സുഹൃത്തും പരസ്പരം മണല്‍ നിറച്ച് ‘ബോംബ്’ എറിയുകയാണ്…’ഞാന്‍ യുക്രെയ്ന്‍ ആണ്’, ഒരാള്‍ പറഞ്ഞു. ”അല്ല, ഞാനാണ് യുക്രെയ്ന്‍,” മറ്റൊരാള്‍ പറയുന്നു….