ശൈത്യകാലത്തിന്റെ തണുപ്പിൽ പെയ്തുവീണ മഴത്തുള്ളികൾക്കൊപ്പം ഇസ്രായേൽക്കാരുടെകണ്ണീർ ചേർന്ന ദിനമായിരുന്നു ഇന്നലെ. കാരണം, 500 ദിവസത്തിലേറെയായി ബന്ദിയാക്കപ്പെട്ട 32 വയസ്സുകാരി ഷിരി ബിബാസിനെയും അവളുടെ രണ്ടു കുഞ്ഞുങ്ങളെയും – നാലു വയസ്സുകാരൻ ഏരിയലിനെയും ഒൻപതുമാസം മാത്രം പ്രായമുള്ള കെഫിറിനെയും – ഒപ്പം ഒഡെഡ് ലിഫ്ഷിറ്റ്സിനെയും ഹമാസ് ഇസ്രായേലിനു കൈമാറി. കൈമാറിയത് ജീവനോടെയല്ല; മൃതദേഹങ്ങളായി ശവപ്പെട്ടികളിൽ.
500 ദിവസത്തിലേറെയായി ഇസ്രായേലികളെ ബന്ദികളാക്കിവച്ചിരിക്കുന്ന ഹമാസിന്റെയും മറ്റ് പലസ്തീൻ സായുധസംഘങ്ങളുടെയും രാഷ്ട്രീയമായ പ്രകടനത്തോടെയാണ് ഇതുവരെ എല്ലാ കൈമാറ്റങ്ങളും തുടങ്ങിയിരുന്നത്. ഇന്നലെയും അങ്ങനെതന്നെ. ഇസ്രായേലിനെതിരെയുള്ള വലിയ പോസ്റ്ററുകളാൽ വേദി നിറഞ്ഞിരുന്നു.
ബന്ദികളുടെ – ഇത്തവണ മൃതദേഹങ്ങളുടെ – കൈമാറ്റ പ്രക്രിയയുടെ മേൽനോട്ടം വഹിക്കാൻ റെഡ് ക്രോസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. സ്വകാര്യവും മാന്യവുമായ രീതിയിൽ ഇപ്രാവശ്യം കൈമാറ്റം നടത്താൻ അവർ ഹമാസിനോട് അഭ്യർഥിച്ചു. പക്ഷേ, ക്രൂരത മുഖമുദ്രയാക്കിയ ഹമാസ് അത് നിരാകരിച്ചു. പൊതുവേദിയിൽവച്ചു തന്നെയാണ് ഇപ്രാവശ്യവും കൈമാറ്റം നടത്തിയത്.
ഒരുപക്ഷേ കനത്ത മഴ കാരണം, സാധാരണപോലെ കാഴ്ചക്കാർ പതിവിലും കുറവായിരുന്നു. വ്യാഴാഴ്ച രാവിലെ കൈമാറിയതിനുശേഷം, ഗാസ മുനമ്പിൽ വച്ചുനടന്ന ഒരു സൈനിക ചടങ്ങിൽ, സൈന്യത്തിന്റെ ചീഫ് റബ്ബി ബന്ദികൾക്കുവേണ്ടി പ്രാർഥന നടത്തി. ബന്ദികളെ വഹിച്ചുകൊണ്ടിരുന്ന ശവപ്പെട്ടികൾ ഇസ്രായേലി പതാകകൾ കൊണ്ട് പൊതിഞ്ഞിരുന്നു. തുടർന്ന്, മൃതദേഹങ്ങൾ ഔപചാരികമായി തിരിച്ചറിയുന്ന ജാഫയിലെ അബു കബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വാഹനങ്ങൾ യാത്രയായി.
വഴിയിലുടനീളം, ഇസ്രായേലികളുടെ ചെറിയ സംഘങ്ങൾ ഇസ്രായേലി പതാകകളും മഞ്ഞ ബാനറുകളും വഹിച്ചുകൊണ്ട് മഴയിൽ നിശ്ശബ്ദരായി കണ്ണീരോടെനിന്നു. വ്യാഴാഴ്ച മോചിതരായ നാലു ബന്ദികളെയും 2023 ഒക്ടോബർ ഏഴിന് നിർ ഓസിൽനിന്ന് ഹമാസ് ബന്ദികളാക്കിയതായിരുന്നു. ഹമാസിന്റെ കസ്റ്റഡിയിൽവച്ചു കൊല്ലപ്പെട്ടവരാണ് ഇവർ.