കാലാവസ്ഥാ വ്യതിയാനത്തിന്റെ വേലിയേറ്റത്തിനിടയിൽ സിയറ ലിയോണിലെ ന്യാംഗായ് ദ്വീപിൽ കുടുംബങ്ങൾ എങ്ങനെ അതിജീവിക്കാൻ പാടുപെടുന്നുവെന്ന് ടോമി ട്രെൻചാർഡ് വെളിപ്പെടുത്തുന്നു.
അറ്റ്ലാന്റിക് തീരപ്രദേശത്ത് ചിതറിക്കിടക്കുന്ന സിയറ ലിയോണിൽ ന്യാംഗായ് എന്നൊരു ദ്വീപുണ്ട്. നിരവധി പേർ അധിവസിച്ചിരുന്ന ആ ദ്വീപ് ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്താൽ തുടർച്ചയായി ഉണ്ടാകുന്ന വേലിയേറ്റം മൂലം ദ്വീപ് തുടച്ചുമാറ്റപ്പെടുകയാണ്. അതുകൊണ്ടുതന്നെ ദ്വീപിൽ ഇപ്പോൾ ജീവിതം വളരെ ദുസ്സഹമായിക്കൊണ്ടിരിക്കുന്നു.
തലസ്ഥാനമായ ഫ്രീടൗണിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ തെക്കുള്ള ഒരു ചെറിയ മണൽദ്വീപായ ന്യാംഗായിയിലെ നിവാസികൾക്ക് ഊണിലും ഉറക്കത്തിലും ഇപ്പോൾ ഒരേ ആശങ്കയാണ്, തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒരുവർഷത്തിനുള്ളിൽ അവിടെ ഉണ്ടാകുമോ എന്ന്.
ഒരുകാലത്ത്, മൂന്നു ഗ്രാമങ്ങളും ആയിരക്കണക്കിന് ആളുകളും വിശാലമായ വനപ്രദേശങ്ങളും ഉണ്ടായിരുന്ന ന്യാംഗായി, വിനാശകരമായ തീരദേശ മണ്ണൊലിപ്പിനു മുന്നിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ, അതിന്റെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും തിരമാലകൾക്കടിയിൽ അപ്രത്യക്ഷമായി. നിലവിൽ കടലെടുക്കാത്ത ശേഷിച്ച പ്രദേശത്ത് ഏകദേശം 400 പേർ മാത്രമേ അവശേഷിച്ചിട്ടുള്ളൂ.
“കഴിഞ്ഞ അഞ്ചുവർഷമായി വെള്ളം വളരെ വേഗത്തിൽ വന്നുകൊണ്ടിരിക്കുകയാണ്” – ദ്വീപിന്റെ പരമ്പരാഗത തലവനായ മുസ്തഫ കോങ് പറയുന്നു. അദ്ദേഹത്തിന്റെ കുടുംബം കുറഞ്ഞത് നാല് തലമുറകളായി ന്യാംഗായിയിൽ താമസിക്കുന്നു. “ദ്വീപിനുചുറ്റും ഒരു തീരം പണിയാൻ ഞങ്ങളെ സഹായിക്കണമെന്ന് ഞാൻ സർക്കാരിനോട് അപേക്ഷിച്ചു. പക്ഷേ അവർ ഒന്നും ചെയ്തില്ല.”
സംസാരിക്കുന്നതിനിടയിൽ, ദ്വീപിന്റെ കിഴക്കൻതീരത്ത് കൂമ്പാരമായിക്കിടക്കുന്ന തൂണുകളുടെയും വലകളുടെയും ടാർപോളിനുകളുടെയും അവശിഷ്ടങ്ങൾ തരംതിരിക്കുന്ന തിരക്കിലാണ് കോങ്. രണ്ടാഴ്ച മുമ്പുവരെ അസാധാരണമായി ഉയർന്ന വേലിയേറ്റം ദ്വീപിനെ വലയിലാക്കിയപ്പോൾ അവിടെ അദ്ദേഹത്തിന്റെ വീടായിരുന്നു. ന്യാംഗായിയിലെ വെള്ളപ്പൊക്കത്തിൽ അദ്ദേഹം പരാജയപ്പെടുന്നത് ഇത് നാലാം തവണയാണ്.
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ദ്വീപ് ഏകദേശം 700 മീറ്ററിൽനിന്ന് 170 മീറ്ററായി ചുരുങ്ങി. വരണ്ട ഭൂമിയുടെ അവസാനത്തെ ഭാഗത്ത് വീടുകൾ, മത്സ്യപുകപ്പുരകൾ, ഒരുപിടി ചെറിയ കടകൾ എന്നിങ്ങനെ എഴുപതോളം ഘടനകൾ ഒരുമിച്ചുചേർന്ന നിലയിൽ കിടക്കുന്നു. പലതും മരക്കമ്പുകൾ, ഷീറ്റ് മെറ്റൽ, ടാർപോളിൻ എന്നിവകൊണ്ടാണ് നിർമ്മിച്ചിരുന്നത്. ദ്വീപിന്റെ ചില ഭാഗങ്ങളിൽ വെള്ളത്തിൽനിന്ന് മരക്കമ്പുകൾ ഉയർന്നുകാണാം. അവയെല്ലാം ഒരിക്കൽ അവിടെ വളർന്നിരുന്ന വനങ്ങളുടെ അവശിഷ്ടങ്ങളാണ്.
ദ്വീപിന്റെ കിഴക്ക്, കടൽത്തീരത്തുനിന്ന് ഏതാനും മീറ്റർ അകലെ, ഒരു ചെറിയ മണൽക്കൂന മാത്രമാണ് ‘മൊബിയാബോയ്’ എന്ന ഗ്രാമം അവിടെ ഉണ്ടായിരുന്നതായിട്ട് സൂചിപ്പിക്കാൻ അവശേഷിക്കുന്നത്. 2018 ൽ കടലിൽ മുങ്ങിപ്പോയ മോബിയാബോയ് ഗ്രാമം ഏകദേശം നൂറു കുടുംബങ്ങൾക്ക് വാസസ്ഥലമായിരുന്നു.
ടർട്ടിൽ ഐലൻഡ്‌സ് ദ്വീപസമൂഹത്തിലെ ഏതാനും ദ്വീപുകൾ താഴ്ന്ന പ്രദേശങ്ങളാണ്. അതിൽ ന്യാംഗായിയും ഉൾപ്പെടുന്നു. അവ ശക്തമായ പ്രവാഹങ്ങൾക്ക് വിധേയമായ തീരപ്രദേശത്തിന്റെ ഒരുഭാഗത്ത് നിന്ന് അകലെയാണ് സ്ഥിതിചെയ്യുന്നത്. അതിനാൽ, അവ എല്ലായ്പ്പോഴും മണ്ണൊലിപ്പിന് ഇരയാകാറുണ്ട്. എന്നിരുന്നാലും, ന്യാംഗായിയിലെ ഇന്നത്തെ സാഹചര്യം അഭൂതപൂർവമാണെന്ന് ദ്വീപുവാസികൾ പറയുന്നു. ഫ്രീടൗണിൽ, സമുദ്രനിരപ്പ് ഉയരുന്നത് ഇവിടെ മാത്രമല്ല. അറ്റ്ലാന്റിക് തീരപ്രദേശങ്ങളിലെ പല സ്ഥലങ്ങളിലും മണ്ണൊലിപ്പ് വർധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
“സമുദ്രനിരപ്പ് ഉയരുന്നത് ഞങ്ങളുടെ തീരപ്രദേശങ്ങളെ സാരമായി ബാധിക്കുന്നു” – സിയറ ലിയോണിന്റെ കാലാവസ്ഥാ സേവനത്തിന്റെ ഓപ്പറേഷൻസ് മേധാവി ഗബ്രിയേൽ കപക പറയുന്നു. “സംഭവിക്കുന്ന മാറ്റങ്ങളെ നേരിടാൻ ആളുകൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.”
“ന്യാംഗായിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ബോണ്ടെ പട്ടണത്തിൽ, ഇപ്പോൾ പതിവായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ ചെറുക്കുന്നതിനായി പ്രാദേശിക അധികാരികൾ ഒരു കോൺക്രീറ്റ് കടൽഭിത്തി നിർമ്മിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ, ചില സമൂഹങ്ങളെ സംരക്ഷിക്കുന്നതിനായി സർക്കാരും അന്താരാഷ്ട്ര സഹായ ഏജൻസികളും കണ്ടൽക്കാടുകളുടെ പുനരുദ്ധാരണ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നിരുന്നാലും ധനസഹായം കുറവായതിനാൽ അവർക്ക് കൂടുതലൊന്നും ചെയ്യാനില്ല” – സിയറ ലിയോണിന്റെ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ ഡെപ്യൂട്ടി ഡയറക്ടർ പോൾ ലാമിൻ പറഞ്ഞു. സർക്കാർ ‘സാഹചര്യം നിരീക്ഷിക്കുകയും’ ‘ആളുകൾക്ക് അവരുടെ അപകടസാധ്യത മനസ്സിലാക്കാൻ അവബോധം വളർത്തുകയും ചെയ്യുന്നുണ്ട്.’ എന്നാൽ ന്യാംഗായിയിൽ നിലവിൽ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല.
“ഇത് യൂറോപ്പിലായിരുന്നെങ്കിൽ, അവർക്ക് ഇത് സംരക്ഷിക്കാൻ കഴിയുമായിരുന്നു” – ദ്വീപിന്റെ ഡെപ്യൂട്ടി ചീഫ് ക്പാന ചാർളി പറയുന്നു. “പക്ഷേ, ഇവിടെ നമുക്ക് അതിനുള്ള മാർഗമില്ല. അത് എന്നെ വളരെയധികം ദുഃഖിപ്പിക്കുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുതരമായ ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷ ചാർളി ഇപ്പോൾ ഉപേക്ഷിച്ചിരിക്കുന്നു. “ഇവിടം സംരക്ഷിക്കാൻ സർക്കാരിന് വലിയ പ്രോത്സാഹനമില്ലെന്ന് ഈ ദ്വീപ് വിട്ടുപോകുന്ന ഓരോ കുടുംബത്തിനും അറിയാം” – അദ്ദേഹം പറയുന്നു. പകരം, ന്യാംഗായി വാസയോഗ്യമല്ലാതാകുകയാണെങ്കിൽ, കുറഞ്ഞത് അവർക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന തരത്തിൽ ദ്വീപുവാസികൾക്ക് വൻകരയിൽ ഒരു ഭൂമി അനുവദിക്കണമെന്ന് അദ്ദേഹം പ്രാദേശിക അധികാരികളോട് ആവശ്യപ്പെട്ടു. എന്നാൽ അത് അധികനാൾ നീണ്ടുനിൽക്കില്ലെന്നും അദ്ദേഹം ഭയപ്പെടുന്നു.
62 കാരനായ ഫിഷർ കൈപെയ്ൻ ചാർളി വിശ്വസിക്കുന്നത്, താൻ ജീവിതം ചെലവഴിച്ച ദ്വീപ് രണ്ടുവർഷത്തിനുള്ളിൽ ഇല്ലാതാകുമെന്നാണ്.
ചീഫ് കോങ് തന്റെ അവസാനത്തെ വീടിന്റെ അവശിഷ്ടങ്ങളിൽനിന്ന് നിർമ്മാണസാമഗ്രികൾ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വേലിയേറ്റം ക്രമാനുഗതമായി ഉയരുന്നു. പുലർച്ചെയോടെ അത് ദ്വീപിന്റെ പരിധിക്കകത്ത് എത്തിയിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെ താമസക്കാർ തങ്ങളാൽ കഴിയുന്നത്ര പ്രാഥമിക വെള്ളപ്പൊക്ക പ്രതിരോധം നിർമ്മിക്കുന്നു. പഴയ കാർ ടയറുകളോ, പ്ലാസ്റ്റിക് ഷീറ്റുകളുടെ സ്ട്രിപ്പുകളോ ഉപയോഗിച്ച് ഉറപ്പിച്ച ചെറിയ മണൽത്തട്ടുകൾ നിർമ്മിച്ച് വെള്ളത്തെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വെള്ളം അകത്തേക്ക് ഒഴുകുന്നു.
“ഇതുപോലുള്ള വെള്ളപ്പൊക്കങ്ങൾ ഞങ്ങളെ അധികം ബാധിക്കുന്നില്ല” – ദ്വീപിലെ ഏക സ്കൂളിൽ നിലവിൽ പഠിക്കുന്ന 109 കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം സഹോദരിയോടൊപ്പം വഹിക്കുന്ന 37 വയസ്സുള്ള മെൽച്ചിയോർ ഷന്നു പറയുന്നു. “വലിയവ ഞങ്ങളെ വളരെയധികം ബാധിക്കുന്നു. ഇവിടം മുഴുവൻ സ്ഥലവും വെള്ളപ്പൊക്കത്തിലാണ്.”
കനത്ത മഴയോ, ശക്തമായ കാറ്റോ ഉണ്ടാകുന്ന സാഹചര്യത്തിൽ സാധാരണയായി ഉയർന്ന വേലിയേറ്റം ഉണ്ടാകുമ്പോൾ സംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങളെ ദ്വീപിൽ ‘ദി ജോൺസൺ’ എന്നാണ് വിളിക്കുന്നത്. ഈ പദപ്രയോഗത്തിന്റെ ഉത്ഭവം ആരും ഓർമ്മിക്കുന്നില്ല. പക്ഷേ എല്ലാവരും സമ്മതിക്കുന്ന കാര്യം, ദി ജോൺസൺ കൂടുതൽ രൂക്ഷവും പതിവായി മാറുന്നതുമാണെന്നാണ്.
“മനുഷ്യന്റെ പ്രവൃത്തികളാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്” – ഷന്നു പറയുന്നു. “അഞ്ചു മുതൽ പത്തുവർഷം കൊണ്ട് ഈ സ്ഥലം മുഴുവൻ ഇല്ലാതാകുമെന്ന് ഞാൻ കരുതുന്നു. എല്ലാവർക്കും മാറിത്താമസിക്കാൻ ഒരു പദ്ധതിയുണ്ട്” – ഷന്നു കൂട്ടിച്ചേർത്തു.
ദ്വീപിൽ ഇപ്പോഴും താമസിക്കുന്ന പല കുടുംബങ്ങളും തലമുറകളായി അവിടെ താമസിക്കുന്നവരാണ്. അത്യാവശ്യം വരുന്നതുവരെ വീടുകൾ വിട്ടുപോകാൻ അവർക്ക് കടുത്ത മടിയാണ്.
ചീഫ് കോങ്ങിനെപ്പോലെ, മറ്റുള്ളവർക്കും ന്യാംഗായിയിൽ കുറഞ്ഞത് നാലു തവണയെങ്കിലും വീട് പുനർനിർമ്മിക്കേണ്ടിവന്നു. ഓരോ തവണയും കൂടുതൽ ഉൾഭാഗത്തേക്ക് താമസം മാറ്റേണ്ടതായുംവന്നു. പക്ഷേ, കടൽ വീണ്ടും വീണ്ടും മുന്നേറി അവരെ വീണ്ടും വെള്ളപ്പൊക്കത്തിലേക്ക് തള്ളിവിട്ടുകൊണ്ടേയിരുന്നു. ഓരോ നീക്കവും അവരുടെ തുച്ഛമായ സമ്പാദ്യം കൂടുതൽ ചോർത്തിക്കളഞ്ഞതേയുള്ളൂ.
ഒരു മേധാവിത്വവുമില്ലാത്ത ഒരു മേധാവിയാകാൻ സാധ്യതയുണ്ടെന്ന് കോങ്ങിന് അറിയാമെങ്കിലും അദ്ദേഹത്തിന്റെ നഷ്ടബോധം രൂക്ഷമാണ്. തന്റെ ചെറുപ്പകാലത്തെ ദ്വീപ് – തെങ്ങുകളുടെയും മാമ്പഴങ്ങളുടെയും ഇടതൂർന്ന വനങ്ങൾ, സംഗീതവും പാർട്ടികളും, ദൈനംദിന ഗ്രാമജീവിതത്തിന്റെ ആവേശം – അദ്ദേഹം വ്യക്തമായി ഓർക്കുന്നു. ഇന്ന്, മുങ്ങുന്ന കപ്പലിന്റെ ക്യാപ്റ്റനെപ്പോലെ, തന്റെ ജനങ്ങൾക്കുവേണ്ടി കഴിയുന്നതെല്ലാം ചെയ്യാനും അവിടെത്തന്നെ തുടരാനും അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ട്.