നാല്പതിനായിരം കോടിയുടെ സ്വത്തുക്കൾ. അതിന് ഒരേയൊരു അവകാശി. എന്നാൽ അതെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്നു. കേട്ടിട്ട് ഒരു സിനിമ കഥപോലെ തോന്നുന്നുണ്ടോ? നമ്മൾ സംശയിക്കുന്നതുപോലെ ഇതൊരു സിനിമ കഥയല്ല. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ്. പേര് വെൻ അജഹാൻ സിരിപന്യോ. മലേഷ്യക്കാരനായ ഒരു തമിഴ്വംശജൻ. സ്വത്തിനു വേണ്ടി സ്വന്തം സഹോദരങ്ങളേ പോലും കൊലപ്പെടുത്തുന്ന കാലത്ത് വേറിട്ട ഒരു വ്യക്തിയായി മാറിയിരിക്കുകയാണ് ഈ യുവാവ്.
മലേഷ്യയിൽ ജീവിക്കുന്ന തമിഴ് വംശജനായ ആനന്ദകൃഷ്ണൻ എന്ന വ്യവസായിയെ ഇന്ത്യക്കാർക്ക് വളരെയധികം പരിചിതനാണ്. ഏകദേശം 40,000 കോടിയുടെ ആസ്തിയാണ് ഈ വ്യവസായ പ്രമുഖനുള്ളത്. എംഎസ് ധോണി നയിക്കുന്ന ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഒരുകാലത്തെ സ്പോൺസർമാരിൽ ഒന്നായിരുന്നു ആനന്ദ കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ കമ്പനിയായ എയർസെൽ. ഇദ്ദേഹത്തിൻറെ ഒരേയൊരു മകനാണ് സിരിപന്യോ.
മലേഷ്യയിലെ ഏറ്റവും സമ്പന്നരിൽ ഒരാൾ കൂടിയായ ആനന്ദകൃഷ്ണന് ടെലികോം, മീഡിയ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽ എസ്റ്റേറ്റ്, സാറ്റലൈറ്റുകൾ എന്നിങ്ങനെ നിരവധി മേഖലകളിൽ വ്യവസായ സാമ്രാജ്യങ്ങൾ ഉണ്ട്. ഈ സാമ്രാജ്യത്തിന്റെ പിൻഗാമിയായി മകനെ നിയമിച്ച് സ്വസ്ഥമാകാൻ ആഗ്രഹിച്ച ആനന്ദ കൃഷ്ണൻ മകൻറെ ജീവിത ലക്ഷ്യത്തിനു മുന്നിൽ ഞെട്ടിയിരിക്കുകയാണ്. ബുദ്ധമതവിശ്വാസിയും മനുഷ്യസ്നേഹിയുമായ ആനന്ദകൃഷ്ണന്റെ മകൻ പിതാവിൻറെ സാമ്രാജ്യം വളർത്തുന്നതിനു പകരം മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ടെലികോം സാമ്രാജ്യത്തെ നയിക്കാൻ ആയിരുന്നു ആദ്യം അച്ഛൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതൊക്കെ നിരസിച്ച് സന്യാസജീവിതം സ്വീകരിച്ചിരിക്കുകയാണ് ഈ മകൻ.
പതിനെട്ടാം വയസ്സിൽ തന്നെ സിരിപന്യോ ഒരു തരുൺ വായ് സന്യാസിയാകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ആദ്യം ഇത് ഒരു ചെറിയ കാലത്തേക്കുള്ള തമാശയായി മാത്രമാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ സന്യാസ ജീവിതത്തെ ശാശ്വതമായി തന്നെ സ്വീകരിക്കാൻ പിന്നീട് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അമ്മ വഴി തായ്‌ലൻഡ് രാജകുടുംബവുമായും ബന്ധമുണ്ട് സിരിപന്യോയ്ക്ക്. അദ്ദേഹത്തിന് രണ്ട് സഹോദരിമാർ കൂടിയുണ്ട് എന്നും ഇവർ ആദ്യകാല ജീവിതം ബ്രിട്ടനിൽ ആയിരുന്നു ജീവിച്ചിരുന്നത് എന്നും പറയപ്പെടുന്നുണ്ട്. വെൻ അജഹാൻ സിരിപന്യോ എട്ടു ഭാഷകൾ സംസാരിക്കാൻ കഴിയുന്ന ആളാണെന്നാണ് മറ്റുചില റിപ്പോർട്ടുകൾ പറയുന്നത്. ജീവിതകാലം മുഴുവൻ സന്യാസിയായി തുടരുമോ എന്നതിൽ വ്യക്തതയില്ലെങ്കിലും ഇപ്പോഴും സിരിപന്യോ സന്യാസജീവിതമാണ് നയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കോടീശ്വര പുത്രൻെറ ഒരു “തമാശ”യാണ് ഇതെന്ന് വാദിക്കുന്നവരുമുണ്ട്. എന്തായാലും ഇപ്പോൾ ഭിക്ഷ യാചിച്ച് ലളിത ജീവിതം നയിക്കുകയാണ്. തായ്‌ലൻഡിലെ Dtao Dum മൊണാസ്ട്രിയുടെ മഠാധിപതി കൂടിയാണ് വെൻ അജഹാൻ സിരിപന്യോ.