കഴിഞ്ഞ വർഷം യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിനെ പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ആഗോളചർച്ചകളുടെ കേന്ദ്രമായിരുന്നു. പുടിന്റെ രാഷ്ട്രീയ വ്യക്തിത്വവും സൈനിക കൃത്യതയുമൊക്കെ ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ കേൾക്കാത്തതോ, വിശദമായി ചർച്ച ചെയ്തിട്ടില്ലാത്തതോ ആയ ഒരു വിഷയമാണ് പുടിന്റെ ‘ഗോസ്റ്റ് ട്രെയിൻ’ അഥവ ‘പ്രേത’ തീവണ്ടി എന്നറിയപ്പെടുന്ന 22 കംമ്പാർട്ട്മെന്റുകളുള്ള ആഢംബര ട്രെയിൻ. അടുത്തിടെ പുറത്തുവന്ന ചില ചിത്രങ്ങളും ഈ ട്രെയിനിനെക്കുറിച്ച് സൂചനകൾ നൽകുന്നു. ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ ഉപയോഗിക്കുന്ന ട്രെയിൻ പോലെ പുടിന്റെ സ്വകാര്യ ട്രെയിനിനെക്കുറിച്ചുള്ള വിവരങ്ങളും രഹസ്യത്മകത നിറഞ്ഞതാണ്. ഗോസ്റ്റ് ട്രെയിനിൽ നിറഞ്ഞിരിക്കുന്ന നിഗൂഢതകളെക്കുറിച്ച് നമുക്കൊന്നു മനസ്സിലാക്കാം.
പുടിന്റെ ‘പ്രേത’ തീവണ്ടി
പുടിന്റെ ‘പ്രേത’ തീവണ്ടിയെക്കുറിച്ചുള്ള അറിവുകൾ പുറംലോകമറിയുന്നത് സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്. CNN-ലെ റിപ്പോർട്ടനുസരിച്ച്, പുടിന് രാജ്യത്തിനകത്ത് സുഖമായും രഹസ്യമായും യാത്ര ചെയ്യുന്നതിനായി 2018-ലാണ് ഈ ട്രെയിൻ നിർമ്മിച്ചത്. പ്രസിഡന്റിനായുള്ള കോച്ചുകൾ തയാറാക്കുന്ന റഷ്യൻ കമ്പനിയായ സിർക്കോൺ സർവീസിലെ ഒരു വ്യക്തിയിൽ നിന്നാണ് ഈ ഗോസ്റ്റ് ട്രെയിനിനെക്കുറിച്ചുള്ള രേഖകൾ സിഎൻഎന്നിനു ലഭിച്ചതെന്നാണ് കരുതുന്നത്.
ട്രെയിൻ നിർമ്മാണത്തിന് ഏകദേശം 74 മില്യൺ ഡോളർ (609 കോടി രൂപ) ആണ് ചെലവ് കണക്കാക്കുന്നത്. വാർഷിക അറ്റകുറ്റപ്പണികൾക്കു ഏകദേശം 15.8 മില്യൺ ഡോളർ (130 കോടി രൂപ) ചിലവാകും. ഈ ട്രെയിൻ ആദ്യമായി കമ്മീഷൻ ചെയ്തത് 2014-ലാണ്. റഷ്യയുടെ ഉക്രൈൻ അധിനിവേശം ആരംഭിച്ചതിനുപിന്നാലെ ഇതിന്റെ ഉപയോഗത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്നാണ് വിവരം. ട്രെയിൻ പ്രവർത്തിപ്പിക്കുന്നതിനായി ഡസൻകണക്കിന് ക്രൂ അംഗങ്ങൾ രാപകലില്ലാതെ ജോലിചെയ്യുന്നുണ്ടെന്നും സിഎൻഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗോസ്റ്റ് ട്രെയിനിലെ രഹസ്യ ആഢംബരങ്ങൾ
“അയാൾക്ക് ഒരു ട്രെയിനുണ്ട് എന്നത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. എന്നാൽ അറിയാത്തത് ഞെട്ടിപ്പിക്കുന്ന തരത്തിൽ ഉള്ള രാജകീയമായ ട്രെയിനിന്റെ ആഢംബര സവിശേഷതകളാണ്! തീവണ്ടിയിൽ 20-ഓളം കാറുകളുണ്ട്; ഇത് അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുന്നു” – ഡോസിയർ സെന്ററിനെ ഉദ്ധരിച്ച് സിഎൻഎൻ പറയുന്നു. ട്രെയിനിലെ ഒരു കാറിൽ പുടിനുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത ആഢംബര ജിമ്മും സ്പായുമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പൂർണ്ണമായും സജ്ജീകരിച്ച ജിം അല്ലെങ്കിൽ ‘സ്പോർട്സ് – ഹെൽത്ത് വാഗൺ,’ ‘ആന്റി ഏജിംഗ് മെഷീനുകൾ’ അടക്കമുള്ള ഒരു മസാജ് പാർലർ, പൂർണ്ണമായും സജ്ജീകരിച്ച ടർക്കിഷ് ബാത്ത് സ്റ്റീം റൂം, സമൃദ്ധമായ കിടപ്പുമുറികൾ, അലങ്കരിച്ച ഡൈനിംഗ് ഹാളുകൾ എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ. ഒരു സിനിമാ തിയേറ്ററും ട്രെയിനിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ട്.
ട്രെയിനിൽ ഒരുക്കിയിരിക്കുന്ന കോസ്മെറ്റോളജി സെന്റിൽ ഉയർന്ന നിലവാരമുള്ള സൗന്ദര്യവർദ്ധക ഉപകരണങ്ങളും ഉൽപന്നങ്ങളോടുമൊപ്പം ഒരു മസാജ് ടേബിളുമുണ്ട്. ചോർന്ന രേഖകളനുസരിച്ച്, ചർമ്മത്തിന്റെ ദൃഢത വർധിപ്പിക്കുന്നതിന് ഒരു പ്രത്യേകതരം റേഡിയോ ഫ്രീക്വൻസി മെഷീൻ ഉപയോഗിക്കുന്നു. ശ്രവണ ഉപകരണങ്ങളുടെ ഉപയോഗം തടയുന്നവിധത്തിലാണ് മുറി രൂപകൽപന ചെയ്തിരിക്കുന്നത്. റഷ്യയിലുടനീളം പുടിന്റെ നിരവധി സ്വകാര്യവസതികളെ പ്രധാന റെയിൽശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഒരു മുഴുവൻ റെയിൽപാതയും ഗോസ്റ്റ് ട്രെയിനിനു മാത്രമായി ഉണ്ടെന്നും സിഎൻഎൻ പറയുന്നു. അടുത്തിടെ, റഷ്യൻ കൂലിപ്പട്ടാളം സായുധ കലാപാഹ്വാനവുമായി മോസ്കോയിലേക്ക് മാർച്ച് ചെയ്തപ്പോൾ പുടിൻ ഗോസ്റ്റ് ട്രെയിനിലേക്കാണ് പിൻവലിഞ്ഞതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
അതേസമയം, ഗോസ്റ്റ് ട്രെയിനിനെക്കുറിച്ച് പുറത്തുവന്ന വാർത്തകൾ റഷ്യ നിഷേധിച്ചിട്ടുണ്ട്. “പ്രസിഡന്റ് പുടിന്റെ ഉപയോഗത്തിലോ, ഉടമസ്ഥതയിലോ അത്തരമൊരു ട്രെയിനില്ല” എന്നാണ് റഷ്യയുടെ വാദം.