ഈജിപ്തിലെ കഷ്ടപ്പാടില്‍ നിന്ന് കാനാന്‍ ദേശത്തേയ്ക്ക് ഇസ്രായേല്‍ ജനത്തെ മോശ നയിച്ചതുപോലെ ഉപരോധത്തിനും ഷെല്ലാക്രമണത്തിനും ഇടയില്‍ പെട്ടുപോയ 117 പേരെ മരിയുപോളില്‍ നിന്ന് ജീവനോടെ രക്ഷപ്പെടാന്‍ സഹായിച്ച വ്യക്തിയാണ് ഒലെക്‌സി സിമോനോവ്. കാല്‍നടയായി മോശ തന്റെ ജനത്തെ നയിച്ചതുപോലെ തന്നെ സിമോനോവും മരിയുപോളിലെ ജനത്തെ കാല്‍നടയായാണ് നയിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.
യുക്രേനിയന്‍ യുദ്ധത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന വീരസാഹസികതയുടെ നിരവധി കഥകളില്‍ ഒലെക്‌സി സിമോനോവിന്റെ കഥയുമുണ്ട്. മരിയുപോളില്‍ നിന്ന് 117 പേരെ രക്ഷിച്ച് 12 മണിക്കൂറോളം നയിച്ചാണ് അദ്ദേഹം സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. ഇക്കാരണത്താല്‍, അദ്ദേഹമിപ്പോള്‍ ‘മരിയൂപോളിലെ മോശ’ എന്ന് വിളിക്കപ്പെടാനും തുടങ്ങി. ഈജിപ്ഷ്യന്‍ മരുഭൂമിയ്ക്ക് പകരം, അവന്‍ തന്റെ ജനത്തെ യുക്രെയ്‌നിലെ ഹൈവേകളിലൂടെ നയിച്ചു.
സിമോനോവ് രക്ഷിച്ചെടുത്ത ജനത്തിന് മരിയുപോളിലെ ഒരു സ്ഥലവും സുരക്ഷിതമായിരുന്നില്ല. പാര്‍പ്പിടങ്ങളോ ഭക്ഷണമോ പോലുമില്ലായിരുന്നു. നഗരത്തില്‍ താമസിച്ചിരുന്നെങ്കില്‍ ഇവരുടെയെല്ലാം അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. മാരിയുപോള്‍ ഇപ്പോള്‍ റഷ്യക്കാര്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. സ്പാനിഷ് വാര്‍ത്താ ഏജന്‍സിയായ എബിസിയുടെ ജേണലിസ്റ്റ് മോണിക്ക ജി. പ്രീറ്റോയോട് സിമോനോവ് ഈ യാത്രയെക്കുറിച്ച് വിവരിച്ചു.
‘മോസസ്’ എന്ന വിളിപ്പേര് ലഭിക്കുന്നതിന് മുമ്പ് 44 കാരനായ സിമോനോവ് കായിക ഇനങ്ങളുടെ സംഘാടകനും അവതാരകനും വിധികര്‍ത്താവുമായിരുന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍, അദ്ദേഹം തന്റെ ഭാര്യയോടും മൂന്ന് കുട്ടികളോടുമൊപ്പം തന്റെ അയല്‍പക്കത്തെ ഒരു അഭയകേന്ദ്രത്തിലേക്ക് പോയി. അതൊരു വലിയ സബ്വേ ആയിരുന്നു. ശരാശരി 280 പേര്‍ അവിടെ വരികയും പോവുകയും ചെയ്തിരുന്നു. അവിടെ നിന്ന് ഇറങ്ങി സുരക്ഷിത സ്ഥലത്തേയ്ക്ക് പോകാന്‍ അദ്ദേഹത്തിന് കാര്‍ ഇല്ലായിരുന്നു. റഷ്യന്‍ അധിനിവേശക്കാരാല്‍ നിറഞ്ഞ പ്രദേശങ്ങളിലൂടെയുള്ള രക്ഷപ്പെടല്‍ വളരെ അപകടകരവുമായിരുന്നു.
‘ആ സമയമെല്ലാം നല്ല തണുപ്പായിരുന്നു. മഴവെള്ളം ശേഖരിച്ചാണ് സൂപ്പുകളോ ചായയോ ഉണ്ടാക്കിയിരുന്നത്. മരത്തടികള്‍ കൊണ്ട് തീ ഉണ്ടാക്കി. അഭയകേന്ദ്രത്തില്‍ 280-ലധികം പേര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം സഹായിച്ചു. അതുകൊണ്ടാണ് ഞങ്ങള്‍ അതിജീവിച്ചത്. പീരങ്കികളും വ്യോമയാനങ്ങളും മോര്‍ട്ടാര്‍ ബോംബുകളും പുറത്തുകൂടി പായുന്നത് കേള്‍ക്കുന്നത് പതിവായിരുന്നു’. സിമോനോവ് പറഞ്ഞു.
രക്ഷപെടല്‍
തന്റെ കുട്ടികളെ ഇനിയും അപകടത്തിലാക്കാന്‍ കഴിയില്ലെന്ന് സിമോനോവ് മനസിലാക്കി. കാരണം അവര്‍ താമസിച്ചിരുന്ന അഭയകേന്ദ്രവും ഉടന്‍ ബോംബാക്രമണത്തിന് വിധേയമാകുമെന്ന് സൂചന ലഭിച്ചു. സിമോനോവ് തനിക്ക് കഴിയുന്നിടത്തോളം പിടിച്ചുനിന്നെങ്കിലും മാര്‍ച്ച് 16 ന് നടന്ന മരിയുപോള്‍ തിയേറ്ററിന്റെ ഷെല്ലാക്രമണം, ആ നരകത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സൈമനോവിനെ നിര്‍ബന്ധിതനാക്കി. കഴിയുന്നത്ര ആളുകളെയും അദ്ദേഹം കൂടെക്കൂട്ടി.
മാര്‍ച്ച് 22ന് കൃത്യമായ യാത്രാ മാര്‍ഗമോ സാധനസാമഗ്രികളോ ഇല്ലാതെ സൈമനോവിന്റെ നേതൃത്വത്തിലുള്ള സംഘം മരിയുപോളില്‍ നിന്നു പുറപ്പെട്ടു. 80 പേര്‍ അഭയകേന്ദ്രത്തില്‍ നിന്നുള്ളവരായിരുന്നു. അവരോടൊപ്പം 37 പേര്‍ കൂടിച്ചേര്‍ന്നു. അങ്ങനെ ഒരു നീണ്ട നിര രൂപപ്പെട്ടു. ആ സംഘത്തിലെ ഏറ്റവും ചെറിയ കുട്ടിക്ക് 5 വയസ്സായിരുന്നു. ഏറ്റവും മുതിര്‍ന്ന വ്യക്തിക്ക് 70 വയസ്സും.
‘ബാഗുകളും ബോക്‌സുകളും കുട്ടികളും വളര്‍ത്തുമൃഗങ്ങളുമൊക്കെയായി ഒരു വലിയ ഘോഷയാത്ര പോലെ ഞങ്ങളുടെ സംഘം നടന്നു നീങ്ങി. എന്നാല്‍ ആ സമയത്ത് റഷ്യന്‍ സൈനികര്‍ ഞങ്ങളെ മോചിപ്പിക്കുന്നതായി നടിച്ചു. ആരും ഞങ്ങള്‍ക്ക് നേരെ വെടിവച്ചില്ല. എവിടെയും നില്‍ക്കാതെ, തിരിഞ്ഞു നോക്കാതെ ഞങ്ങള്‍ നടന്നു. ഞങ്ങള്‍ വെളുത്ത പതാകകളോ ദൃശ്യമായ തിരിച്ചറിയല്‍ രേഖകളോ വഹിച്ചിരുന്നില്ല. കാരണം അത് ഇരുവശത്തും പ്രകോപനമായി വ്യാഖ്യാനിക്കാമെന്ന് ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങള്‍ പട്ടാളക്കാരല്ലെന്ന് അവര്‍ക്കറിയാന്‍, ഞങ്ങള്‍ ഓറഞ്ച് വസ്ത്രങ്ങള്‍ ധരിച്ചിരുന്നു’. സിമോനോവ് പറഞ്ഞു.
സിമോനോവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് 17 റഷ്യന്‍ ചെക്ക്പോസ്റ്റുകളിലൂടെ കടന്നുപോകേണ്ടിവന്നു. പക്ഷേ അവിടെ കണ്ടുമുട്ടിയ പട്ടാളക്കാര്‍ വളരെ പ്രൊഫഷണലായിരുന്നുവെന്നും തങ്ങളോട് നന്നായി പെരുമാറിയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ റഷ്യയിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിലേക്ക് കയറാന്‍ അവര്‍ അവരെ ക്ഷണിച്ചു. മിക്കവരും പോകാന്‍ ആഗ്രഹിച്ചില്ല. പക്ഷേ ചിലര്‍ പോവുകയും ചെയ്തു. റഷ്യയിലേക്ക് പോയവരോട് സിമോനോവിന് പരിഭവമില്ല. കാരണം ആ നരകത്തില്‍ നിന്ന് എങ്ങനെയും രക്ഷപെടുക എന്നത് മാത്രമായിരുന്നു എല്ലാവരുടേയും ലക്ഷ്യം. ചില ആളുകള്‍ റോസ്‌തോവിലേക്ക്, റഷ്യയിലേക്ക് പോയി, കാരണം അവര്‍ക്ക് അവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നു.
യാത്രയ്ക്കിടെ ആരും വേഗത കുറച്ചില്ല, കുട്ടികള്‍ പോലും. ആരും ക്ഷീണിച്ചതായി പരാതിപ്പെട്ടില്ല. ചിലപ്പോഴൊക്കെ ഞാന്‍ അവരോട് പറഞ്ഞു, സ്‌ഫോടന ശബ്ദം വളരെ ദൂരെയായതിനാല്‍ നമുക്ക് പതുക്കെ നടക്കാമെന്ന്, പക്ഷേ അവര്‍ വിസമ്മതിച്ചു, അവിടെ നിന്ന് രക്ഷപ്പെട്ട് സുരക്ഷിതസ്ഥാനത്തേക്ക് പോകാനുള്ള അവരുടെ ആഗ്രഹം അത്രത്തോളമുണ്ടായിരുന്നു. സിമോനോവ് ഓര്‍ക്കുന്നു.
12 മണിക്കൂര്‍ നടന്ന്, തളര്‍ന്ന്, സംഘം മരിയുപോളിന് പടിഞ്ഞാറുള്ള ഒരു പട്ടണമായ കോമിഷുവട്ടെയിലെത്തി. അവിടുത്തെ നിവാസികള്‍ തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ അവരുടെ സഹായത്തിനെത്തി. അവര്‍ സംഘത്തിന് വിശ്രമിക്കാന്‍ സ്ഥലവും ഭക്ഷണവും നല്‍കി. അങ്ങനെ അവര്‍ അവിടെ സുരക്ഷിതരായി.
ഈ ആളുകളെയെല്ലാം സഹായിക്കാനും തന്റെ കുടുംബത്തെ സുരക്ഷിതമായി എത്തിക്കാനുമുള്ള തന്റെ തീവ്രമായ ആഗ്രഹമായിരുന്നു ഈ സാഹസിക യാത്രയ്ക്കുള്ള പ്രേരകശക്തിയെന്ന് ‘മരിയുപോളിന്റെ മോശ’യായി മാറിയ സിമോനോവ് പറയുന്നു.