Monday, November 25, 2024

ലോകത്തിലെ ഏറ്റവും ചെലവേറിയ കാപ്പിവിശേഷങ്ങൾ

ഒരു കാപ്പി നൽകുന്ന ഊർജവും ആശ്വാസവും പലപ്പോഴും ഒരു ബിരിയാണി കഴിക്കുമ്പോൾ ലഭിക്കുന്നതിനെക്കാൾ വളരെ വലുതാണെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും തോന്നാത്തവർ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ കാപ്പിപ്രിയർക്ക്, സാധിക്കുമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും രുചിച്ചുനോക്കണമെന്ന് ആഗ്രഹമുള്ള ഒരു കാപ്പിയുണ്ട്. കാപ്പിയിൽ ആഡംബരത്തിന്റെ അത്യുന്നതിയിൽ നിൽക്കുന്ന ബ്ലാക്ക് ഐവറി കോഫി. കാപ്പിയുടെ ലോകത്ത് ബ്രൂകളും ബ്ലെൻഡുകളും ബീൻസുകളുമുണ്ട്. എന്നാൽ ഇതിലെയൊക്കെ സാധാരണത്വത്തെ മറികടന്ന് ലോകത്തിലെ ഒന്നാം നമ്പർ, അത് വിലയിലും ഗുണത്തിലും കാപ്പിയായി ആഘോഷിക്കപ്പെടുന്നത് ബ്ലാക്ക് ഐവറി കോഫി ആണ്.

2024-ൽ, ലോകത്തിലെ ഏറ്റവും ചെലവേറിയ കോഫി ബ്ലാക്ക് ഐവറി കോഫിയാണ്. അതിന്റെ വില ഒരു കിലോഗ്രാമിന് 2,000 ഡോളർ ആണ്. ഏകദേശം 1,67,918 ഇന്ത്യൻ രൂപ. 33 കിലോഗ്രാം കാപ്പികുരുക്കൾ കൊണ്ടാണ് ഒരു കിലോഗ്രാം വറുത്ത ബ്ലാക്ക് ഐവറി കോഫി ബീൻ ഉല്പാദിപ്പിക്കുന്നത്.

ഈ അപൂർവകാപ്പി ഉല്പാദിപ്പിക്കപ്പെടുന്നത് തായ്‌ലൻഡിലാണ്. ഇതിന്റെ സംസ്കരണം വളരെ രസകരവും കൗതുകം നിറഞ്ഞതുമാണ്. അറബിക്ക ഇനത്തിൽപ്പെട്ട കാപ്പിക്കുരുക്കൾ ആനകൾക്ക് കഴിക്കാൻ നൽകുകയും ദഹനപ്രക്രിയകൾ കഴിഞ്ഞ് ആനപ്പിണ്ഡത്തിലൂടെ പുറത്തുവരുന്ന കാപ്പിക്കുരുക്കളെ വീണ്ടും ശേഖരിക്കുകയും ചെയ്യുന്നു. ശേഖരിച്ച കാപ്പിപ്പരിപ്പിനെ നന്നായി വൃത്തിയാക്കുകയും വറുക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി സമാനതകളില്ലാത്ത മൃദുത്വവും കയ്പ്പില്ലാത്തതുമായ കാപ്പി ലഭ്യമാകും.

ബ്ലാക്ക് ഐവറി കോഫിയെ വേറിട്ടുനിർത്തുന്നത് അതിന്റെ വിചിത്രമായ ഉല്പാദനരീതി മാത്രമല്ല, ദൗർലഭ്യവുമാണ്. പരിമിതമായ അളവിൽ ലഭ്യവും അധ്വാനതീവ്രമായ പ്രക്രിയയും ഉള്ളതിനാൽ, ഈ കാപ്പി ലോകത്തെ ആഡംബരത്തിന്റെയും പ്രത്യേകതയുടെയും പ്രതീകമായി മാറിയിരിക്കുന്നു.

Latest News