എക്കാലവും ആവശ്യക്കാര്‍ ഏറെയുള്ള റൂബിക്‌സ് ക്യൂബിന് 50 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. 1974ല്‍, ഹംഗറിക്കാരനായ എര്‍നോ റൂബിക് എന്ന ജ്യോമെട്രി പ്രഫസറാണ് റൂബിക്‌സ് ക്യൂബിന്റെ ഉപജ്ഞാതാവ്. ഏറെ യാദൃച്ഛികമായാണ് ഇത്തരമൊരു ആശയത്തിലേക്ക് അദ്ദേഹം എത്തിയത്. എട്ട് ചെറിയ ക്യൂബുകള്‍ ഉപയോഗിച്ച് വലിയൊരു ക്യൂബ് തയാറാക്കാമെന്നും അതിന്റെ നിറങ്ങള്‍ ഏകീകരിക്കുന്ന വിദ്യ അതീവ കൗതുകകരമായിരിക്കുമെന്നും അദ്ദേഹം കരുതി. അങ്ങനെയാണ് ആദ്യമായി മരത്തില്‍ തീര്‍ത്ത ഒരു ക്യൂബ് അദ്ദേഹം തയാറാക്കിയത്.
തൊട്ടടുത്ത വര്‍ഷം അദ്ദേഹം ‘മാജിക് ക്യൂബ്’ എന്ന പേരില്‍ പാറ്റന്റിന് അപേക്ഷിക്കുകയും കളിപ്പാട്ടം വിപണിയില്‍ ഇറക്കുകയും ചെയ്തു. 1979ല്‍, മൂന്നുലക്ഷം ക്യൂബുകളാണ് ഹംഗറിയില്‍ മാത്രമായി വിറ്റഴിഞ്ഞത്. പിന്നീട് ഒരു അമേരിക്കന്‍ കമ്പനി ഏറ്റെടുത്തതോടെ, റൂബിക്‌സ് ക്യൂബിന്റെ ഖ്യാതി ലോകമെങ്ങും പരന്നു.
റൂബിക്‌സ് ക്യൂബിന് ആറു മുഖങ്ങളുണ്ട്. ഓരോ മുഖവും ഒമ്പത് സമചതുരങ്ങളായി ഭാഗിച്ചിരിക്കുന്നു. വെള്ള, ചുവപ്പ്, നീല, ഓറഞ്ച്, പച്ച, മഞ്ഞ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് സമചതുരങ്ങള്‍.
‘കുഴ’ പോലുള്ള ഒരു സംവിധാനം ഉപയോഗിച്ച് ആറു വശങ്ങളും ഏതുരീതിയില്‍ വേണമെങ്കിലും തിരിക്കാം. ഇങ്ങനെ തിരിക്കുമ്പോള്‍ എല്ലാ നിറങ്ങളും കൂടിക്കലരും. എന്നാല്‍, ഒരു വശത്ത് ഒരേ നിറങ്ങളുള്ള മുഖമായി ക്യൂബിനെ മാറ്റിയെടുക്കുക എന്നതാണ് കളിക്കാരന്റെ ലക്ഷ്യം. പസില്‍ പരിഹരിക്കാന്‍ പല സമവാക്യങ്ങളുമുണ്ട്. എന്നാല്‍, വേഗത്തില്‍ പരിഹരിക്കുക എന്നതാണ് കളിയിലെ മിടുക്ക്. നാല് സെക്കന്‍ഡിനുള്ളില്‍ പരിഹരിച്ചവര്‍ വരെയുണ്ട്. ഇതിനായി ലോകത്ത് വിവിധ മത്സരങ്ങളും നടക്കുന്നുണ്ട്.